ഫാറൂഖ് കോളേജിലെ സമരക്കാരുടെ ഇരട്ടത്താപ്പിനെതിരെ കെഎം ഷാജി

ഫാറൂഖ് കോളേജിലെ സമരക്കാരുടെ ഇരട്ടത്താപ്പിനെതിരെ കെഎം ഷാജി

കണ്ണൂര്‍: ഫാറൂഖ് കോളേജിലെ പെണ്‍കുട്ടികളുടെ സംരക്ഷണത്തിന്റെ മൊത്ത കുത്തക ഏറ്റെടുത്ത പൊന്നാങ്ങളമാര്‍ കണ്ണൂരിലെ നിഫ്റ്റില്‍ പഠിക്കുന്ന പെങ്ങന്‍മാരുടെ കാര്യം കൂടെ ഏറ്റെടുക്കണമെന്ന് കെഎം ഷാജി എംഎല്‍എ. പൂത്ത് നനഞ്ഞിരിക്കുന്ന ചെങ്കൊടി വടിയില്‍ കെട്ടി കലാലയത്തിന്റെ ഗേറ്റിലേക്ക് പാഞ്ഞെടുക്കുന്നവര്‍ക്ക് യാത്രയില്‍ ചേരാമെന്നും എംഎല്‍എ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഫാറൂഖ് കോളേജിലെ പെണ്‍കുട്ടികളുടെ സംരക്ഷണത്തിന്റെ മൊത്ത കുത്തക ഏറ്റെടുത്തിരിക്കുന്ന പൊന്നാങ്ങളമാര്‍ കണ്ണൂരിലെ നിഫ്റ്റില്‍ പഠിക്കുന്ന പെങ്ങന്മാരുടെ കാര്യം കൂടി ഒന്ന് ഏറ്റെടുക്കണം.അതിനായൊരു യാത്രക്ക് ഒരുങ്ങണം. ഫാറൂഖ് കോളേജ് മുസ് ലിം പെണ്‍കുട്ടി എന്നൊക്കെ കേള്‍ക്കുമ്പോഴേക്ക് എഫ് ബി യിലേക്ക് ഓടുന്നവര്‍ക്കും , പൂത്ത് നനഞ്ഞിരിക്കുന്ന ചെങ്കൊടി വടിയില്‍ കെട്ടി ആ കലാലയത്തിന്റെ ഗേറ്റിലേക്ക് പാഞ്ഞടുക്കുന്നവര്‍ക്കുമൊക്കെ ഈ യാത്രയില്‍ ചേരാം.

ഇനി ധര്‍മ്മശാലയിലേക്ക് പോകാം. കണ്ണൂര്‍ ജില്ലയിലെ സി പി എം പാര്‍ട്ടി ഗ്രാമത്തിനകത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ് ) എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുന്നിലേക്ക്. രാത്രിയും പകലും പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികള്‍ വഴിനടക്കാന്‍ പേടിക്കുന്ന പാര്‍ട്ടി ഗ്രാമത്തിനകത്തേക്ക്.

അവിടെ ഒരു സമരം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മെറിറ്റ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളാണു സമരക്കാര്‍. വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടി. ലൈംഗിക ചേഷ്ടകള്‍ ഉണ്ടാവാതിരിക്കാന്‍ റോഡിലൂടെ പോകുമ്പോള്‍ കൈപിടിച്ച് കാറില്‍ കയറ്റി കൊണ്ട് പോകാതിരിക്കാന്‍ എത്രയാണു റേറ്റ് എന്ന് തുറന്ന് ചോദിക്കുന്ന ‘പൊന്നാങ്ങള ‘ മാരില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ സമരത്തിലാണു.

കോളേജ് യൂണിയനില്ല, ജനാധിപത്യമില്ല. ഇഷ്ടവസ്ത്രം ധരിക്കാന്‍ അവകാശമില്ല. ഉത്തരേന്ത്യയിലല്ല നിഫ്റ്റ്, ഉത്തര കേരളത്തിലാണു. മുഖ്യമന്ത്രിയുടെ ജില്ലയില്‍, എം എല്‍ എ യും എം പി യും എല്ലാം സി പി എം ആയ നാട്ടില്‍. അവരോടെല്ലാം പരാതി പറഞ്ഞു മടുത്ത കുട്ടികള്‍ സമരത്തിലാണു.

നമുക്ക് പുറപ്പെട്ടാലോ ? ഫാറൂഖ് കോളേജില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്രയേ വരുന്നുള്ളൂ.

Sharing is caring!