നിലമ്പൂര്‍ എം.എല്‍.എ ഓഫീസിലെ പണപ്പിരിവ് അന്വേഷിക്കാന്‍ സി.പി.എം

നിലമ്പൂര്‍ എം.എല്‍.എ  ഓഫീസിലെ പണപ്പിരിവ്  അന്വേഷിക്കാന്‍ സി.പി.എം

നിലമ്പൂര്‍: സി.പി.എം വിട്ട് വിമതനായി വിജയിച്ച കൗണ്‍സിലര്‍ പി.ഗോപാലകൃഷ്ണനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കേണ്ടതില്ലെന്ന് സി.പി.എം നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി. ഗോപാലകൃഷ്ണനൊപ്പം പാര്‍ട്ടിയില്‍ മടങ്ങിയെത്താന്‍ അപേക്ഷ നല്‍കിയ ഒമ്പതു പേരെ തിരിച്ചെടുക്കാമെന്നും തീരുമാനമെടുത്തു. എം.എല്‍.എയുടെ ഓഫീസുമായി ബന്ധപ്പെട്ട് പണപ്പിരിവുനടത്തിയ രണ്ടു പേര്‍ക്കെതിരെ അന്വേഷണം നടത്തും. പാര്‍ട്ടി പ്രവര്‍ത്തകനും പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനും ഹോട്ടല്‍ ഉടമ അടക്കമുള്ളവരില്‍ നിന്നും പണം പിരിച്ചെന്നാണ് പാര്‍ട്ടിക്ക് പരാതി ലഭിച്ചത്. ഇവരെ ചില നേതാക്കള്‍ സംരക്ഷിക്കുന്നതായും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഇതു സംബന്ധിച്ച് തെളിവു ശേഖരിച്ച് അടുത്ത യോഗത്തില്‍ നടപടിയുണ്ടാകും.

2014ലെ സി.പി.എം ലോക്കല്‍, ഏരിയാ സമ്മേളനങ്ങളിലാണ് നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി പാര്‍്്ട്ടി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു പി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒരു വിഭാഗം ജനകീയ കൂട്ടായ്മ രൂപീകരിച്ച് സി.പി.എമ്മിനെതിരെ മത്സരരംഗത്തിറങ്ങിയത്. ജനകീയകൂട്ടായ്മയില്‍ നിന്ന് ഗോപാലകൃഷ്ണനും പി.എം ബഷീറും കൗണ്‍സിലര്‍മാരായി വിജയിച്ചു. കനത്ത തോല്‍വി നേരിട്ട സി.പി.എം അഞ്ച് അംഗങ്ങളില്‍ ഒതുങ്ങി. ജനകീയകൂട്ടായ്മയിലെ പി.എം ബഷീര്‍ അടക്കമുള്ളവര്‍ സി.പി.ഐയില്‍ ചേര്‍ന്നപ്പോഴും ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുകയായിരുന്നു. പിന്നീട് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 10 പേര്‍ തെറ്റ് ബോധ്യപ്പെട്ടെന്നും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഏരിയാ സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു. ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തശേഷമാണ് ലോക്കല്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പിയുടെ പിന്തുണയോടെയാണ് ഗോപാലകൃഷ്ണന്‍ കൗണ്‍സിലറായി വിജയിച്ചതെന്നും പാര്‍ട്ടിയില്‍ കുഴപ്പങ്ങളുണ്ടാക്കിയതിന്റെ കാരണക്കാരനാണെന്നും വിലയിരുത്തി തിരിച്ചെടുക്കേണ്ടെന്ന നിലപാടാണ് ഭൂരിഭാഗവും സ്വീകരിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് തെറ്റുതിരുത്തിവരുന്നവരെ സഹകരിപ്പിക്കണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം നേതാക്കള്‍ ഉയര്‍ത്തിയതോടെ മറ്റ് ഒമ്പതു പേരെയും തിരിച്ചെടുക്കാമെന്നും ഗോപാലകൃഷ്ണനെ വേണ്ടെന്നും അംഗങ്ങള്‍ കടുത്ത നിലപാടെടുത്തു.

കെ. നാസര്‍, എന്‍. സുബ്രഹ്മണ്യന്‍, പി.മോഹനന്‍, പി.പ്രദീപ്, ടി.ഹോചിമിന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കാനും തീരുമാനിച്ചു. നഗരസഭയില്‍ സി.പി.എം അംഗങ്ങള്‍ പ്രതിപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കുന്നില്ലെന്നും സി.പി.ഐയും സ്വതന്ത്ര കൗണ്‍സിലറുമാണ് പ്രതിപക്ഷത്തിന്റെ റോളിലെന്ന് രൂക്ഷ വിമര്‍ശനവുമുണ്ടായി. യു.ഡി.എഫ് ഭരണ സമിതിക്കെതിരെ ഏപ്രില്‍ 10ന് സമരം നടത്താനും തീരുമാനിച്ചു. യോഗത്തില്‍ എം.സി അബു ആധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് കെ. ആന്റണി, ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന്‍, അംഗങ്ങളായ മാട്ടുമ്മല്‍ സലീം, എന്‍.വേലുക്കുട്ടി, വി.ടി രഘുനാഥ് പ്രസംഗിച്ചു.

Sharing is caring!