സൗകര്യങ്ങളൊന്നുമില്ലാതെ ‘അത്യാധുനിക’ ആംബുലൻസ്; പദ്ധതി ഉദ്ഘാടനം ചെയ്യാതെ പി വി അബ്ദുൽ വഹാബ് എം പി

സൗകര്യങ്ങളൊന്നുമില്ലാതെ ‘അത്യാധുനിക’ ആംബുലൻസ്; പദ്ധതി ഉദ്ഘാടനം ചെയ്യാതെ പി വി അബ്ദുൽ വഹാബ് എം പി

നിലമ്പൂർ: പദ്ധതി പാതി പോലും പൂർത്തിയാകും മുമ്പ് ഉദ്ഘാടനം കണ്ട് ശീലിച്ച മലയാളികൾക്ക് മുന്നിൽ പതിവ് തെറ്റിച്ച് പി വി അബ്ദുൽ വഹാബ് എം പി. നിലമ്പൂർ ജില്ലാ ആശുപത്രിക്ക് എം പി ഫണ്ടിൽ നിന്നും അനുവദിച്ച അത്യാധുനിക ഐ സി യു ആംബുലൻസ് ഉദ്ഘാടന വേദിയിലായിരുന്നു ഏവരേയും ഞെട്ടിച്ച് എം പിയുടെ പ്രഖ്യാപനം. സൗകര്യങ്ങൾ ഒന്നും ഏർപ്പെടുത്താതെ ആംബുലൻസ് ബോഡി മാത്രമായി ഉദ്ഘാടനത്തിന് എത്തിച്ചതാണ് എം പി തീരുമാനം മാറ്റാൻ കാരണം. ആധുനിക സൗകര്യങ്ങൾ പോയിട്ട് നാമ മാത്രമായ സൗകര്യങ്ങളോടെയും, ജീവനക്കാരില്ലാതെയുമാണ് ആംബുലൻസ് ഉദ്ഘാടനത്തിന് എത്തിച്ചത്.

അത്യാധുനിക ആംബുലൻസ് സേവനം ഉദ്​ഘാടനം ചെയ്തതറിഞ്ഞ് ഏതെങ്കിലും രോ​ഗി സേവനം ആവശ്യപ്പെട്ടെത്തുമ്പോൾ അവരോട് ചെയ്യുന്ന ക്രൂരതയാകും യാതൊരു സൗകര്യവുമില്ലാതെ ആംബുലൻസ് ഉദ്ഘാടനം ചെയ്താൽ സംഭവിക്കുക എന്ന് എം പി ഉദ്ഘാടന വേദിയിൽ അറിയിച്ചു. തന്റെ പേരിലുള്ള എം പി ഫണ്ട് ഉപയോ​ഗിച്ച് വാങ്ങിയ ആംബുലൻസ് പേരിന് മാത്രം ഉദ്ഘാടനം ചെയ്യാൻ താൻ തയ്യാറല്ല. സൗകര്യങ്ങൾ എല്ലാം ഏർപ്പെടുത്തി, ജീവനക്കാരെയും നിയമിച്ച ശേഷം മാത്രമെ ആംബുലൻസ് ഉദ്ഘാടനം ചെയ്യുകയുള്ളുവെന്ന് എം പി അറിയിച്ചു.

എന്നാൽ ഇതോടൊപ്പം എം പി ഫണ്ടിൽ നിന്നും അനുവദിച്ച ചെറിയ ആംബുലൻസ് സർവീസ് അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എം പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലയിലെ ആദ്യത്തെ അത്യാധുനിക ആംബുലൻസ് നിലമ്പൂർ ജില്ലാ ആശുപത്രിക്ക് നൽകിയത്. ഏകദേശം രണ്ട് കൊല്ലത്തോളം മുമ്പ് തുക അനുവദിച്ചിട്ടും ഉദ്യോ​ഗസ്ഥ നൂലാമാലകളിലും, സർക്കാർ തടസങ്ങളിലും കുരുങ്ങി ഏതാനും ആഴ്ച മുമ്പാണ് ആംബുലൻസ് ലഭിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവീസ് ഉദ്ഘാടനത്തിന് തയ്യാറാണെന്ന് ആരോ​ഗ്യ വകുപ്പ് എം പിയെ അറിയിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ഏറെ കാത്തിരുന്ന ഈ പദ്ധതി ഉദ്ഘാടനം ചെയ്യാനായി അദ്ദേഹം നൽകുകയും ചെയ്തു. പക്ഷേ ഉദ്ഘാടനത്തിന് തയ്യാറെടുത്തപ്പോഴായിരുന്നു സൗകര്യങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന യാഥാർഥ്യം മനസിലായത്.

സാധാരണ ആംബുലൻസുകളിൽ നിന്നും വ്യത്യസ്തമായി ഐ സി യു ആംബുലൻസിലേക്ക് വേണ്ട സൗകര്യങ്ങൾ വാഹനം വാങ്ങിയ ശേഷം ഏർപ്പെടുത്തുകയാണ് ചെയ്യാണ്. ഇത് സംബന്ധിച്ച ബന്ധപ്പെട്ട ആളുകളുടെ അറിവില്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഒപ്പം ഉദ്യോ​ഗസ്ഥ തലത്തിലെ അലസതയും തിരിച്ചടിയായി.

ആംബുലൻസിലെ സൗകര്യങ്ങളെല്ലാം വിവിധ വകുപ്പുകളുടെ കീഴിലാണ് ചെയ്യേണ്ടിയിരുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ഡി എം ഒ ഡോ സക്കീന അറിയിച്ചു. ജില്ലാ ആരോ​ഗ്യ വകുപ്പിന് ഇത്തരം ആംബുലൻസ് വാങ്ങുന്നതിന് അനുവാദമുണ്ടായിരുന്നില്ല. കൂടാതെ ആംബുലൻസിലേക്ക് വേണ്ട ഉപകരണങ്ങലെല്ലാം ഇ-ടെൻഡർ വഴിയാണ് സംഘടിപ്പിക്കേണ്ടിയിരുന്നത്. അത്തരത്തിലുള്ള തടസങ്ങളും ആംബുലൻസ് വൈകുന്നതിന് കാരണമായതായി ഡി എം ഒ അറിയിച്ചു.

Sharing is caring!