മലപ്പുറത്തിന്റെ ഫുട്ബാള്‍ കമ്പം ഐ എസ് എല്ലിലെ പല ടീമുകളും തിരിച്ചറിഞ്ഞു: ആഷിഖ് കുരുണിയന്‍

മലപ്പുറം: അടുത്ത രണ്ട് വര്‍ഷംകൂടി ഐ എസ് എല്ലില്‍ പൂനെ എഫ്സിക്ക് വേണ്ടി കളിക്കുമെന്ന് മലയാളി താരം ആഷിഖ് കുരുണിയന്‍പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദി ഗസ്റ്റ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മലപ്പുറം പട്ടര്‍കടവ് സ്വദേശിയായ ആഷിഖ്. നാലു വര്‍ഷത്തേക്കാണ് പൂനെ ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളത്. അത് രണ്ടുവര്‍ഷം പിന്നിട്ടു. രണ്ടു സീസണ്‍കൂടി ടീമിനായി കളിക്കും. കേരളത്തിലെ ടീമിനു വേണ്ടി തന്നെ കളിക്കണമെന്ന് ആഗ്രഹമില്ല.

ഏത് ടീമിലായാലും ഫുട്ബാള്‍ രംഗത്തുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ആഷിഖ് പറഞ്ഞു. ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് ഐ എസ് എല്‍ മികച്ച അവസരവും പ്രചോദനവുമാണ്. വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കുന്നത് ശൈലി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. ഇന്ത്യന്‍ ഫുട്ബാളിന് ഐ എസ് എല്‍ ഏറെ സഹായകമാവുമെന്നാണ് വിദേശ കളിക്കാര്‍ പറയുന്നത്. അഞ്ചു വര്‍ഷത്തിനകം ഇന്ത്യയ്ക്ക് മികച്ച ദേശീയ ടീമുണ്ടാക്കാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ഇടയാക്കും. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ഫുട്ബാള്‍ പരിശീലനം നല്കുന്നതാണ് വിദേശ രാജ്യങ്ങളിലെ കളിമികവിന് പ്രധാന കാരണം. കേരളത്തിലും അഞ്ചു വയസുമുതലുള്ള കുട്ടികളെ പരിശീലിപ്പിക്കാന്‍ പ്രത്യേക അക്കാദമികള്‍ വരേണ്ടതുണ്ട്.

മലപ്പുറം എം എസ് പിയുമായി സഹകരിച്ച് പുതിയ ഫുട്ബാള്‍ അക്കാദമി തുടങ്ങുന്നതിനെക്കുറിച്ച് പൂനെ എഫ് സി ടീം മാനേജ്മെന്റ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എം എസ് പിയില്‍ കളിച്ചു പഠിച്ച താനടക്കമുള്ള മൂന്നു പേര്‍ ഇപ്പോള്‍ ദേശീയതലത്തില്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നുണ്ട്. മലപ്പുറത്തിന്റെ ഫുട്ബാള്‍ കമ്പം ഐ എസ് എല്ലിലെ പല ടീമുകളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആഷിഖ് പറഞ്ഞു. പാണക്കാട് യു പി സ്‌കൂളിലെ കായികാധ്യാപകന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് തനിക്ക് ഫുട്ബാളില്‍ ബാലപാഠമായത്. പിന്നീട് എം എസ് പി സ്പോര്‍ട്സ് ഹോസ്റ്റലിലെ പരിശീലനവും ഗുണകരമായി. വിഷന്‍ ഇന്ത്യ ഫുട്ബാള്‍ പദ്ധതിയിലെ പരിശീലനം ദേശീയതലത്തില്‍ കളിക്കുന്നതിനുള്ള ചവിട്ടുപടിയായെന്നും ആഷിഖ് പറഞ്ഞു.

ഇന്ത്യയുടെ ദേശീയ സീനിയര്‍ ടീമിനായി കളിക്കണമെന്നാണ് ആഗ്രഹമെന്നും ചോദ്യത്തിന് മറുപടിയായി ആഷിഖ് കൂട്ടിച്ചേര്‍ത്തു.
മീറ്റ് ദ ഗസ്റ്റ് പരിപാടിയില്‍ പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷനായി. കെ പി എം റിയാസ് അഥിതിയെ പരിചയപ്പെടുത്തി. ജോമിച്ചന്‍ ജോസ് ആഷിഖിന് ഉപഹാരം നല്കി. സി വി മുഹമ്മദ് നൗഫല്‍ നന്ദി പറഞ്ഞു. മലപ്പുറം ഫുട്ബാള്‍ ലൗവേഴ്സ് ഫോറം പ്രസിഡന്റ് ഷൗക്കത്ത് ഉപ്പൂടന്‍ പങ്കെടുത്തു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *