പദ്ധതികളൊന്നും ഏറ്റെടുത്ത് ചെയ്യാന്‍ ഇനിയില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍

പദ്ധതികളൊന്നും ഏറ്റെടുത്ത് ചെയ്യാന്‍  ഇനിയില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍

പൊന്നാനി: പദ്ധതികളൊന്നും ഏറ്റെടുത്ത് ചെയ്യാന്‍ ഇനിയില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പൊന്നാനിയുടെ കാര്യത്തില്‍ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കി കൂടെയുണ്ടാകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.കോഴിക്കോട് ഡി എം ആര്‍ സി ഓഫീസ് ഉണ്ടായിരുന്നത് പോലെ പൊന്നാനിയുടെ കാര്യത്തില്‍ ഇനി ഇടപെടാനാകില്ല. അവിടെ നിന്നുള്ള എഞ്ചിനിയര്‍മാരെ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ കാര്യങ്ങള്‍ ചെയ്തത്. ഒറ്റക്ക് അക്കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് ശ്രീധരന്‍ വ്യക്തമാക്കി.

സമഗ്ര അഴുക്കുചാല്‍ പദ്ധതി, സമഗ്ര കുടിവെള്ള പദ്ധതി എന്നിവ വൈകുന്നത് ഖേദകരമാണ്.ഡി പി ആര്‍ തയാറാക്കി സര്‍ക്കാറിനു മുന്നില്‍ സമര്‍പ്പിച്ചവയാണിത്. പൊന്നാനി നഗരസഭ കാര്യങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലാണ് വൈകല്‍ അനുഭവപ്പെടുന്നത്. അനിവാര്യമായ പദ്ധതികളായിരുന്നിട്ടും അശ്രദ്ധമായി നീട്ടികൊണ്ടു പോകുന്നത് ഖേദകരമാണ്. വാട്ടര്‍ അതോറിറ്റി ബോര്‍ഡിന്റെ അനാസ്ഥയാണ് കുടിവെള്ള പദ്ധതി വൈകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

പൊന്നാനി താലൂക്ക് ആശുപത്രിയുടെ വികസനം അവസാന ഘട്ടത്തിലാണ്. ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി രേഖ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. തൃക്കാവ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വികസന കാര്യത്തിലും നടപടികള്‍ പൂര്‍ത്തിയാക്കായിട്ടുണ്ട്.നഗരസഭയില്‍ ഇടപെട്ട പദ്ധതികളുടെ കാര്യത്തില്‍ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

പദ്ധതികളുടെ കാര്യത്തില്‍ ഉപദേശങ്ങള്‍ നല്‍കാനെ ഇനിയുണ്ടാകൂ. മുന്നിട്ടിറങ്ങി ഇനിയൊന്നും ചെയ്യില്ല. ഓഫീസ് സംവിധാനം ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം. പൊന്നാനിയുടെ കാര്യത്തില്‍ മാറി നില്‍ക്കാനാകില്ല. താന്‍ ഈ നാട്ടുകാരനാണ്.താന്‍ അപമാനിക്കപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനി: മോണോ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമീപിച്ചാലും ഇനിയുണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. കൊച്ചിന്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. അടുത്ത ഘട്ടത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കില്ല. മോണോ റയിലിന് കേന്ദ്ര സഹായം ലഭിക്കണമെങ്കില്‍ പദ്ധതി സമര്‍പ്പിക്കേണ്ടതുണ്ട്.നവംബറില്‍ തയ്യാറാക്കി നല്‍കിയ പദ്ധതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. കടുത്ത അനാസ്ഥയാണ് ഇതിനു പിന്നിലെന്ന് ശ്രീധരന്‍ പറഞ്ഞു.

Sharing is caring!