മുസ്‌ലിം ലീഗിന് മറുപടിയുമായി കെടി ജലീല്‍

മുസ്‌ലിം ലീഗിന് മറുപടിയുമായി കെടി ജലീല്‍

വളാഞ്ചേരി: പ്രവൃത്തി ഉദ്ഘാടനം നടത്തി മൂന്ന് വര്‍ഷം സമയം കിട്ടിയിട്ടും മുന്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് കഞ്ഞിപ്പുര ബൈപാസ് നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെന്ന് മന്ത്രി കെടി ജലീല്‍. സിപിഎമ്മിന്റെ രാഷട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനകം തന്നെ ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

വട്ടപ്പാറയില്‍ ദുരന്തങ്ങള്‍ വര്‍ഷങ്ങളായുള്ള തുടര്‍കഥയാണ്. അപകടം കുറയ്ക്കാന്‍ കഞ്ഞിപ്പുര ബൈപാസ് മാത്രമാണ് രക്ഷ. കഞ്ഞിപ്പുര ഉള്‍പ്പെടുന്ന പഴ കുറ്റിപ്പുറം മണ്ഡലവും ഇപ്പോഴത്തെ കോട്ടക്കല്‍ മണ്ഡലവും നില നിര്‍ത്തി പോരുന്ന രാഷ്ട്രീയ കക്ഷിക്ക് ഇത്രയും കാലം ബൈപാസിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.

ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 40 കോടി രൂപ വേണം. മുന്‍ സര്‍ക്കാര്‍ 10 കോടി മാത്രമാണ് അനുവദിച്ചിരുന്നത്. അനുവദിച്ച തുകയ്ക്കുള്ള സ്ഥലം ഏറ്റെടുക്കുകയാണ് അന്ന് ചെയ്തത്. അന്നത്തെ എംഎല്‍എമാര്‍ ബൈപാസിന് വേണ്ടി ഇടപെടല്‍ നടത്തിയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ടയ്‌നര്‍ ലോറി മറിഞ്ഞ് ഓട്ടോ യാത്രക്കാര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശ വാസികള്‍ സമരവുമായി രംഗത്ത് വന്നിരുന്നു. ഉപവാസ സമരം നടത്തിയ യഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും മന്ത്രിക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. തുടര്‍ന്നാണ് സിപിഎം വിശദീകരണ സമ്മേളനവുമായി രംഗത്ത് വന്നത്. യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വിപി സക്കറിയ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഏരിയ സെക്രട്ടറി ശങ്കരന്‍, മമ്മു മാസ്റ്റര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Sharing is caring!