വിവാഹദിനം സ്വന്തംനാടിന് വേറിട്ടൊറു സമ്മാനം നല്‍കി സല്‍മാന്‍

വിവാഹദിനം  സ്വന്തംനാടിന്  വേറിട്ടൊറു  സമ്മാനം നല്‍കി  സല്‍മാന്‍

പൊന്നാനി:വിവാഹ സമ്മാനമായി പുതിയൊരു ആപ്ലിക്കേഷനുമായി പൊന്നാനി സ്വദേശിയായ സല്‍മാന്‍ എന്ന യുവാവ്.സേഫ് പൊന്നാനിയെന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് സല്‍മാന്‍,
വിവാഹം വ്യത്യസ്ഥമായി ആഘോഷിക്കാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ഇതിനായി പുതിയ പലമാര്‍ഗ്ഗങ്ങളും യുവാക്കള്‍ തേടാറുമുണ്ട്.പലപ്പോഴും വിവാഹാഘോഷങ്ങള്‍ ആഭാസങ്ങളിലേക്കും വഴിമാറുണ്ട്. എന്നാല്‍ സമൂഹത്തിനൊന്നാകെ ഗുണപരമായി മാറുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചാണ് പൊന്നാനി സ്വദേശിയായ സയ്യിദ് സല്‍മാന്‍ വിവാഹാഘോഷം വേറിട്ടതാക്കി മാറ്റിയത്. ജനങ്ങളുടെ ഏതു തരത്തിലുള്ള പരാതിയും, ഏത് സമയത്തും, ഫോട്ടോ വീഡിയോ, ഓഡിയോ സഹിതം പൊലീസിലറിയിക്കാം എന്നതാണ് സേഫ് പൊന്നാനി എന്ന ആപ്ലിക്കേഷന്റെ പ്രത്യേകത. കൂടാതെ സ്ത്രീകള്‍ അക്രമിക്കപ്പെടുമെന്ന സാഹചര്യത്തില്‍ ആപ്പിലെ പാനിക് ബട്ടന്റെ സഹായത്തോടെ പൊലീസിനെ തല്‍സമയം വിവരമറിയിക്കാന്‍ കഴിയും. മാത്രമല്ല പൊലീസിന് ഇവരെ പിന്തുടരാനുള്ള ലൊക്കേഷന്‍ ട്രൈസിംഗ് സംവിധാനവും ഇതിലുണ്ട്. വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരോ, പൊലീസ് തേടുന്നവരോ ആയ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ല്ഭ്യമാകുന്ന വാണ്ടഡ് ലിസ്റ്റ്, കാണാതായവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള മിസ്സിംഗ് ലിസ്റ്റ്, അടിയന്തര അറിയിപ്പുകള്‍ കൈമാറാനുള്ള ജനങ്ങളറിയാന്‍ എന്ന സംവിധാനം, പൊതുജനങ്ങളറിയേണ്ട നിയമങ്ങള്‍, മോട്ടോര്‍ വാഹന പിഴകളെക്കുറിച്ചുള്ള വിവരങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സംവിധാനം, സേഫ്റ്റി ടിപ്‌സ് തുടങ്ങിയ നിരവധി വിവരങ്ങള്‍ ശ്രക്കൊള്ളിച്ചതാണ് സല്‍മാന്‍ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷന്‍.പൊലീസില്‍ പരാതി പറയാന്‍ സ്റ്റേഷനില്‍ കയറിയിറങ്ങേണ്ട എന്നതാണ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത. പൊന്നാനി ജനമൈത്രി പൊലീസുമായി സഹകരിച്ചാണ് സല്‍മാന്‍ ഒന്നര ലക്ഷം രൂപ ചെലവില്‍ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.നേരത്തെ സംസ്ഥാന സര്‍ക്കാറിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി തയ്യാറാക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും, സര്‍ക്കാര്‍ പിന്‍മാറിയതോടെയാണ് സേഫ് പൊന്നാനിയെന്ന പേരില്‍ ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്തത്.നേരത്തെ പൊന്നാനി താലൂക്കിലെ മുഴുവന്‍ പണിക്കാരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി പണി എന്ന പേരില്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. 300 ലധികം തൊഴില്‍ മേഖലകളാണ് ആപ്പില്‍ ഉള്ളത്.ഈ ആപ്ലിക്കേഷനും,സേഫ് പൊന്നാനിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹ സുദിനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ സേഫ് പൊന്നാനി ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Sharing is caring!