ശുഐബിന്റെ ഏറ്റവും വലിയ പരാജയം സുധാകരന്റെ ശിഷ്യനായതാണെന്ന് എപി വിഭാഗം പ്രസിദ്ധീകരണം

ശുഐബിന്റെ ഏറ്റവും വലിയ പരാജയം സുധാകരന്റെ ശിഷ്യനായതാണെന്ന് എപി വിഭാഗം പ്രസിദ്ധീകരണം

കോഴിക്കോട്: കണ്ണൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഐബിന്റെ ഏറ്റവും വലിയ പരാജയം സുധാകരന്റെ ശിഷ്യനായിപ്പോയി എന്നതാണെന്ന് എപി വിഭാഗത്തിന്റെ പ്രസിദ്ധീകരണം. പുതിയ ലക്കം രിസാലയില്‍ ശാഹിദ് എഴുതിയ ‘ സി പി എം ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ‘ ലേഖനത്തിലാണ് പരാമര്‍ശമുള്ളത്. എപി വിഭാഗത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എസ്എഫിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ശുഐബ്.

‘ രാഷ്ട്രീയം മതിയാക്കി മാളത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന കെ. സുധാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവ് സ്വന്തം അനുയായിയുടെ മരണം ആഘോഷിക്കുന്ന രീതി കണ്ടില്ലേ. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് വരെ അന്തരീക്ഷം ചൂടുപിടിപ്പിച്ചുനിറുത്തിയാല്‍ 2014ലെ പരാജയത്തിനു പകരം വീട്ടാനാകുമെന്ന കണക്കുകൂട്ടലിലാവാം എത്രയോ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയായ അദ്ദേഹം. യഥാര്‍ത്ഥ പ്രതികളെ പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടുവന്നാലും സുധാകരന്‍ തെരുവില്‍നിന്ന് കയറിപ്പോകുമെന്ന് കരുതേണ്ട. യഥാര്‍ത്ഥത്തില്‍, ശുഐബുമാരുടെ അകാല വിയോഗം യുവാക്കള്‍ക്ക് ഒരു പാഠം നല്‍കുന്നുണ്ട്. രാഷ്ട്രീയ ഗുരുവിനെ തിരഞ്ഞെടുക്കുമ്പോള്‍ നൂറുവട്ടം ആലോചിക്കണമെന്നതാണത്. ശുഐബിന്റെ ഏറ്റവും വലിയ ജീവിതപരാജയം സുധാകരന്റെ ശിഷ്യനായിപ്പോയി എന്നതാണ്. പല കേസുകളിലും ഈ ചെറുപ്പക്കാരനെ പ്രതിയാക്കിയതും അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടതും സുധാകരനെ പോലെ രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ നിറഞ്ഞ ഒരു നേതാവിന്റെ സാമീപ്യമാണ്. ‘ ലേഖനത്തില്‍ പറയുന്നു.

Sharing is caring!