ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് ആഘോഷിക്കാനുള്ളതല്ല; പി.എം സാദിഖലി

ത്രിപുരയില്‍ ലെനിന്‍  പ്രതിമ തകര്‍ത്തത്  ആഘോഷിക്കാനുള്ളതല്ല; പി.എം സാദിഖലി

മലപ്പുറം: ത്രിപുരയില്‍ ഇടതുപക്ഷം അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ ലെനിന്‍ പ്രതിമ തകര്‍ത്ത് ആഘോഷിക്കുന്നതിനെ, സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസം തകര്‍ന്നതിനു ശേഷമുള്ള ആഘോഷം പോലെ കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സാദിഖലി ഇക്കാര്യം അഭിപ്രായപ്പെട്ടത്. മുസ്ലിംകളും ക്രിസ്ത്യാനികളും ദളിത് പിന്നോക്കക്കാരും പോലെ കമ്മ്യൂണിസ്റ്റുകളും ആര്‍.എസ്.എസിന്റെ മുഖ്യശത്രുക്കളാണെന്നും അത് ലക്ഷ്യം കാണുന്നതിന്റെ ആവേശം മാത്രമാണ് ത്രിപുരയിലേതെന്നും അദ്ദേഹം എഴുതുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

നീണ്ട എഴുപത് വര്‍ഷത്തെ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തിലാണ് സോവിയറ്റ് യൂണിയനില്‍ ജനങ്ങള്‍ ലെനിന്റെ പ്രതിമ അടിച്ചു തകര്‍ത്തത്. ത്രിപുരയിലെ 25 വര്‍ഷത്തെ സി.പി.എം തുടര്‍ ഭരണത്തിനെതിരായ ജനവിധിക്കു ശേഷം സമാന രീതിയില്‍ ജനങ്ങളുടെ ആഹ്ലാദാരവം നടക്കുന്നുവെന്ന് വരുത്താനാണ് ആര്‍.എസ്.എസ് ആസൂത്രണത്തില്‍ അവിടെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍. ഇത് തീര്‍ത്തും അപഹാസ്യമാണ്. നമ്മുടെ നാട് തുടക്കം മുതലേ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഓര്‍ക്കണം.

25 വര്‍ഷം ത്രിപുരയിലും കമ്യൂണിസ്റ്റ് അടിച്ചമര്‍ത്തല്‍ ഭരണമായിരുന്നുവെന്നത് ഒരു സത്യമാണ്.
മേധാവിത്തമുള്ളിടത്തൊക്കെ അധീശത്വം സ്ഥാപിക്കുന്ന കമ്യൂണിസ്റ്റുകാരുടെ സ്ഥിരം ശൈലിയാണത്.
പക്ഷെ ത്രിപുരയില്‍ ഓരോ തവണയും തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് സി.പി.എമ്മിനെ അധികാരത്തിലേറ്റിയതെന്ന വസ്തുത കാണാതിരുന്നു കൂടാ! നമ്മുടെ ജനായത്ത സംവിധാനത്തെ ഇക്കാര്യത്തില്‍ മുഖവിലക്കെടുത്തേ മതിയാകൂ ….

രായ്ക്കുരാമാനം കോണ്‍ഗ്രസ് മുക്ത ഭാരതം ഉരുവിട്ട് കൊണ്ടിരിക്കുകയാണ് ബി.ജെ.പി.
ഇന്ത്യയുടെ ജനാധിപത്യ മതേതര ആശയങ്ങളുടെ വേരറുക്കണമെങ്കില്‍ അവക്ക് ബീജം നല്‍കി വളര്‍ത്തി വലുതാക്കിയ കോണ്‍ഗ്രസിനെ നിഷ്‌കാസനം ചെയ്യണമെന്ന് സംഘപരിവാരത്തിന് നല്ലപോലെ അറിയാം.
എന്നാല്‍ ആര്‍.എസ്.എസ് വിചാരധാരയിലെ മുഖ്യ ശത്രുക്കള്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദലിത് പിന്നോക്കക്കാര്‍ക്കും പുറമെ കമ്യൂണിസ്റ്റുകാരുമാണെന്നത് നാം പലവുരു പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.
അത് ലക്ഷ്യം കാണുന്നതിന്റെ ആവേശമാണ് അവര്‍ ത്രിപുരയില്‍ ലെനിന്‍ പ്രതിമയും തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമയും തകര്‍ത്ത് കൊണ്ട് ആഘോഷിക്കുന്നത്.

ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതി സംരക്ഷിക്കപ്പെടണം എന്ന ഉറച്ച നിലപാടാണ് ഇന്ന് എല്ലാവരില്‍ നിന്നും രാജ്യം ആവശ്യപ്പെടുന്നത്. കൈ മെയ് മറന്നെല്ലങ്കിലും എല്ലാ ജനാധിപത്യ കക്ഷികളും അതിനു വേണ്ടി ഒന്നിക്കണമന്ന വെളിപാടാണ് പ്രധാനം. തലക്ക് വെളിവില്ലെന്ന് സ്വയം നടിച്ചു കൊണ്ടിരിക്കുന്ന, ‘ത്രീ പുര’ (ബംഗാള്‍, ത്രിപുര, കേരളം)ക്ക് ശേഷം അവശേഷിക്കുന്ന കേരളത്തിലെ ‘വണ്‍ പുര’ സഖാക്കള്‍ക്ക് ഇത് ബോധ്യമാകാന്‍ യാതൊരു സാധ്യതയും ഇനിയും ഇല്ല.

Sharing is caring!