മലപ്പുറത്തിന്റെ രുചിയും നുകര്‍ന്ന് സി പി ഐ കേന്ദ്ര നേതൃത്വം

മലപ്പുറം: നഗരത്തിന്റെ ആതിഥേയത്വത്തിലും, രുചിയിലും മയങ്ങി സി പി ഐ സംസ്ഥാന സമ്മേളനത്തിനെത്തിയ കേന്ദ്ര കമ്മിറ്റി നേതാക്കള്‍. ഇടതു പക്ഷ നേതാക്കളുടെ ആര്‍ഭാടം ചര്‍ച്ചയാകുന്ന ഇക്കാലത്ത് എ സി പോലും ഒഴിവാക്കി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കേന്ദ്ര നേതാക്കള്‍ ഏവരേയും അമ്പരപ്പിച്ചു. സി പി ഐ ദേശീയ സെക്രട്ടറി ജനറല്‍ എസ് സുധാകര്‍ റെഡിയും, രാജ്യസഭ നേതാവ് ഡി രാജയും, അദ്ദേഹത്തിന്റെ ഭാര്യയും സി പി ഐ നേതാവുമായ ആനി രാജയുമാണ് മലപ്പുറത്തിന്റെ രുചിയറിയാന്‍ നഗര മധ്യത്തിലെ ഡെലീഷ്യ ഹോട്ടലിലെത്തിയത്.

എ സി ഹാളിലേക്ക് ഭക്ഷണത്തിനായി ഹോട്ടല്‍ ജീവനക്കാര്‍ ക്ഷണിച്ചെങ്കിലും അത് വേണ്ടെന്ന് അവര്‍ പറയുകയായിരുന്നു. സാധാരണക്കാരെ പോലെ നോണ്‍-എസി ഹാളിലിരുന്നായിരുന്നു ഭക്ഷണം രൂചിച്ചത്. ഭക്ഷണത്തിലും മിതത്വം പാലിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു നേതാക്കള്‍. മാങ്ങയിട്ട മീന്‍കറിയും, അപ്പവുമായിരുന്നു പ്രധാന വിഭവം. ഒപ്പം കുറച്ച് ഫലവര്‍ഗങ്ങളും.

മാങ്ങയിട്ട മീന്‍കറിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞാണ് മൂന്ന് പേരും ഹോട്ടലില്‍ നിന്നിറങ്ങിയത്. ഒപ്പം മലപ്പുറത്തിന്റെ ആതിഥേയത്വത്തെക്കുറിച്ചും മികച്ച അഭിപ്രായം.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *