മലപ്പുറത്തിന്റെ കുടിവെള്ളം മുട്ടിക്കാന്‍ ഗെയ്ല്‍; സമ്മതിക്കില്ലെന്ന് നഗരസഭ

മലപ്പുറത്തിന്റെ കുടിവെള്ളം മുട്ടിക്കാന്‍ ഗെയ്ല്‍; സമ്മതിക്കില്ലെന്ന് നഗരസഭ

മലപ്പുറം: ഗെയ്ല്‍ വാതകക്കുഴല്‍ പദ്ധതിക്കായി കടലുണ്ടിപ്പുഴയിലെ ചാമക്കയം തടയണ പൊളിക്കാന്‍ നീക്കം. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് തടയണ പൊളിക്കാന്‍ ജില്ലാ കലക്ടറോട് ഗെയ്ല്‍ അധികൃതര്‍ അനുമതി തേടിയിട്ടുണ്ട്. മലപ്പുറം നഗരസഭയിലെയും കോഡൂര്‍ പഞ്ചായത്തിലെയും കുടിവെള്ള പദ്ധതികള്‍ ആശ്രയിക്കുന്നത് കടലുണ്ടിപ്പുഴയെയാണ്. നിലവില്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായ മലപ്പുറം നഗരത്തെയും കോഡൂരിനെയും തടയണ പൊളിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പദ്ധതിക്കെതിരെ നഗരസഭ കൗണ്‍സില്‍ രംഗത്ത് വന്നു. ജനങ്ങളെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ചെയര്‍പേഴസ്ന്‍ സിഎച്ച് ജമീല കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

ഗെയല്‍ പദ്ധതി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ നടപ്പാക്കണമെന്നും തടയണ പൊളിക്കാന്‍ സമ്മതിക്കില്ലെന്നും നഗരസഭ കൗണ്‍സില്‍ അറിയിച്ചു. പൈപ് ലൈന്‍ കൊണ്ട്‌പോകുന്നതിന് ബദല്‍ മാര്‍ഗം തേടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗെയ്ല്‍ അധികൃതര്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇത് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജനവികാരത്തിന് പുല്ലുവില കല്‍പ്പിക്കുന്ന ഗെയ്‌ലിന്റെ നടപടി അംഗീകരിക്കില്ലെന്ന് ഭരണപക്ഷ അംഗങ്ങള്‍ പറഞ്ഞു. മാനദണ്ഡം പാലിച്ചാണ് നിര്‍മാണമെന്നും സ്വത്തുക്കള്‍ നഷ്ടപെടുന്നവര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നുണ്ടെന്നും പ്രതിപക്ഷ അംഗങ്ങളും പറഞ്ഞു.

Sharing is caring!