തൃപുരയിലെ ആഘാതം സി പി എമ്മിനെ കേരളത്തിലും വേട്ടയാടും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കുതന്ത്രങ്ങള്‍ക്കും, കുപ്രചാരണങ്ങള്‍ക്കുമിടയിലും മേഘാലയയില്‍ വിജയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അഭിനന്ദനമര്‍ഹിക്കുന്നെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഈ വിജയം മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ഏതൊരു പാര്‍ട്ടിക്കും പൗരനും ഏറെ ആഹ്ലാദവും പ്രതീക്ഷയും പകരുന്നതാണ്. ഈയടുത്ത് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ തിളക്കമാര്‍ന്ന വിജയത്തിന്റെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

മോഡി സര്‍ക്കാറിന്റെ പൊള്ളയായ വാഗ്ദാനങ്ങളും ഗീര്‍വാണങ്ങളും ജനങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെന്നതിന്റെ തെളിവും വരും കാല തിരഞ്ഞെടുപ്പുകളിലേക്കുള്ള ശക്തമായ ഒരു സൂചനയും കൂടിയാണ് ഈ വിജയം. അതേ സമയം, ത്രിപുരയില്‍ 25 വര്‍ഷത്തെ ഇടത് ഭരണം തകര്‍ന്നടിഞ്ഞത് ബംഗാളിനു ശേഷം ഇടതു പക്ഷം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ്. ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ പദവി പോലും നഷ്ടപ്പെടുന്ന തരത്തിലേക്ക് ഇടതു പാര്‍ട്ടികള്‍ അധ:പതിച്ചിരിക്കുകയാണ്.

സി പി എമ്മിന്റെ ദേശീയ രാഷ്ട്രീയ നിലപാടിനെ കീറി മുറിക്കാന്‍ സമയമായി എന്നതാണ് തൃപുര നിയമസഭ തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചന. ആദ്യം 30 വര്‍ഷം ഭരിച്ച ബംഗാള്‍ ഇപ്പൊള്‍ 25 വര്‍ഷം ഭരിച്ച തൃപുര. വിശാല പ്രതിപക്ഷ ഐക്യം എന്ന കോണ്‍ഗ്രസ് നിലപാടിനോട് മുഖം തിരിച്ച് നില്‍ക്കുന്ന പ്രമുഖ പ്രതിപക്ഷ കക്ഷിയാണ് സി പി എം. ഇനിയും ഇത് തുടര്‍ന്നാല്‍ സ്വയം ശവക്കുഴി തോണ്ടലാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തൃപുരയില്‍ കോണ്‍ഗ്രസിനെ തളര്‍ത്താന്‍ ശ്രമിച്ച് ബി ജെ പിക്ക് വളരാനുള്ള അവസരമൊരുക്കുകയായിരുന്നു സി പി എം. ദേശീയ തലത്തിലും അത്തരത്തിലുള്ളൊരു നിലപാടാണ് സി പി എം സ്വീകരിക്കുന്നത്. ഫാസിസത്തെ ഒറ്റയ്ക്ക് നേരിടാന്‍ കരുത്തുള്ള പ്രസ്ഥാനമല്ല സി പി എമ്മെന്ന് അവര്‍ മനസിലാക്കണം. മുസ്ലിം ലീഗ് അടക്കമുള്ള പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന വിശാല പ്രതിപക്ഷ ഐക്യത്തിലേക്ക് സി പി എം കടന്നു വരണമെന്ന ജനവികാരം ഇനിയെങ്കിലും അവര്‍ ഉള്‍ക്കൊള്ളണം.

ത്രിപുരയിലെ പരാജയത്തിന്റെ ആഘാതം ഇടതുപക്ഷത്തിന് ഇപ്പോള്‍ അവര്‍ ഭരണത്തിലിരിക്കുന്ന ഒരേ ഒരു സംസ്ഥാനമായ കേരളത്തിലും അനുഭവിക്കേണ്ടി വരും. ജനവിരുദ്ധ ഭരണവും കൊലപാതക രാഷ്ട്രീയവും കാരണം പൊറുതിമുട്ടിയ ജനം ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചടി തന്നെ നല്‍കുന്നതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharing is caring!