സിപിഐക്കെതിരെ വേറിട്ട പ്രതിഷേധവുമായി എംഎസ്എഫ്

സിപിഐക്കെതിരെ വേറിട്ട പ്രതിഷേധവുമായി എംഎസ്എഫ്

മലപ്പുറം: മണ്ണാര്‍ക്കാട് കൊലപാതകത്തിന്റെ പശ്ചാതലത്തില്‍ വേറിട്ട പ്രതിഷേധവുമായി എംഎസ്എഫ്. സിപിഐ സമ്മേളനത്തിനെത്തുന്നവരെ ലക്ഷ്യമിട്ടാണ് എംഎസ്എഫ് ന്റെ പ്രതിഷേധം. ‘രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ സഹജീവികളെ കൊന്ന് തള്ളുന്നവര്‍ക്ക് മലപ്പുറത്തിന്റെ സ്‌നേഹപൊയ്കയിലേക്ക് സ്വാഗതം’ എന്നാണ് നഗരത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സിലുള്ളത്. മരണപ്പെട്ട സഫീറിന്റെ ഫോട്ടോയും ഫ്‌ളക്‌സില്‍ ചേര്‍ത്തിട്ടുണ്ട്.

എംഎസ്എഫ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ പേരില്‍ ഇന്ന് രാത്രിയാണ് മലപ്പുറം നഗരത്തില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ഏറെ യാത്രക്കാരെത്തുന്ന കുന്നുമ്മല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള ട്രാഫിക് ഐലന്റിലാണ് ഫ്‌ളക്‌സ് തൂക്കിയിരിക്കുന്നത്. സിപിഐയുടെ സമ്മേളന പ്രചരണ ബോര്‍ഡുകളും കൊടികളും ഇവിടെയുണ്ട്.

ഇതാദ്യമായാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം വേദിയാകുന്നത്. മാര്‍ച്ച് നാലിന് സമാപിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായെത്തും. സമ്മേളനത്തിന് പുറത്ത് നിന്നെത്തുന്നവരെ ലക്ഷ്യമിട്ടാണ് എംഎസ്എഫ് ഫ്‌ളകസ് സ്ഥാപിച്ചിട്ടുള്ളത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. മണ്ണാര്‍ക്കാട് കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പങ്കെടുക്കാതിരുന്നതെന്ന് പറയുന്നു. അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടിലാണ് സിപിഐ. ഇക്കാര്യം പാലക്കാട് ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് മലപ്പുറത്ത് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

Sharing is caring!