ദൈവത്തിനല്ല ദൈവത്തിന്റെ പേറ്റന്റെടുത്തവര്‍ക്കാണ് തന്നോട് ദേഷ്യം – കുരീപ്പുഴ ശ്രീകുമാര്‍

ദൈവത്തിനല്ല ദൈവത്തിന്റെ പേറ്റന്റെടുത്തവര്‍ക്കാണ് തന്നോട് ദേഷ്യം – കുരീപ്പുഴ ശ്രീകുമാര്‍

മലപ്പുറം: ദൈവത്തിനല്ല, ദൈവത്തിന്റെ പേറ്റെന്റെടുത്തവര്‍ക്കാണ് തന്നോട് ദേഷ്യമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ വ്യാപകമായ പ്രചരണമാണ് ചിലര്‍ നടത്തുന്നത്. തെറി മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിപ്പിക്കുന്നത്. 68 വയസ്സ് കഴിഞ്ഞ ഷുഗറും പ്രഷറുമുള്ള തന്നെ എന്തിനാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഭയപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈശ്വര പ്രാര്‍ഥനക്ക് എഴുന്നേല്‍ക്കണമെന്ന് ഭരണ ഘടനയില്‍ പറയുന്നില്ല. കോടതിയിലും പാര്‍ലമെന്റിലുമൊന്നും ഈശ്വര പ്രാര്‍ഥനയില്ല. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്ത വ്യക്തിയാണ് താന്‍. ഈശ്വര പ്രാര്‍ഥന നടത്തണമെന്ന് കേരള സര്‍വീസ് റൂളിലും പറയുന്നില്ല. ഭരണഘടനാപരമായ ആവകാശത്തിന് വേണ്ടി താന്‍ ഇനിയും പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം സാംസ്‌കാരികമായി ഏറെ പാരമ്പര്യമുള്ള മണ്ണാണെന്ന് അധ്യക്ഷത വഹിച്ച ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. തുഞ്ചത്തെഴുത്തച്ചന്‍, മേല്‍പ്പത്തൂര്‍, പൂന്താനം, മോയിന്‍ കുട്ടി വൈദ്യര്‍ തുടങ്ങിയവര്‍ മുതല്‍ സി രാധാകൃഷ്ണന്‍ വരെയുള്ളവര്‍ നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!