എല്ലാ പാര്ട്ടികളും തങ്ങളുടെ എതിരാളികളെ വകവരുത്തിയിട്ടുണ്ട്: കെടി ജലീല്
മലപ്പുറം: രാഷ്ട്രീയ കൊലപാതകങ്ങളുടെ കുളിമുറിയില് നാണം മറക്കാന് എല്ലാ പാര്ട്ടികളും പാടുപെടുകയാണെന്ന് മന്ത്രി കെടി ജലീല്. ‘മനുഷ്യ ജീവന് പൊലിയാത്ത നാളേക്ക് വേണ്ടി നമുക്കൊരുമിക്കാം’ എന്ന തലകെട്ടില് ഫേസ്ബുക്കില് എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്ട്ടികളും ഒരു സമയത്തല്ലെങ്കില് മറ്റൊരു സമയത്ത് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഷുഹൈബ്, ഷുക്കൂര്, അസ്ലം, ഫസല് തുടങ്ങിയവരുടെ വധവുമായി ബന്ധപ്പെട്ട് സിപിഎം മുസ്ലിം സമുദായത്തില്പെട്ടവരെ മാത്രമാണ് വധിക്കുന്നതെന്ന തരത്തില് സാമൂഹിക മാധ്യമങ്ങളില് നടക്കുന്ന പ്രചരണത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ‘ മധു എന്ന പാവം ആദിവാസി യുവാവിനെ അടിച്ചും ഇടിച്ചും ജീവനെടുത്ത പ്രതികളില് മുസ്ലിം പേരുള്ളവരെ ഉയര്ത്തിക്കാട്ടി സംഘ് മനസ്സുള്ളവര് നടത്തുന്ന പ്രചരണം ഇതേ നാണയത്തിന്റെ മറുവശമാണ് . മണ്ണാര്ക്കാട്ട് വധിക്കപ്പെട്ട യൂത്ത്ലീഗ് പ്രവര്ത്തകന്റെ കൊലക്ക് സമൂഹമാധ്യമങ്ങളില് ഇടം കിട്ടാതെ പോയത് കൊലയാളികളെന്ന് സംശയിക്കപ്പെട്ട് പിടിയിലായവരൊക്കെ മുസ്ലിം സമുദായത്തില് പെട്ടവരും പഴയ ലീഗ് പ്രവര്ത്തകരുമാണ് എന്നത്കൊണ്ടുമാണെന്ന് ആരെങ്കിലും പറഞ്ഞാല് അവരെ പൂര്ണ്ണമായും കുറ്റപ്പെടുത്താനാകുമോ ? ശുഹൈബും സഫീറും മരണത്തില് വ്യത്യസ്തരാകുന്നത് ഇരുവരുടെയും ഘാതകരുടെ പേരുകളിലെ വ്യതിരക്തത കൊണ്ടും
അവര്ക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പാര്ട്ടികളുടെ വ്യത്യാസം കൊണ്ടുമല്ലാതെ മറ്റെന്തുകൊണ്ടാണ് ? ‘ അദ്ദേഹം ചോദിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
മനുഷ്യ ജീവന് പൊലിയാത്ത നാളേക്ക് വേണ്ടി നമുക്കൊരുമിക്കാം…
——————————————————————————————————————
കൊലപാതകങ്ങളെല്ലാം അപലപിക്കപ്പെടേണ്ടതാണ് . ഒരു ന്യായീകരണവും ഒരു മനുഷ്യന്റെ ജീവനെടുക്കുന്നതിനില്ല . അത് രാഷ്ട്രീയത്തിന്റെ പേരിലായാലും വിശ്വാസത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും ശരി . കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്ട്ടികളും ഒരു സമയത്തല്ലെങ്കില് മറ്റൊരു സമയത്ത് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വകവരുത്തിയിട്ടുണ്ട് . അതില്നിന്ന് ആരും മുക്തരല്ല . ഏതൊരു രാഷ്ട്രീയ കൊലപാതകവും കേരളത്തില് നടന്നിട്ടുള്ളത് മറേറതെങ്കിലുമൊരു മരണവുമായോ അക്രമസംഭവവുമായോ ബന്ധപ്പെട്ടാണ് . രാഷ്ട്രീയ കൊലകളില് പ്രതികളായിട്ടുള്ളവരെ ബന്ധപ്പെട്ട പാര്ട്ടികള് നിയമസഹായമുള്പ്പടെ ചെയ്ത്കൊടുത്ത് സഹായിക്കുന്നതും ഇവിടെ പതിവാണ് . അക്കാര്യത്തിലും രാഷ്ട്രീയഭേദമില്ല . രാഷ്ട്രീയ കൊലപാതകങ്ങളുടെ കുളിമുറിയില് നാണം മറക്കാന് എല്ലാ പാര്ട്ടികളും പാടുപെടുകയാണെന്ന് ചുരുക്കം .
ഷുഹൈബ് , ഷുക്കൂര് , അസ്ലം , ഫസല് എന്നിവരുടെ വധവുമായി ബന്ധപ്പെട്ട് സോഷ്യല് മീഡിയകളില് വരുന്ന പ്രതികരണങ്ങളാണ് ഈ കുറിപ്പിനുള്ള പ്രേരകം . വധിക്കപ്പെട്ടവന്റെ മതവും ഘാതകരെന്ന് ആരോപിക്കപ്പെടുന്ന കമ്യൂണിസ്റ്റ് പാര്ട്ടിയുമായി അടുപ്പമുള്ളവരുടെ പേരും ചേര്ത്ത് CPM മുസ്ലിങ്ങളെ കൊല്ലുന്നു എന്ന് പ്രചരിപ്പിക്കാനാണ് സംഘടിതവും ആസൂത്രിതവുമായി ചിലര് ശ്രമിക്കുന്നത് . അതിന്റെ പിന്നില് മുസ്ലിങ്ങളെ രാഷ്ട്രീയമായി ഒരുകൊടിക്കീഴില് കൊണ്ടുവരികയെന്ന ഗൂഢനീക്കവുമുണ്ടെന്നത് സുവ്യക്തമാണ് . മുസ്ലിം സമുദായത്തില്പെടുന്ന CPM പ്രവര്ത്തകരായ പലരും കണ്ണൂരില് അറുകൊല ചെയ്യപ്പെട്ടിട്ടുണ്ട് . ബ്രണ്ണന് കോളേജില് SFI ക്കാരനായിരുന്ന അഷറഫ് KSU ക്കാരാല് കൊല്ലപ്പെട്ടതും പിണറായിയിലെ മല്സ്യതൊഴിലാളിയായിരുന്ന സി. അഷറഫ് RSS കാരാല് കൊലക്കത്തിക്കിരയായതും തലശ്ശേരിയിലെ ചുമട്ടുതൊഴിലാളിയായ മഹമൂദിനെ RSS കാപാലികര് കൊന്നതും ന്യൂമാഹിയിലെ ഇ.കെ. സലീം NDF നരാധമന്മാരാല് വധിക്കപ്പെട്ടതും പാനൂരില് വെച്ച് RSS കാര് കൊലചെയ്ത താണയില് അഷറഫും പുന്നാട് വെച്ച് RSS വധിച്ച കെ.കെ. യാക്കൂബും ഈ ഗണത്തില് പെടുന്നവരാണ് . അന്നൊന്നുമില്ലാത്ത ‘സമുദായസ്നേഹം’ ശുഹൈബിന്റെയും ഷുക്കൂറിന്റെയും ഫസലിന്റെയും അസ്ലമിന്റെയും കാര്യത്തില് മാത്രം ഉണ്ടാകുന്നതിന്റെ ‘ഗുട്ടന്സ്’ ലളിതമാണ് ; കമ്മ്യൂണിസ്റ്റ് കാരല്ലാത്ത മുസ്ലിങ്ങള് മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടവര് , അല്ലാത്തവരൊക്കെ ജീവഹാനിക്കര്ഹരായവരും സമുദായവൃത്തത്തിന് പുറത്ത് നിര്ത്തപ്പെടേണ്ടവരുമാണ്
മധു എന്ന പാവം ആദിവാസി യുവാവിനെ അടിച്ചും ഇടിച്ചും ജീവനെടുത്ത പ്രതികളില് മുസ്ലിം പേരുള്ളവരെ ഉയര്ത്തിക്കാട്ടി സംഘ് മനസ്സുള്ളവര് നടത്തുന്ന പ്രചരണം ഇതേ നാണയത്തിന്റെ മറുവശമാണ് . മണ്ണാര്ക്കാട്ട് വധിക്കപ്പെട്ട യൂത്ത്ലീഗ് പ്രവര്ത്തകന്റെ കൊലക്ക് സമൂഹമാധ്യമങ്ങളില് ഇടം കിട്ടാതെ പോയത് കൊലയാളികളെന്ന് സംശയിക്കപ്പെട്ട് പിടിയിലായവരൊക്കെ മുസ്ലിം സമുദായത്തില് പെട്ടവരും പഴയ ലീഗ് പ്രവര്ത്തകരുമാണ് എന്നത്കൊണ്ടുമാണെന്ന് ആരെങ്കിലും പറഞ്ഞാല് അവരെ പൂര്ണ്ണമായും കുറ്റപ്പെടുത്താനാകുമോ ?
ശുഹൈബും സഫീറും മരണത്തില് വ്യത്യസ്തരാകുന്നത് ഇരുവരുടെയും ഘാതകരുടെ പേരുകളിലെ വ്യതിരക്തത കൊണ്ടും
അവര്ക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പാര്ട്ടികളുടെ വ്യത്യാസം കൊണ്ടുമല്ലാതെ മറ്റെന്തുകൊണ്ടാണ് ?
CPM കൊലയാളി പാര്ട്ടിയാണെന്ന് സ്ഥാപിക്കാന് ശ്രമിക്കുന്നവരോട് ഒരു കാര്യമേ എനിക്ക് ചോദിക്കാനുള്ളു . അങ്ങിനെയെങ്കില് ഒരൊറ്റ CPM പ്രവര്ത്തകനും ഇക്കാലമത്രയും കൊല്ലപ്പെടരുതല്ലൊ . എന്നാല് വസ്തുത എന്താണ് ?
കേരളത്തില് ഏതു രാഷ്ട്രീയപാര്ട്ടിക്കാണ് ഏറ്റവുമധികം പ്രവര്ത്തകരുടെ ജീവന് നഷ്ടപ്പെട്ടിട്ടുള്ളത് ? CPM നാണെന്ന കാര്യത്തില് ആര്ക്കും തര്ക്കമുണ്ടാവില്ല . 508 സഖാക്കളുടെ ജീവനാണ് സ്വാതന്ത്ര്യാനന്തര കേരളത്തില് വിവിധ രാഷ്ട്രീയ സംഭവങ്ങളില് പൊലിഞ്ഞത് . ആകാശത്ത് നിന്ന് യമകിങ്കരന്മാര് പോത്തിന് പുറത്തേറിവന്ന് കൊന്ന് തള്ളിയതല്ല ഇവരെ . സമാധാനത്തിന്റെ വെള്ളരിപ്രാവുകളെന്ന് അഭിനവ പാണന്മാര് പാടി നടക്കുന്ന ത്രിവര്ണ്ണക്കാര് വെട്ടിയിട്ടത് 127 പേരെയാണ് . പീതക്കൊടിക്കാര് വെട്ടിയരിഞ്ഞത് 202 ആളുകളെ . പച്ചപ്പതാകക്കാരാവട്ടെ 28 പേരെ കൊന്ന് സമുദായ പ്രാതിനിധ്യം കൊലക്കളത്തിലും ഉറപ്പാക്കി . തീവ്രവാദികള്ക്ക് വയസ്സ് കുറവാണെങ്കിലും എട്ടു കമ്മ്യൂണിസ്റ്റുകാരെ അവരും വകവരുത്തി . ജനകീയസമരങ്ങളില് പങ്കെടുത്തുവെന്ന ‘മഹാപരാധത്തിന്’ പോലീസുകാര് വെടിവെച്ചും ചവിട്ടിയും വകവരുത്തിയത് 125 പേരെയാണ് . നാട്ടില് എല്ലാ രാഷ്ട്രീയ സംഘട്ടനങ്ങളിലും ഒരു ഭാഗത്ത് CPM ആണന്ന തല്പര കക്ഷികളുടെ കുപ്രചരണങ്ങള്ക്കുള്ള മറുപടി , എല്ലാ വേട്ടമൃഗങ്ങളാലും വളഞ്ഞിട്ട് അക്രമിക്കപ്പെട്ടതും കൊല ചെയ്യപ്പെട്ടതും CPM സഖാക്കളാണെന്ന യാഥാര്ത്ഥ്യമാണ് .
തിരിച്ച് കൊടുക്കാന് കഴിയുന്നതേ നാം എടുക്കാവൂ . മനുഷ്യരുടെ കണ്ണുനീര് വീഴാത്ത മണ്ണിനോളം വിശുദ്ധി സ്വര്ഗ്ഗത്തിനുപോലും ഉണ്ടാവില്ല . സംഭവിച്ചത് സംഭവിച്ചു . രാഷ്ട്രീയ ഭ്രാന്തും മതാന്ധതയും വ്യക്തി താല്പര്യങ്ങളും ചേരുവചേര്ത്ത പകയുടെ ബലിക്കല്ലില് ഒരാളുടേയും ജീവന് ഹോമിക്കപ്പെടുകയില്ലെന്ന് പ്രതിജ്ഞയെടുക്കാന് വൈകിയാല് നഷ്ടം നമുക്കോരോരുത്തര്ക്കുമാകും..
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]