വെട്ടി നുറുക്കിയുള്ള ഈ ചോരക്കളി അവസാനിപ്പിച്ചേ മതിയാവൂ: കുഞ്ഞാലിക്കുട്ടി

വെട്ടി നുറുക്കിയുള്ള  ഈ ചോരക്കളി  അവസാനിപ്പിച്ചേ  മതിയാവൂ: കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്ന സാഹചര്യത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘിപ്പിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം മനസാക്ഷിയെ മുറിപ്പെടുത്തുന്നതാണ്. മാര്‍ച്ച് മൂന്നിന് നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന യു.ഡി.എഫ് രാപകല്‍ സമരത്തിലെ മുഖ്യ വിഷയം കൊലപാതക രാഷ്ട്രീയമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോയിടത്തും ഓരോ വിധത്തിലാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. ആദിവാസി യുവാവ് മധുവിന്റെ മരണം വളരെ അപലപനീയവും സംസ്ഥാനത്തിന്റെ മുഖച്ഛായക്ക് മങ്ങലേല്‍പ്പിച്ച സംഭവവുമാണ്. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഇത്രയം ചീത്തപ്പേരുണ്ടാക്കിയ സംഭവം അരങ്ങേറിയിട്ടില്ല. ലോകസഭയില്‍ ചര്‍ച്ച വരുന്ന സമയത്തെല്ലാം വടക്കേ ഇന്ത്യയിലെ സംഭവ വികാസങ്ങളേയാണ് നമ്മള്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഇനി അത് നടക്കില്ല. മധുവിന്റെ മരണം ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാണ്. ഇനി അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കണ്ണൂരിലെ കൊലപാതകങ്ങള്‍ കേരളത്തിന്റെ ഉണങ്ങാത്ത മുറിവായി നിലനില്‍ക്കുകയാണ്. വെട്ടി നുറുക്കിയുള്ള ഈ ചോരക്കളി അവസാനിപ്പിച്ചേ മതിയാവൂ. എന്നാല്‍ സര്‍ക്കാര്‍ ഇതിന് മുന്നിട്ടിറങ്ങാതെ കൊലപാതക രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപടാണ് സ്വീകരിക്കുന്നത്. എല്ലാ കഴിഞ്ഞെന്ന് നമ്മള്‍ വിചാരിച്ചിരുന്നുപ്പോള്‍ മണ്ണാര്‍ക്കാട് വീണ്ടും ഒരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറി. സി.പി.ഐ പ്രവര്‍ത്തകരാണ് പ്രതികളെന്ന് വ്യക്തമായിട്ടുണ്ട്. പൊലീസിന്റെ അനാസ്ഥയാണ് ഇത്തരത്തിലൊരു കൊലപാതത്തിന് കാരണം.

മണ്ണാര്‍ക്കാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തെ സി.പി.ഐ മാലയിട്ട് സ്വീകരിച്ചത് ഇവിടെ അടുത്താണ്. ഇവരാണ് ഈ പാതകം ചെയ്തത്. രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ സഫീറിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞെതും ഇവര്‍ തന്നെയാണ്. ഇതിലൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നിയമ നടപടിയുമുണ്ടായില്ല. സര്‍ക്കാറിന്റെ ഒത്താശയില്‍ ഇത്തരത്തില്‍ പലഭാഗത്തും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്.

ഇതു സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രതികരണം അതിശയോക്തിപരമാണ്. കൊടിയും ബോര്‍ഡും നശിപ്പിച്ചതിന്റെ കണക്കാണ് കോടിയേരി പറയുന്നത്. പച്ച മാംസം വെട്ടിനുറുക്കിയത് സി.പി.എമ്മിന് വിഷയമേ അല്ല. മണ്ണാര്‍ക്കാട്ട് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ യു.ഡി.എഫ് നേതാക്കള്‍ എടുത്ത പങ്ക് വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ ജന മനസാക്ഷിയെ ഉണര്‍ത്തുന്ന നടപടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകും. മുസ്ലിം ലീഗ് പാര്‍ട്ടിയും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മറ്റു ജനകീയ വിഷയങ്ങളും ചര്‍ച്ചയാവും.

Sharing is caring!