കോടികളുടെ മയക്കുമരുന്ന് കേസിലെ സംഘത്തലവന്‍ മലപ്പുറത്ത് പിടിയില്‍

കോടികളുടെ മയക്കുമരുന്ന് കേസിലെ സംഘത്തലവന്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും അരീക്കോട്ടും കഴിഞ്ഞദിവസം പോലീസ് പിടികൂടിയ വന്‍ മയക്കുമരുന്നു സംഘത്തിലെ തലവന്‍ പിടിയിലായി. തമിഴ്‌നാട്ടുകാരനും ബംഗളുരൂവില്‍ താമസക്കാരനുമായ ബാലാജി (43) എന്ന പേരിലറിയപ്പെടുന്ന മാഫിയാ സംഘത്തവനെയാണ് പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബാലാജിയെ തന്ത്രപരമായ നീക്കങ്ങളിലൂടെ അറസ്റ്റു ചെയ്തത്. കേരള, തമിനാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരോധിത മയക്കുമരുന്നുകളുടെ വിതരണത്തിന്റെ സംഘത്തലവനാണ് പിടിയിലായ ബാലാജിയെന്നു പോലീസ് പറഞ്ഞു. നേരത്തെ പിടിയിലായ സംഘങ്ങളില്‍ നിന്നാണ് ബാലാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചത്. തുടര്‍ന്നു ബാലാജിയെ രഹസ്യമായി നിരീക്ഷിച്ചു ബാലാജിയുടെ കേന്ദ്രങ്ങളില്‍ കടന്നെത്തി പോലീസ്
വലയിലാക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞദിവസം അരീക്കോട്ടും മഞ്ചേരിയിലുമായി മലപ്പുറം പോലീസ് നടത്തിയ വന്‍മയക്കുമരുന്നുവേട്ടയില്‍ ആറുകോടി വിലമതിക്കുന്ന മയക്കുമരുന്നുമായി പത്തുപേരെയാണ് പോലീസ് പിടികൂടിയിരുന്നത്. ഇവരില്‍ നിന്നാണ് പോലീസിനു ബാലാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അരീക്കോട്ടു ആറു കോടി രൂപ വിലവരുന്ന 750 ഗ്രാം നിരോധിത കെറ്റാമിന്‍ മയക്കുമരുന്നുമായി അഞ്ചു പേരെയും മഞ്ചേരിയില്‍ ഒരു കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമായി വിമുക്തഭടനും സര്‍ക്കാര്‍ ജീവനക്കാരനുമടക്കം അഞ്ചു പേരെയുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നത്. ഇതിനു തൊട്ടുമുമ്പ് അരീക്കോട്ടു അഞ്ചു കോടിയുടെ മെഥലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍ (എംഡിഎംഎ) എന്ന മയക്കുരുന്നുമായി അഞ്ചംഗ സംഘത്തെ പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ മയക്കുമരുന്നു വിതരണവും സംഘങ്ങളെയും നിയന്ത്രിച്ചിരുന്നത് ബാലാജിയാണെന്നു പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് പോലീസ്.

Sharing is caring!