ന്യൂന പക്ഷ സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ സമസ്ത പ്രക്ഷോഭത്തിലേക്ക്

ന്യൂന പക്ഷ സ്‌കൂളുകള്‍  അടച്ചു പൂട്ടാനുള്ള  നീക്കത്തിനെതിരെ  സമസ്ത  പ്രക്ഷോഭത്തിലേക്ക്

തേഞ്ഞിപ്പാലം: അംഗീകാരത്തിന്റെ കാരണം പറഞ്ഞ് ന്യൂന പക്ഷ സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള
നീക്കത്തിനെതിരെ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ 24 ന് രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി ഉന്നത തസ്തികകളിലെത്തിക്കുന്നതില്‍ അണ്‍ എഴ്ഡഡ് സ്‌കൂളുകള്‍ നിര്‍ണ്ണായ പങ്ക് വഹിച്ചതായും അവകള്‍ അടച്ചു പൂട്ടുന്നതിന് പകരം സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്നും ചേളാരി സമസ്താലയത്തില്‍ വെച്ച് നടന്ന അസ്മി സെക്രട്ടറിയേറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു. കേരള വിദ്യാഭ്യാസ നിയമം (കെ.ഇ.ആര്‍) നിര്‍ദ്ദേശിക്കുന്ന മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവര്‍ത്തിക്കുന്ന അനേകം സ്‌കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നത്. മികച്ച ഭൗതിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവയാണ് ഇവയിലധികവും. അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് പകരം എ.ഇ.ഒ മുഖേന അടച്ചുപൂട്ടാനുള്ള കത്ത് നല്‍കി നിരാശരാക്കിയതായി അസ്മി യോഗം കുറ്റപ്പെടുത്തി. അസ്മിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപന മേധാവികളും അംഗീകാരമില്ലാത്ത മറ്റ് സ്‌കൂള്‍ മേധാവികളും സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
യോഗത്തില്‍ അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.എസ് തങ്ങള്‍, പി.വി മുഹമ്മദ് മൗലവി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , നവാസ് ഓമശ്ശേരി,റഷീദ് കബളക്കാട്,സലീം എടക്കര, ഒ.കെ.എം കുട്ടി ഉമരി ,അഡ്വ.പി.പി ആരിഫ് ഡോ.കെ.വി അലി അക്ബര്‍ ഹുദവി, അഡ്വ.നാസര്‍ കാളമ്പാറ, എന്‍.പി ആലി ഹാജി, ഇസ്മാഈല്‍ മുസ്ല്യാര്‍ കൊടക്, പി.സൈതലി മാസ്റ്റര്‍, പി.വി കുഞ്ഞിമരക്കാര്‍, മുഹമ്മദ് ഫൈസി അടിമാലി,മജീദ് പറവണ്ണ, കെ.എം കുട്ടി എടക്കുളം സംസാരിച്ചു. അസ്മി സംസ്ഥാന ജനറല്‍ സെക്രട്ടറിഹാജി പി.കെ മുഹമ്മദ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി റഹീം ചുഴലി നന്ദിയും പറഞ്ഞു.

Sharing is caring!