പ്രവാസികളായ ഹാജിമാരുടെ ആശങ്കകള്‍ അകറ്റണം: പാണക്കാട് സാദിഖലി തങ്ങള്‍

പ്രവാസികളായ ഹാജിമാരുടെ  ആശങ്കകള്‍ അകറ്റണം:  പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: ഈ വര്‍ഷം സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു അനുമതി ലഭിച്ച പ്രവാസികളായ ഹാജിമാരുടെ യാത്രക്കുള്ള ആശങ്ക അകറ്റാന്‍ ഇരു സര്‍ക്കാറുകളും ഹജ്ജ് കമ്മിറ്റിയും തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ പാസ്പോര്‍ട്ട് ഏപ്രില്‍ 15 നു തന്നെ ഹാജരാകണമെന്നാണ് പുതിയ നിര്‍ദേശം. ഈ നിര്‍ദേശം പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസം സൃഷ്ടിക്കുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവരില്‍ അധിക പേര്‍ക്കും രണ്ടോ മൂന്നോ മാസം മാത്രമാണ് ജോലി സ്ഥലത്ത് അവധി ലഭിക്കുക. ഇങ്ങനെ വന്നാല്‍ മടക്കം സെപ്റ്റംബര്‍ അവസാനത്തിലാകും. അതായത് ഹജ്ജ് സംബന്ധമായ നടപടികള്‍ കഴിഞ്ഞ് പാസ്പോര്‍ട്ട് മടങ്ങിവരാന്‍ അഞ്ചര മാസം എടുക്കും. ഇങ്ങനെ വന്നാല്‍ പ്രവാസി ഹാജിമാരുടെ ജോലി നഷ്ടമാകും. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെടാത്ത മാര്‍ഗത്തില്‍ പരിശുദ്ധ കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവസരം സൃഷ്ടിക്കണം. അവരെ സഹായിക്കാന്‍ ഉത്തരവാത്തപ്പെട്ടവര്‍ മുന്നോട്ട് വരണം. 2017 ഡിസംബര്‍ ഏഴിന് ഇറങ്ങിയ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഗൈഡ്ലൈനിലാണ് പ്രവാസികളുടെ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടുന്ന തീയതിയെ കുറിച്ചു പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് വേണ്ട രീതയില്‍ ഗൗനിക്കാന്‍ ഹജ്ജ് കമ്മിറ്റി തയ്യാറാവാത്തത് പ്രവാസികളായ ഹാജിമാരോട് ചെയ്യുന്ന അനീതിയാണെന്നും തങ്ങള്‍ പറഞ്ഞു.

Sharing is caring!