മലപ്പുറം പോലീസിന് അഭിമാന നേട്ടം, കേരള പോലീസ് ചരിത്രത്തിലെ വലിയ മയക്കുമരുന്ന് വേട്ട

മലപ്പുറം പോലീസിന് അഭിമാന നേട്ടം, കേരള പോലീസ് ചരിത്രത്തിലെ വലിയ മയക്കുമരുന്ന് വേട്ട

മലപ്പുറം: കേരളത്തില്‍ പോലീസ് നടത്തിയ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയുടെ റെക്കോര്‍ഡ് ഇനി മലപ്പുറം പോലീസിന്. ഏഴു കോടി രൂപയിലേറെ വിലവരുന്ന മയക്കു മരുന്നാണ് മഞ്ചേരി, അരീക്കോട് പോലീസ് പിടികൂടിയത്. മയക്കു മരുന്ന് റാക്കറ്റിന്റെ അന്താരാഷ്ട്ര ബന്ധം അടക്കം വെളിപ്പെടുന്ന കണ്ടെത്തലുകളാണ് മലപ്പുറം പോലീസ് നടത്തിയത്.

ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, മലപ്പുറം ഡി വൈ എസ് പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി ഐ എന്‍ ബി ഷൈജു, എസ് ഐ റിയാസ് ചാക്കീരി, അരീക്കോട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍, അബ്ദുല്‍ അസീസ്, പി സജീവ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത, സലീം എന്നിവരാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. വിമുക്ത ഭടനും, സ്‌കൂള്‍ ജീവനക്കാരനും അടക്കം പതിനൊന്ന് പേര്‍ മഞ്ചേരി, അരീക്കോട് പോലീസ് ലിമിറ്റിന് കീഴിലായി റജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലെ പ്രതികളാണ്.

മയക്കുമരുന്ന സംഘാംഗത്തെ അന്വേഷിച്ച് ചെന്ന മലപ്പുറം പോലീസാണ് രാജസ്ഥാന്‍ സ്വദേശിയായ വിമുക്ത ഭടന് ഇവരുമായുള്ള ബന്ധം പിടികിട്ടുന്നത്. ഇയാളെ രാജസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തു നിന്നാണ് പിടികൂടിയത്. വീര്യം കൂടിയ, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വളരെയേറെ ആവശ്യക്കാരുള്ള ലഹരിമരുന്നാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് കോടികള്‍ വിലമരുന്ന ലഹരിമരുന്ന് വേട്ട നടത്താറുണ്ടെങ്കിലും പോലീസ് ഇത്ര വലിയ മയക്കുമരുന്ന് വേട്ട സംസ്ഥാനത്ത് നടത്തുന്നത് ഇതാദ്യമാണ്.

Sharing is caring!