സ്വാതന്ത്ര്യ സമര സേനാനി ആലി മുസ്ല്യാരുടെ രക്തസാക്ഷിത്വത്തിന് 96വര്‍ഷം

സ്വാതന്ത്ര്യ  സമര സേനാനി ആലി മുസ്ല്യാരുടെ  രക്തസാക്ഷിത്വത്തിന്  96വര്‍ഷം

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സര്‍വ്വാധിപധിയെ കുറച്ച് കാലത്തേക്കെങ്കിലും തന്റെ ചൂണ്ടുവിരലില്‍ നിര്‍ത്തിയ സ്വാതന്ത്ര്യ സമര സേനാനിയും മലബാറിന്റെ ആവേശവുമായ മഹാപണ്ഡിതന്‍ ആലി മുസ്ല്യാര്‍ രക്തസാക്ഷിത്വം വരിച്ചിട്ട് നാളേക്ക് 96 വര്‍ഷം. 1922 ഫെബ്രുവരി 17ന് ഇതുപോലൊരു ശനിയാഴ്ചയായിരുന്നു വെള്ളപ്പട്ടാളത്തിന്റെ കിരാത നീതി ആ വന്ദ്യവയോധികനെ കാലയവനികക്കുള്ളിലേക്കയച്ചത്. കോയമ്പത്തൂര്‍ ജയിലില്‍ വെച്ചായിരുന്നു സംഭവം.

അറസ്റ്റ് ചെയ്യപ്പെട്ട ഖിലാഫത്ത് വളണ്ടിയര്‍മാരെ വിട്ടയക്കണമെന്ന മിതമായ ആവശ്യവുമായാണ് ആലി മുസ്‌ല്യാരും സംഘവും പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനകത്ത് ചര്‍ച്ചനടന്നു കൊണ്ടിരക്കെ ”ഫയര്‍” എന്ന കല്‍പനയോടെ പൊട്ടിയ ആ വെടിയാണ് ഒരു മഹാസമരമായി കത്തിപ്പടര്‍ന്നത്. ഒരു പ്രകോപനവുമില്ലാതെയുണ്ടായ അക്രത്തോട് പകരം ചോദിക്കാനായി കയ്യില്‍ കിട്ടിയ കത്തിയും വടിയും വേലിത്തറിയുമായാണ് മാപ്പിളപ്പോരാളികള്‍ തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തത്.

ജോലി ചെയ്യുന്ന പള്ളി വളഞ്ഞാണ് ആലി മുസ്‌ല്യാരെയും ഏതാനും അനുയായികളെയും വെള്ള പട്ടാളം പിടികൂടിയത്. 1921 നവംബര്‍ 2ന് മാര്‍ഷല്‍ ലോ കോടതി കോഴിക്കോട്ട് പ്രത്യേകം കച്ചേരി ചേര്‍ന്ന് നടത്തിയ വിചാരണ കേവലം പ്രഹസനം മാത്രമായി. പ്രതികള്‍ക്കായി അഡ്വ. എ.വി ബാലകൃഷ്ണ മേനോനെ ഏര്‍പ്പാടാക്കിക്കൊടുത്തിരുന്നുവെങ്കിലും ഇത് ആലി മുസ്ല്യാര്‍ നിരാകരിച്ചു. ജെ.ഡബ്ലിയു ഹ്യൂഗ്‌സിന്റെ നേതൃത്വത്തില്‍ ആര്‍.രാമയ്യരും എഡിംഗ്ടനും അടങ്ങുന്ന പാനല്‍ കേസ് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി. മൂന്ന് ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. ആലി മുസ്‌ല്യാര്‍ അടക്കം 13 പേരെ തൂക്കിക്കൊല്ലുക, മൂന്ന് പേരെ നാട് കടത്തുക, 14 പേരെ ജീവപര്യന്തം ജയിലിലടക്കുക, എട്ട് പേരെ ജീവപര്യന്തം നാട് കടത്തുക, എല്ലാ പ്രതികളുടെയും സര്‍വ്വത്ര സ്വത്തുക്കളും പിടിച്ചെടുത്ത് സര്‍ക്കാറിലേക്ക് മുതല്‍ കൂട്ടുക എന്നതായിരുന്നു വിധി. പ്രതികളുടെ അപ്പീല്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല ശിക്ഷ നടപ്പാക്കുന്നതിനായി കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റുകയുമായിരുന്നു.

വിധിനടപ്പിലാക്കുന്ന ദിവസം പുലര്‍ച്ചെ ജയിലധികൃതര്‍ ആലിമുസ്ല്യാരോട് അന്ത്യാഭിലാഷമെന്താണെന്ന് ആരാഞ്ഞു. നമസ്‌കിക്കാനുള്ള സൗകര്യം ചെയ്ത് തന്നാല്‍ മാത്രം മതി എന്നായിരുന്നു മറുപടി. ആവശ്യം അനുവദിച്ച ജയിലധികൃതര്‍ അംഗശുദ്ധി വരുത്താനും നമസ്‌കരിക്കാനും അവസരമൊരുക്കി. നിസ്‌ക്കാരാനന്തരം പ്രാര്‍ത്ഥനയില്‍ മുഴുകിയ ആലി മുസ്ല്യാര്‍, കിരാതരുടെ കോടതി വിധി നടപ്പിലാക്കാന്‍ നിന്നു കൊടുക്കാതെ മരണപ്പെടുകയായിരുന്നു. എന്നാല്‍ ആ മൃതദേഹം തൂക്കിലേറ്റി ബ്രിട്ടീഷ് ഭരണകൂടം സായൂജ്യമടഞ്ഞു. തൂക്കിക്കൊന്നതായി റിക്കാര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്തു. ചരിത്ര പണ്ഡിതനും ഗവേഷകനുമായിരുന്ന ആലി മുസ്‌ല്യാരുടെ പൗത്രന്‍ പരേതനായ നെല്ലിക്കുത്ത് എ.പി.മുഹമ്മദ് അലി മുസ്‌ല്യാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ പോയി നടത്തിയ ആഴത്തിലുള്ള അന്വേഷണത്തില്‍ അക്കാലത്ത് അവിടെയുണ്ടായിരുന്ന വിശ്വാസ യോഗ്യരായ വയോവൃദ്ധരില്‍ നിന്നാണ് ഈ സത്യം പുറത്ത് വന്നത്. ആലി മുസ്‌ല്യാരുടെ മയ്യിത്ത് കുളിപ്പിക്കാന്‍ അവസരം ലഭിച്ച അവരിലൊരാളോട് ജയില്‍ ജീവനക്കാര്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു.

കോയമ്പത്തൂരിലെ ശുക്‌റാന്‍ പേട്ടിലാണ് ഭൗതിക ശരീരം മറവ് ചെയ്തത്. ഇവിടെ നിര്‍മ്മിച്ച സ്മാരകം 1957-ല്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. ഹുമയൂണ്‍ കബീര്‍ ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഖബറിടവും സ്മാരകവും ഇന്ന് വിസ്മൃതിയിലായിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആലി മുസ്‌ല്യാരുടെ പൗത്രപുത്രന്മാര്‍ കോയമ്പത്തൂരില്‍ ഉപ്പാപ്പയുടെ ഖബര്‍ സന്ദര്‍ശിക്കാനായി പോയിരുന്നു. എന്നാല്‍ സ്ഥലത്ത് എത്തിയ ഇവര്‍ നിരാശരാകുകയായിരുന്നു. ഖബര്‍ ഏതെന്നോ സ്മാരകം ഏതെന്നോ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റാത്തവിധം മഹാനായ ആ രാജ്യസ്‌നേഹി അവഗണിക്കപ്പെട്ടിരിക്കുന്നു.

Sharing is caring!