അഡാറ് പ്രചരണവുമായി സിപിഐ

അഡാറ് പ്രചരണവുമായി സിപിഐ

കോട്ടക്കല്‍: സമ്മേളനത്തിന്റെ പ്രചരണത്തിന് ‘അഡാറ്’ ബോര്‍ഡുമായി സിപിഐ. മാര്‍ച്ച് ആദ്യ വാരം മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിനാണ് പുതിയ സിനിമ ‘അഡാറ് ലൗവിന്റെ ‘ മാതൃകയില്‍ സിപിഐ ബോര്‍ഡ് തയ്യാറാക്കിയത്. സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ടുണ്ടായ അനാവശ്യ വിവാദത്തിന്റെ പശ്ചാതലത്തില്‍ സിനിമക്കൊപ്പം പാര്‍ട്ടി സിനിമക്കൊപ്പം നില്‍ക്കുമെന്ന സന്ദേശമാണ് പ്രചരണ ബോര്‍ഡ് നല്‍കുന്നതെന്ന് സിപിഐ കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി അഷ്‌റഫ് കാളിയത്ത് പറഞ്ഞു. ചിത്രത്തിനെതിരെ ഉയര്‍ന്ന ഫാഷിസ്റ്റ് പ്രവണതയെ ചിലര്‍ പിന്തുണച്ചുവെന്നും ഇവര്‍ക്കെതിരെ നില്‍ക്കുമെന്നും പാര്‍ട്ടി ഭാരവാഹികള്‍ പറയുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ പാട്ട് രംഗത്തിലെ നായികയുടെ കണ്ണിറുക്കലും സമ്മേളന ബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് ബോര്‍ഡില്‍ സിപിഐ സംസ്ഥാന സമ്മേളനം എന്നെഴുതിയിട്ടുള്ളത്. എഐഎസ്എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റിയാണ് ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. കമല സുരയ്യ, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരുടെ ചിത്രങ്ങളുള്ള ബോര്‍ഡിനൊപ്പമാണ് പ്രിയ കെ വാരിയറുടെ ചിത്രവും സമ്മേളന ബോര്‍ഡില്‍ ഇടം നേടിയിട്ടുള്ളത്.

Sharing is caring!