മലപ്പുറത്തുകാരന്റെ കയ്യില്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപയുടെ നാണയം

മലപ്പുറത്തുകാരന്റെ കയ്യില്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപയുടെ നാണയം

മഞ്ചേരി: സ്വാതന്ത്ര്യ സമര സേനാനി താന്തിയാ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍ക്കത്ത നാണയ കമ്മട്ടമ്മാണ് കോയിന്‍ പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് 200 രൂപയുടെ നാണയം അടിച്ചിറക്കിയത്. അമ്പത് ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ചു ശതമാനം നിക്കല്‍, അഞ്ചു ശതമാനം സിങ്ക് എന്നിവ ചേര്‍ന്ന നാണയത്തിന് 2650 രൂപയാണ് ബുക്കിംഗ് വില. 44 മില്ലീ മീറ്റര്‍ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം തൂക്കമുണ്ട്. നേരത്തെ ബുക്കു ചെയ്തവര്‍ക്കു മാത്രമെ നാണയം ലഭിക്കുകയുള്ളൂ. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബുക്കു ചെയ്തവരുടെ കൈകളില്‍ നാണയം എത്തിത്തുടങ്ങിയത്. വിപുലമായ നാണയ ശേഖരണത്തിനുടമയും തൃപ്പനച്ചി എ.യു.പി സ്‌ക്കൂള്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ എം.സി അബ്ദുല്‍ അലിയുടെ കൈവശം നാണയം എത്തിയിട്ടുണ്ട്. നേരത്തെ 20, 25, 50, 60, 75, 100, 125, 150, 500, 1000 രൂപയുടെ നാണയങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന രാമചന്ദ്ര പാണ്ഡുരങ്ക എന്ന താന്തിയാതോപ്പി മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ യവ്‌ലേ എന്നഗ്രാമത്തിലാണ് ജനിച്ചത്.

Sharing is caring!