വട്ടംകുളം പഞ്ചായത്തില്‍ ഇന്നു ഹര്‍ത്താല്‍

വട്ടംകുളം പഞ്ചായത്തില്‍ ഇന്നു ഹര്‍ത്താല്‍

കുറ്റിപ്പുറം: ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന സിപിഎം നേതാവിനെ അര്‍ധരാത്രിയില്‍ കാറിലെത്തിയ സംഘം അക്രമിച്ചു പരിക്കേല്‍പിച്ചു. വട്ടംകുളം പഞ്ചായത്ത് ലോക്കല്‍ സെക്രട്ടറിയും ഗ്രാമപപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കുറ്റിപ്പാല സ്വദേശി പറക്കോട്ടയില്‍ കൃഷണനെ (58)യാണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ കാറിലെത്തിയ സംഘം കൃഷ്ണനെ വടികള്‍ കൊണ്ടു മര്‍ദിച്ചു റോഡില്‍ തള്ളി കടന്നുകളയുകയായിരുന്നു. നിലവിളി കേട്ടു ഓടിക്കൂടിയവരാണ് കൃഷ്ണനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കാലിന്റെ എല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ദേഹത്ത് മര്‍ദനമേറ്റ പാടുകളുമുണ്ട്. കുറ്റിപ്പാലയിലെ കുടുംബ ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന തന്നെ ആര്‍എസ്എസുകാരായ ഒരു സംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നു കൃഷ്ണന്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം ഉത്സവവുമായി ബന്ധപ്പെട്ടു സ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാവുകയും കൃഷ്ണന്റെ സഹോദരന്‍ കുമാരനെ ഒരു സംഘം അക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാകാം അക്രമമെന്നു കരുതുന്നു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സിപിഎം വട്ടംകുളം ലോക്കല്‍ സെക്രട്ടറിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ വട്ടംകുളം പഞ്ചായത്തില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. വാഹനങ്ങള്‍ തടയില്ല. വട്ടംകുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെംബറുമാണ് കൃഷ്ണന്‍.

Sharing is caring!