പുരസ്‌കാര തുക ജുനൈദിന്റെ കുടുംബത്തിന് നല്‍കി കെപി രാമനുണ്ണി

പുരസ്‌കാര തുക ജുനൈദിന്റെ കുടുംബത്തിന് നല്‍കി കെപി രാമനുണ്ണി

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരതുക കൊലപ്പെട്ട ജുനൈദിന്റെ മാതാവിന് നല്‍കി കെപി രാമനുണ്ണിയുടെ പ്രതിഷേധം. മുസ്‌ലിം ആയി എന്ന കാരണത്താല്‍ ഹിന്ദു വര്‍ഗീയ വാദികളാല്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ സഹായിക്കേണ്ടത് ഹിന്ദുവായ തന്റെ കടമയാണെന്ന് രാമനുണ്ണി പറഞ്ഞു. ഒരു ലക്ഷം രൂപയാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുക. ഇതില്‍ നിന്നും മൂന്ന് രൂപ മാത്രം എടുത്ത് ബാക്കി കുടുംബത്തിന് ഉടന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണ് കെപി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമിക്ക് അവാര്‍ഡ് ലഭിച്ചത്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്‍ത്തി 2015ല്‍ പുറത്തിറങ്ങിയ പുസ്തകം മുഹമ്മദ് നബിയുടെ ജീവിതം ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ നോവലാണെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. നബിയെ പോലെ ശ്രീകൃഷ്ണന്റെ ജീവിതവും യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ സാന്നിധ്യവും ദൈവത്തിന്റെ പുസ്തകത്തില്‍ പ്രകടമാണ്. ശാസ്ത്രീയ കണ്ടെത്തലുകളും ഇടവിട്ട് ആവര്‍ത്തിക്കുന്ന പുസ്തകം അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. പൊന്നാനി സ്വദേശിയായ രാമനുണ്ണി സാമൂഹിക സാംസ്‌കാരിക രംഗത്ത് അഭിപ്രായം പറയാന്‍ മടിക്കാത്ത സാഹിത്യകാരന്‍ കൂടിയാണ്.

Sharing is caring!