കേരളത്തിന്റെ വാസ്തുവിദ്യയെപ്പറ്റി പഠിക്കാന്‍ മലേഷ്യന്‍ ഗവേഷക സംഘം മലപ്പുറത്തെ കിളിയമണ്ണില്‍ തറവാട്ടിലെത്തി
മലപ്പുറം: കേരളത്തിന്റെ വാസ്തുകലാ പാരമ്പര്യത്തില്‍ വിസ്മയംപൂണ്ട് മലേഷ്യന്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലമ്പൂരിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിടെക്ചര്‍ ആന്റ് എണ്‍വയോണ്‍മെന്റല്‍ ഡിസൈന്‍ വിഭാഗത്തിലെ 39 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ പൈതൃക പഠനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയത്.
കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലെ വിവിധ പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച 20 ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന സംഘം തങ്ങളുടെ പ്രത്യേക പഠനത്തിനായി തിരഞ്ഞെടുത്തത് മലപ്പുറം വലിയങ്ങാടി ശുഹദാ മസ്ജിദും ചെമ്മങ്കടവിലെ കിളിയമണ്ണില്‍ തറവാടുമാണ്.
മഅ്ദിന്‍ അക്കാദമിയും മലേഷ്യന്‍ യൂണിവേഴിസിറ്റിയും തമ്മിലുള്ള വിദ്യാര്‍ത്ഥി കൈമാറ്റ പദ്ധതിയുടെ ഭാഗമായി എത്തിയ ഇവര്‍ മഅ്ദിന്‍ റിസര്‍ച്ച് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ.കെ.കെ.എന്‍ കുറുപ്പ്, മലേഷ്യന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. സ്റാസലി ഐപിന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടത്തുന്നത്. മഅ്ദിന്‍ പോളിടെക്നിക് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിന്റെ അക്കാദമിക് പിന്തുണയോടെ രണ്ടാഴ്ചയോളം നടത്തിയ പഠനയാത്ര സംബന്ധിച്ച പ്രത്യേക എക്സിബിഷന് ഇവര്‍ ജൂലൈയില്‍ ക്വാലാലമ്പൂരില്‍ സംഘടിപ്പിക്കുന്നുണ്ട്.
സാമൂഹ്യപരമായും കാലാവസ്ഥാപരമായും ഒരുപാട് സാമ്യതകളുള്ള മലേഷ്യയിലെയും കേരളത്തിലെയും വാസ്തു ശാസ്ത്രത്തിലും ആ ഒരുമ കാണാനാവുന്നെന്ന് ഡോ. സ്റാസലി അഭിപ്രായപ്പെട്ടു. ഇവിടുത്തെ ക്ഷേത്രങ്ങളും പള്ളികളും നിര്‍മിതിയില്‍ പുലര്‍ത്തുന്ന ഒരുമയാകാം കേരളത്തിന്റെ സവിശേഷമായ സൗഹൃദ പാരമ്പര്യത്തിനു ഹേതുകം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊളോണിയല്‍ സ്വാധീനമില്ലാതെ തന്നെ പ്രാദേശിക നിര്‍മിതികള്‍ക്ക് നൂറ്റാണ്ടുകള്‍ നിലനില്ക്കാനാവുമെന്നതിന്റെ തെളിവാണ് മലപ്പുറം വലിയപള്ളിയെന്ന് ഗവേഷക വിദ്യാര്‍ത്ഥികളുടെ തലവന്‍ മുഹമ്മദ് ലുഖ്മാന് ഹക്കീം ചൂണ്ടിക്കാട്ടി. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, മലപ്പുറം ഖാസി ഒ.പി.എം മുത്തുക്കോയ തങ്ങള്‍, കിളിയമണ്ണില്‍ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് പരമാവധി ചരിത്രങ്ങളും അവര്‍ ശേഖരിച്ചിട്ടുണ്ട്.
മലേഷ്യന്‍ സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടന്ന കേരളത്തിന്റെ വാസ്തു കലയുമായി ബന്ധപ്പെട്ട പ്രത്യേക ചര്‍ച്ചാ സംഗമം ഡോ. കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സ്റാസലി ഐപിന്, കെ. ആര്. ചിഞ്ചു, ഡോ. അബ്ബാസ് പനക്കല്‍, അസര്‍ നസീഫ് എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]