മലപ്പുറം ജില്ലയിലെ ‘ഹംസ’ നാമധാരികളുടെ സംഗമം ഈമാസം

മലപ്പുറം ജില്ലയിലെ  ‘ഹംസ’  നാമധാരികളുടെ സംഗമം ഈമാസം

മലപ്പുറം: മലപ്പുറം ജില്ലയിലെ  ‘ഹംസ’ നാമധാരികളുടെ സംഗമം ഈമാസം നടക്കും. മലപ്പുറം ടൗണിലെ  ആദ്യകാല വ്യാപാരി ലൗലി ഹംസ ഹാജിയാണ് തന്റെ പേരുകാരുടെ സംഗമം ഒരുക്കാന്‍ നേതൃത്വം നല്‍കുന്നത്. മലപ്പുറം നഗരസഭാപരിധിയിലുള്ളഹംസമാരുടെ കൂട്ടായ്മയാണ് ആദ്യം ആലോചിച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ചു പത്രത്തില്‍ നല്‍കിയ പരസ്യം വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചതോടെ ഇത് വന്‍ചര്‍ച്ചയാകുകയും ഹംസമാരെല്ലാം മുന്നിട്ടുവരികയുമായിരുന്നു. സംഭവം വൈറലായതോടെ നാട്ടിലുള്ള ഹംസമാരൊക്കെ ലൗലി ഹംസഹാജിക്ക് വിളിയോടുവിളി. ഗള്‍ഫില്‍നിന്നുവരെ 9387830146 നമ്പറിലേക്ക് വിളിയെത്തി. സംഗമം നഗരസഭയില്‍മാത്രം ഒതുക്കരുതെന്നും ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കണമെന്നുമുള്ള ആവശ്യത്തോട് ഹംസ ഹാജി മുഖംതിരിച്ചില്ല.
20 വര്‍ഷംമുമ്പ് കൂട്ടായ്മയൊരുക്കാന്‍ നിശ്ചയിച്ചതാണ്. എന്നാല്‍ ചടങ്ങില്‍ ആദരിക്കാനിരുന്ന മുതിര്‍ന്ന അംഗത്തിന്റെ നിര്യാണത്തോടെ മാറ്റിവയ്ക്കുകയായിരുന്നു.
ഇക്കാര്യങ്ങള്‍ പറയുന്നതിനിടെയാണ് യോഗ്യന്‍ ഹംസ എന്നൊരാള്‍ ഹംസ ഹാജിയെ തേടി കടയിലെത്തിയത്. രണ്ടുപേരും കൈകൊടുത്ത് കൂട്ടുകാരായി. വാട്‌സ്ആപ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. അടുത്ത പരിചയക്കാരായ അഞ്ചുകണ്ടന്‍ ഹംസയെയും അമ്പാളി ഹംസയെയും സഹ അഡ്മിന്‍മാരുമാക്കി.ഹംസ എന്ന പേര് മുമ്പ് ധാരാളമായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാരും കുട്ടികള്‍ക്ക് ഈ പേര് ഇടാറില്ലെന്നുമാണ് ഗ്രൂപ്പംഗങ്ങളുടെ പരാതി. എന്നാല്‍ മലപ്പുറത്തെ ഹംസമാര്‍ ഒന്നിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ മറ്റു നാമധാരികളുടെ കൂട്ടായ്മകളും ഇത്തരം സംഗമങ്ങളൊരുക്കാന്‍ ഒരുങ്ങുന്നുണ്ട്.

 

Sharing is caring!