താനൂരിലെ സി.പി.എം നേതാവ് ഇ. ജയനെ അക്രമിച്ച ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

താനൂരിലെ സി.പി.എം നേതാവ് ഇ. ജയനെ അക്രമിച്ച ഒമ്പത് ആര്‍.എസ്.എസ്  പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

താനൂര്‍: സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ.ജയനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും നേരെ ഒഴൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രദേശത്തെ 9 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പോലീസ്.

അതേസമയം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റ ഇ.ജയന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ ഉച്ചയോടെ ഹോസ്പിറ്റല്‍ വിട്ടു.

പൊതു പ്രവര്‍ത്തകരെ ആക്രമിച്ച് നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള വര്‍ഗീയ ശക്തികളുടെ ഗൂഢാലോചനയാണ് ഒഴൂരില്‍ സി.പി.എം ജില്ലാകമ്മിറ്റിയംഗം ഇ.ജയനുനേരെയുണ്ടായ അക്രമം. വര്‍ഗീയ കക്ഷികളെ ഒറ്റപ്പെടുത്തി സമൂഹത്തില്‍ ധീരമായ ഇടപെടലുകളിലൂടെയുള്ള ഇ.ജയന്റെ പ്രവര്‍ത്തനങ്ങളാണ് ഇക്കൂട്ടരെ പ്രകോപിക്കുന്നത്. സമാധാന ശ്രമങ്ങള്‍ തകര്‍ത്ത് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തണമെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇ.ജയനുനേരെ ആക്രമണം നടന്നപ്പോള്‍ ആഹ്ലാദം പ്രകടിപ്പിച്ചവര്‍ വര്‍ഗീയ ശക്തികള്‍ക്ക് കൂടുതല്‍ പ്രചോദനവും പ്രോത്സാഹനവും നല്‍കുകയാണ്. അക്രമം നടത്തിയവരെ മുഴുവന്‍ പിടികൂടി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനായി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താനൂരില്‍ സംഘര്‍ഷമുണ്ടാക്കി വികസന പദ്ധതികളെ അട്ടിമറിക്കാന്‍ അനുവദിക്കില്ല. അക്രമങ്ങളിലൂടെ സി.പി.എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനോധൈര്യം തകര്‍ക്കാന്‍ താനൂരില്‍ കാലങ്ങളായി തുടരുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് വി. അബ്ദുറഹിമാന്‍ എം.എല്‍.എ പത്ര പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Sharing is caring!