സൈനുല്‍ഉലമായുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ സംഗമം

സൈനുല്‍ഉലമായുടെ  ധന്യസ്മരണയില്‍  പ്രാര്‍ത്ഥനാ സംഗമം

തിരൂരങ്ങാടി: രണ്ടുപതിറ്റാണ്ടിലധികം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ പ്രോ.ചാന്‍സലറും നിരവധി മഹല്ലുകളുടെ ഖാസിയുമായി പ്രവര്‍ത്തിച്ച സൈനുല്‍ ഉലമായുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ദാറുല്‍ഹുദാ കാമ്പസ്.

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ദേഹവിയോഗത്തിന്റെ രണ്ടാണ്ട് പിന്നിട്ടതിനോടനുബന്ധിച്ച് ദാറുല്‍ഹുദായില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ത്ഥനാ സംഗമത്തില്‍ അദ്ദേഹത്തിന്റെ ധന്യോര്‍മകള്‍ സ്മരിക്കാനും പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കാനും പണ്ഡിതരും വിദ്യാര്‍ത്ഥികളും സംഘടനാ പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിനാളുകള്‍ ഹിദായ നഗരിയിലെത്തി.

ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ദാറുല്‍ഹുദായുടെ ശില്‍പികളായ എം.എം ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദ്രൂസ് മുസ്ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടന്നു.

വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. മഗ്രിബ് നമസ്‌കാരാനന്തരം നടന്ന മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈ.പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.

അബ്ദുസ്സമദ് പൂക്കോട്ടൂര്‍. കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, സി.എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

ചടങ്ങില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പി.എച്ച്ഡി കരസ്ഥമാക്കിയ ദാറുല്‍ഹുദാ പി.ജി ലക്ചറര്‍ കെ.പി ജഅ്ഫര്‍ ഹുദവി കൊളത്തൂരിനുള്ള ഉപഹാരം ഹൈദരലി തങ്ങള്‍ കൈമാറി. മമ്പുറം പാലം നിര്‍മാണ കമ്പനിയായ ഏറനാട് എന്‍ജിനീയര്‍ എന്റര്‍പ്രൈസസ് പ്രതിനിധികള്‍ക്കുള്ള ദാറുല്‍ഹുദായുടെ ഉപഹാരവും തങ്ങള്‍ കൈമാറി.

എം.എം മുഹ്യദ്ദീന്‍ മുസ്ലിയാര്‍ ആലുവ, കെ.വി ഹംസ മുസ്ലിയാര്‍, എസ്.എം.കെ തങ്ങള്‍, ആദ്യശ്ശേരി ഹംസക്കുട്ടി മസ്ലിയാര്‍, കാളാവ് സൈദലവി മുസ്ലിയാര്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഡോ.യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി, റഫീഖ് ചെറുശ്ശേരി, റശീദ് കുറ്റൂര്‍, അബ്ദുല്‍ഖാദിര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജീവിതം ലളിതമാക്കിയ പണ്ഡിതനാണ് സൈനുല്‍ഉലമാ:
ഹൈദരലി ശിഹാബ് തങ്ങള്‍

സമസ്തയുടെ നേതൃസ്ഥാനവും വിവിധ സംഘടനാ പദവികളും ഏറ്റെടുത്തപ്പോഴും ലളിത ജീവിതം അനുകരിച്ച സ്വാതികനായ പണ്ഡിതനായിരുന്നു സൈനുല്‍ ഉലമായെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു.
ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച സൈനുല്‍ ഉലമാ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ഇടം നല്‍കി ആദര്‍ശം ആരുടെ മുന്നിലും സമര്‍ത്ഥിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടിരുന്നു. കര്‍മശാസ്ത്ര രംഗത്ത് അദ്ദേഹത്തിന്റെ വിടവ് നികത്താനായിട്ടില്ല. പ്രാര്‍ത്ഥനയും ചിന്തയും പ്രവൃത്തിയും സംഗമിച്ച മൂന്നു ചരിത്രനിയോഗികളാണ് ദാറുല്‍ഹുദാ വിപ്ലവത്തിനു നാന്ദികുറിച്ചതെന്നും അവരുടെ പിന്‍ഗാമിയായിയായിരുന്നു സൈനുല്‍ഉലമായെന്നും തങ്ങള്‍ അനുസ്മരിച്ചു.

Sharing is caring!