കളിച്ചിരുന്ന സ്ഥാനപേരില്‍ അറിയപ്പെട്ട ഫുട്‌ബോളര്‍

കളിച്ചിരുന്ന സ്ഥാനപേരില്‍ അറിയപ്പെട്ട ഫുട്‌ബോളര്‍

കളിച്ചിരുന്ന സ്ഥാന പേരില്‍ ജീവിതകാലം മുഴുവന്‍ അറിയപ്പെടുക എന്നത് ഒരു ഫുട്ബാളറെ സംബന്ധിച്ചിടത്തോളം മഹാഭഗ്യമാണ്. അത്തരമൊരു ഭാഗ്യവാനാണ് കുന്നുമ്മല്‍ സ്വദേശിയായ ചോല അഷറഫ്.ഒട്ടേറെ ടീമുകള്‍ കള്‍ക്കു വേണ്ടി പ്രതിരോധ നിരയില്‍ തിളങ്ങിയ അഷറഫ് ബൂട്ടഴിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും ‘സ്റ്റോപ്പര്‍ അഷറഫ് ‘ എന്ന പേരിലാണിന്നും അറിയപ്പെടുന്നത്.

ചോല എന്ന വീട്ടു പേര് കൂട്ടിച്ചേര്‍ത്ത് അഷറഫ് എന്നു പറഞ്ഞാല്‍ അറിയില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ കൈമലര്‍ത്തും.എന്നാല്‍, ‘സ്റ്റോപ്പര്‍ അഷറഫ് ‘ എന്നു പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല.മലപ്പുറം നെയിംലെസ്, ഡ്രൈവേഴ്‌സ്, അലവിക്കുട്ടി മെമ്മോറിയല്‍ ക്ലബ്ബ്, മലപ്പുറം സഹകരണ സ്പിന്നിംഗ് മില്‍ എന്നീ ടീമുകള്‍ക്കു വേണ്ടി മികച്ച കളി കാഴ്ചവെച്ച താരമായിരുന്നു അഷറഫ്.മികച്ച സ്റ്റോപ്പര്‍ ബാക്കായി തിളങ്ങിയിരുന്ന അഷറഫിനെ അകാലത്തില്‍ പൊലിഞ്ഞ നാട്ടുകാരനും മികച്ച കളിക്കാരനുമായിരുന്ന പൂവന്‍തൊടി അലവിക്കുട്ടിയാണ് സ്റ്റോപ്പര്‍ അഷറഫ് എന്ന് ആദ്യം വിളിച്ചത്. ആ വിളി ആദ്യം കൂട്ടുകാരും പിന്നീട് നാട്ടുകാരും ഏറ്റെടുത്തു. അങ്ങിനെ ചോല അഷറഫ് ‘സ്റ്റോപ്പര്‍ അഷറഫാ’യി.

അപാര പൊക്കത്തിനുടമയായ അഷറഫ് പ്രതിരോധത്തിലെന്ന പോലെ മുന്നേറ്റത്തിലും നന്നായി കളിച്ചിരുന്നു. വിസ്മയപ്പെട്ടുത്തുന്ന പന്തടക്കത്തിനുടമയായിരുന്ന ആ താരം എതിരാളികളെ വട്ടം കറക്കി പന്തുമായി കുതിച്ച് ഗോള്‍വല കുലുക്കാന്‍ സമര്‍ത്ഥനായിരുന്നു. നിരവധി ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായിട്ടുള്ള അഷറഫ്‌കൈനിറയെട്രേഫികള്‍വാങ്ങികൂട്ടിയിട്ടുണ്ട്. ആ ട്രോഫികള്‍ അഷറഫിന്റെ ചോല ഹൗസില്‍ ഇന്നുമുണ്ട്.

കുന്നുമ്മല്‍ മാപ്പിള എല്‍.പി.സ്‌കൂളിന്റെ കൊച്ചു ഗ്രൗണ്ടില്‍ കളിച്ചു വളര്‍ന്ന അഷറഫ് നാട്ടിലെ ടീമുകള്‍ക്കു പുറമെ അന്യ പ്രദേശത്തെ ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.മലപ്പുറംസഹകരണ സ്പിന്നിംഗ് മില്ലില്‍ ജോലി ചെയ്യവേ അവരുടെ ടീമിനു വേണ്ടി ജില്ലാ ‘ലീഗ് ‘ ഫുട്ബാളിലും പന്ത് തട്ടി. കുന്നുമ്മല്‍ ടാക്‌സി സ്റ്റാന്റിലും സഹകരണ സ്പിന്നിംഗ് മില്ലിലും ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള അഷറഫ് ഗള്‍ഫ് സ്വപ്നം പൂവണിഞ്ഞതോടെ എണ്‍പതുകളുടെ ഒടുവിലാണ് കളി നിറുത്തിയത്. നീണ്ട കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ അഷറഫിപ്പോള്‍ പടിഞ്ഞാറ്റുംമുറിയിലാണ് താമസം.പടിഞ്ഞാറ്റുംമുറി സ്മാര്‍ട്ട് എന്ന ജീവകാരുണ്യ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണിപ്പോള്‍.ചോല പോക്കര്‍ – നഫീസ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമനാണ് അഷറഫ്.ഹംസ (സിവില്‍ സപ്ലൈസ് ), ഷംസുദീന്‍ (സുലയ്യില്‍, സൗദി) ,മജീദ് (റിയാദ്) സഹോദരങ്ങളാണ്.മുന്ന് സഹോദരിമാരുമുണ്ട്.അഷറഫിന്റെ സഹധര്‍മ്മിണി ഖദീജയാണ്. മക്കള്‍: ഷമീമ ,നായിഫ് മുര്‍സല്‍ ,അഷ്ഫാക്ക് മുര്‍സല്‍ .

Sharing is caring!