യാചകരെ ബഹിഷ്കരിക്കലും ആട്ടിയോടിക്കലും ഇസ് ലാമിക രീതിയല്ല: ഉസ്താദ് കുമ്മനം അസ്ഹരി
മനാമ: യാചകരെ ബഹിഷ്കരിക്കലും ആട്ടിയോടിക്കലും ഇസ്ലാമിക രീതിയല്ലെന്നും അത് വിശുദ്ധ ഖുര്‍ആന്റെ പ്രകടമായ ആഹ്വാനത്തിനു വിരുദ്ധമാണെന്നും പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഉസ്താദ് ഹാഫിദ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി ബഹ്റൈനില്‍ പ്രസ്താവിച്ചു.
സമസ്ത ബഹ്റൈന്‍ – ഹൂറ കമ്മറ്റിയുടെ കീഴില്‍ മനാമ അല്‍ രാജാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ത്രിദിന മത പ്രഭാഷണ പരന്പരയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
യാചകന്മാരുടെ കൂട്ടത്തില്‍ മാഫിയകളും കള്ള നാണയങ്ങളുമുണ്ടാകാം. അവരെ നിയമപരമായി പിടികൂടുകയാണ് വേണ്ടത്. അതിനു പകരം യാചകര്‍ തന്റെ വീട്ടിലേക്കോ നാട്ടിലേക്കോ വരാന്‍ പാടില്ലെന്ന് പറഞ്ഞ് വിലക്കാനോ ബോര്‍ഡും ബാനറും വെച്ച് ബഹിഷ്കരിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല. ഇതു സംബന്ധിച്ച് നടക്കുന്ന സോഷ്യല്‍ മീഡിയാ പ്രചരണങ്ങളില്‍ എല്ലാവരും ജാഗ്രത കാണിക്കണം
സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന യാചകര്‍ക്കെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളും സ്വന്തം വീടിനു മുന്നില്‍ ബോര്‍ഡ് വെച്ച് യാചകരെ വിലക്കുന്ന ഏര്‍പ്പാടുകളും വിശുദ്ധ ഖുര്‍ആനിന്റെ പ്രകടമായ കല്പ്പനക്ക് കടക വിരുദ്ധമാണെന്ന് ഖുര്‍ആനിലെ 93-10 സൂക്തം ഉദ്ധരിച്ചു കൊണ്ടദ്ധേഹം വിശദീകരിച്ചു.
യാചനയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഒരാള്‍ യാചിച്ചു വന്നാല്‍ അവനെ ആട്ടിയോടിക്കരുത് എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്.
മാത്രമല്ല, തന്നോട് യാചിക്കാനെത്തിയത് വിലകൂടിയ-കമനീയ വാഹനത്തിലായിരുന്നാല്‍ പോലും അവന് ചോദിച്ചത് നമ്മുടെ കയ്യിലുണ്ടെങ്കില്‍ നല്‍കണമെന്നാണ് തിരുനബി(സ) പഠിപ്പിച്ചിട്ടുള്ളത്.
ഒരാള്‍ കുതിരപ്പുറത്ത് കയറി വന്ന് ചോദിച്ചാലും നീ നല്‍കണം എന്ന് നബി(സ) വ്യക്തമാക്കിയതായി ഹദീസിലുണ്ടെന്നും ചില യാചകരെ മുന്‍ നിര്‍ത്തി മുഴുവന്‍ യാചകരെയും വിലക്കുന്ന അവസ്ഥ ഒരു നാട്ടിലും ഉണ്ടാകരുതെന്നും അവരും നമ്മളും അല്ലാഹുവിന്റെ അടിമകളാണെന്നും ഒരു പക്ഷേ നമ്മേക്കാള്‍ മികച്ചവര്‍ അവരുടെ കൂട്ടത്തിലുണ്ടാവാമെന്നും ഹദീസ് ഉദ്ധരണികള്‍ വിശദീകരിച്ചു കൊണ്ട് അദ്ധേഹം പറഞ്ഞു.
നമ്മുടെ സന്പത്തില്‍ പാവപ്പെട്ടവന് ഒരവകാശമുണ്ട്. അത് നല്കാന് ഒരാള്‍ ഉദ്ധേശിച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെ പോലും പിന്തിരിപ്പിക്കുന്ന രീതിയാണ് ഇന്ന് കണ്ടുവരുന്ന ബഹിഷ്കരണ ആഹ്വാനങ്ങള്‍. അങ്ങിനെ ചെയ്യാന്‍ നമുക്ക് ഒരവകാശവുമില്ല.
നമ്മുടെ കയ്യിലുണ്ടെങ്കില്‍ നാം നല്‍കണം. ഇല്ലെങ്കില്‍ നല്ല വാക്കു പറഞ്ഞും പുഞ്ചിരി നല്‍കിയും അവരെ തിരിച്ചയക്കണം. – അദ്ധേഹം തുടര്‍ന്നു.
മറ്റൊരാളുടെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതു പോലും പ്രതിഫലാര്‍ഹമായ പുണ്ണ്യകര്‍മ്മവും ധര്‍മ്മവുമാണെന്നാണ് തിരുനബി(സ) പഠിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലായാലും അല്ലെങ്കിലും ഒരു വിശ്വാസി അവന്റെ നാവും കണ്ണും കയ്യുമെല്ലാം നിയന്ത്രിക്കണമെന്നും മത വിരുദ്ധമായ ഒന്നും തന്റെ ജീവിതത്തിലെന്ന പോലെ സോഷ്യല്‍ മീഡിയ വഴിയും പ്രചരിക്കാതെ സൂക്ഷിക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
പ്രഭാഷണ പരന്പരയുടെ രണ്ടാം ദിനം ഉസ്താദ് അബ്ദുറഹ്മാന് ദാരിമി ഉദ്ഘാടനം ചെയ്തു. ഉസ്താദ് സെയ്ദ് മുഹമ്മദ് വഹബി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം സിഡി പ്രകാശനം സമസ്ത ഹൂറ ഏരിയ സ്ഥാപകനേതാവ് സൂപ്പി മുസ്ല്യാര്‍ അഹമ്മദ് ബോസ്നിയ ഗ്രൂപ്പിനു നല്കി നിര്‍വ്വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ നൗഷാദ് അടൂര്‍ സ്വാഗതവും ഇസ്മയില്‍. സി.സി നന്ദിയും പറഞ്ഞു.
സമാപന ദിനത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിന് ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. പ്രഭാഷണ വേദികളിലെ ബാല വിസ്മയം ജാബിര്‍ എടപ്പാള്‍ പ്രഭാഷണം നടത്തും.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]