ചെറിയ സഹായത്തിന് തമിഴ്‌നാട് സ്വദേശി മലപ്പുറത്തുകാരന്‌ തിരികെ നല്‍കിയത്

ചെറിയ സഹായത്തിന് തമിഴ്‌നാട് സ്വദേശി മലപ്പുറത്തുകാരന്‌ തിരികെ നല്‍കിയത്

മൊറയൂര്‍: പഞ്ചറായ ടയര്‍ മാറ്റിയിടാന്‍ സഹായിച്ചതിന് തമിഴ്‌നാട് സ്വദേശി തിരികെ നല്‍കിയ സ്‌നേഹത്തെ കുറിച്ചുള്ള മൊറയൂര്‍ സ്വദേശിയുടെ കുറിപ്പ് വൈറലാകുന്നു. മൊറയൂര്‍ ഇന്‍ഡക്‌സ് ഏജന്‍സീസ് ഉടമ സിടി അലവിക്കുട്ടിയാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ പങ്ക് വച്ചത്. അഞ്ച് മാസം മുമ്പ് ടയര്‍ മാറ്റിയിടാന്‍ സഹായിച്ചതിന് തണ്ണിമത്തനുമായി കാണാനത്തെയി ലോറി ഡ്രൈവറെ കുറിച്ചാണ് അലവിക്കുട്ടിയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏതോ തമിഴ് ലോറി ഡ്രൈവറാണ് എന്ന് തോന്നിക്കുന്ന കാക്കി കുപ്പായം ധരിച്ച ഒരു മധ്യവയ്കന്‍ ഒരു തണ്ണിമത്തനുമായി കടയുടെ വാതിലിനടുത്ത് വന്ന് നില്‍ക്കുന്നത് കണ്ടു. അകത്തേക്ക് വരാന്‍ പറഞ്ഞപ്പോള്‍ ചിരിച്ച് കൊണ്ട് അയാള്‍ തണ്ണിമത്തന്‍ എനിക്ക് നേരെ നീട്ടി. ഇത് എന്താണന്നോ എന്തിനാണന്നോ തിരിയാതെ എന്റെ ആശയ കുഴപ്പം കണ്ടിട്ടാവണം അയാള്‍ ചിരിച്ച് കൊണ്ട് എന്നോട് തമിഴ് കലര്‍ന്ന മലയാളത്തില്‍ ‘എന്നെ മനസ്സിലായിട്ടില്ലേ’ എന്ന് ചോദിച്ചു. ഇതെന്ത് തട്ടിപ്പാണ് പടച്ചോനെ എന്ന് ചിന്തിച്ച് ഇല്ലന്ന് ഞാന്‍ തലയാട്ടിയപ്പോള്‍ ‘അന്ന് ടയര്‍ പൊട്ടിയ ലോറിയില്ലെ… അതിന്റെ ഡ്രൈവറാണ്’ എന്ന് പറഞ്ഞ് അയാളെന്റെ ഓര്‍മയെ തട്ടിയുണര്‍ത്തി.
<< >< >>
നാലഞ്ച് മാസം മുമ്പാണെന്ന് തോന്നുന്നു രാത്രി ഏതാണ്ട് എട്ട് മണി സമയമായിക്കാണും കടയുടെ അമ്പത് മീറ്റര്‍ അപ്പുറം ഒരു ലോറി നിര്‍ത്തി തമിഴനായ ഒരു ഡ്രൈവര്‍ കടയില്‍ വന്ന് ഒരു ടോര്‍ച്ച് കെടയുമോ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ ടയര്‍ പഞ്ചറായതാണ് മാറ്റിയിടാന്‍ വെളിച്ചം ഇല്ലന്ന് പറഞ്ഞു. നല്ല വെളിച്ചം ഉണ്ടല്ലോ കടയുടെ മുന്നിലേക്ക് ഇങ്ങോട്ട് നീക്കി ഇട്ട് ടയര്‍ മാറ്റിക്കോളൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കടയുടെ മുന്നില്‍ നിര്‍ത്താന്‍ അയാള്‍ മടിച്ച പോലെ തോന്നി. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ വണ്ടി കടക്ക് മുന്നിലേക്ക് നീക്കി നിര്‍ത്തി.
ഫുള്‍ തേങ്ങലോഡുമായി പഞ്ചറായ ലോറി ജാക്കി വെച്ച് പൊക്കാന്‍ അറുപതിന് മുകളില്‍ പ്രായമായ അയാള്‍ അരോഗ്യ കുറവ് മൂലം നന്നായി പ്രയാസപ്പെടുന്നതായി എനിക്ക് തോന്നി. അടുത്ത് ചെന്ന് ക്ലീനര്‍ ഇല്ലെന്നന്യേഷിച്ചപ്പോള്‍ ഇല്ലന്ന് തലയാട്ടി. ഇക്കോലത്തില്‍ അയാള്‍ക്ക് ഒരു മണിക്കൂറ് കൊണ്ടും ടയര്‍ മാറ്റാന്‍ കഴിയൂല എന്നെനിക്ക് തോന്നി.

20 കൊല്ലം മുമ്പ് ചെക്കറായും ഡ്രൈവറായും ബസ്സില്‍ ജോലി ചെയ്തതിനാല്‍ ഒറ്റക്ക് ഒരു ലോഡുള്ള വണ്ടിയുടെ ടയര്‍ മാറ്റാനുള്ള പ്രയാസം നന്നായി അറിയാവുന്നത് കൊണ്ട് ഞാന്‍ കഴിയുന്നത്ര അയാളെ സഹായിക്കാന്‍ തുടങ്ങി. ഞാന്‍ ജാക്ക് ലിവറുമായി വിയര്‍ക്കുന്നത് കണ്ടപ്പോള്‍ മൊറയൂരിലുള്ള മൂന്നാല് യുവാക്കള്‍ ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നു കുടവയറനായ എന്നെയും ഡ്രൈവറെയും മാറ്റി നിര്‍ത്തി ആ പണി ഏറ്റെടുത്തു. ജാക്കി വെക്കലും ടയര്‍ അഴിക്കലും സ്റ്റെപ്പിനി ഇറക്കലും മാറ്റിവെക്കലും എല്ലാം 10 മിനുറ്റ് കൊണ്ട് ജഗപൊഗയായി തീര്‍ത്ത് ഞങ്ങള്‍ അയാളെ യാത്രയാക്കി.

നിങ്ങളെ നാട്ടില്‍ കിട്ടുന്ന ഈ ഹെല്‍പ്പ് നമ്മഊരില്‍ കെടയാത്…. എന്നും പറഞ്ഞ് നന്ദി പറഞ്ഞ് യാത്രയായ വെങ്കടേഷ് എന്ന ഡ്രൈവറാണ് കേവലം പത്ത് മിനുറ്റിനുള്ളില്‍ കഴിഞ്ഞ തീര്‍ത്തും നിസ്സാരമായ ഒരു സഹായത്തിന് നന്ദി സൂചകമായി മാസങ്ങള്‍ക്ക് ശേഷം തന്റെ ലോറി ഇത് വഴി പോയപ്പോള്‍ അതില്‍ നിന്നൊരു തണ്ണിമത്തനുമായി ഞങ്ങളെ കാണാനെത്തിയത്. അതിന് ശേഷം പലവട്ടം ഇത് വഴി പോയപ്പോഴും രാത്രി കട അടച്ച സമയമായതിനാല്‍ കാണാന്‍ പറ്റിയില്ല എന്നും ഇന്നാണ് കാണാന്‍ കഴിഞ്ഞത് എന്നും പറഞ്ഞ് വെങ്കടേഷ് വന്നപ്പോള്‍ ഒന്ന് ചേര്‍ത്ത് പിടിച്ച് ഞാന്‍ സന്തോഷത്തോടെ ആ തണ്ണിമത്തന്‍ സ്വീകരിച്ചു.

നന്ദി എന്ന വാക്കിന്റെ അര്‍ത്ഥം ഡിഷ്‌നറിയില്‍ പോലും കാണാത്ത ഇക്കാലത്ത് മനസ്സ് നിറഞ്ഞ സന്തോഷവുമായി വെങ്കടേഷിന്റെ ഈ തിരിച്ച് വരവിനെ ആശ്ചര്യത്തോടെ തന്നെ ഞാന്‍ ഇവിടെ എഴുതി ചേര്‍ക്കുക്കയാണ്. അയാള്‍ തന്ന സ്‌നേഹം നിറച്ച തണ്ണി മത്തന്‍ മധുരമേറിയതാണ്….
സ്‌നേഹത്തിന്റെ മധുരമൂറിയതാണ്.

Sharing is caring!