തീരദേശമേഖലയില്‍ പൊലിസിന്റെ ഏകപക്ഷീയ ഇടപെടല്‍ അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്നു: മുസ്ലിം ലീഗ്

തീരദേശമേഖലയില്‍  പൊലിസിന്റെ ഏകപക്ഷീയ ഇടപെടല്‍ അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്നു: മുസ്ലിം ലീഗ്

തിരൂര്‍: പൊലിസിന്റെ ഏകപക്ഷീയമായ ഇടപെടല്‍ കാരണമാണ് തീരദേശ മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷവും അക്രമങ്ങളും തുടരുന്നതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. കുറ്റവാളികള്‍ക്കെതിരെ പൊലിസ് മുഖം നോക്കാതെ നടപടിയെടുത്തിരുന്നെങ്കില്‍ ഉണ്യാല്‍ ഉള്‍പ്പെടെയുള്ള തീരപ്രദേശത്ത് അക്രമസംഭവങ്ങള്‍ അവസാനിക്കുമായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്യാലിലുണ്ടായ അക്രമസംഭവത്തില്‍ മുസ്ലിം ലീഗിന് യാതൊരു ബന്ധവുമില്ല. നബിദിന റാലിയിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തി ആറു പേരെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റുചെയ്യാന്‍ പൊലിസ് തയാറായിട്ടില്ല. ഇത് ഗുരുതര വീഴ്ചയാണ്. തീരദേശ അക്രമ സംഭവത്തില്‍ കെ.എം.സി.സിയെപോലുള്ള ജീവകാരുണ്യ സംഘടനകള്‍ക്കെതിരെ സി.പി.എം ആരോപണമുന്നയിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പല കേസുകളിലും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുകയും നിരപരാധികളെ വേട്ടയാടുകയുമാണ് പൊലിസ്. തീരദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താനാവശ്യമായ എന്തു ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചകള്‍ക്കും മുസ്ലിം ലീഗ് സന്നദ്ധമാണെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി, തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ, താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി അഷ്റഫ്, തിരൂര്‍ മണ്ഡലം ട്രഷറര്‍ കൊക്കോടി മൊയ്തീന്‍ പങ്കെടുത്തു.

Sharing is caring!