രണ്ടാഴ്ച്ചക്കുള്ളില്‍ കരിപ്പൂരില്‍നിന്നും വലിയ വിമാനം

രണ്ടാഴ്ച്ചക്കുള്ളില്‍ കരിപ്പൂരില്‍നിന്നും  വലിയ വിമാനം

മലപ്പുറം: വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് വീണ്ടും പറന്നുയരാന്‍ ഇനി രണ്ടാഴ്ച്ച മാത്രം. ഇന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് തീരുമാനമായതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.

കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ ചിറകടിയൊച്ച നിലച്ചിട്ട് മൂന്നു വര്‍ഷത്തിനടുത്ത് ആകുന്നു. അടുത്ത വേനല്‍ക്കാല ഷെഡ്യൂള്‍ നിലവില്‍ വരുന്നതിന് മുമ്പ് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനുള്ള ശ്രമം എം പിയെന്ന ചുമതല ഏറ്റെടുത്തത് മുതല്‍ തുടങ്ങിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യോമയാന മന്ത്രിഅശോക് ഗജപതി രാജുവുമായിട്ടായിരുന്നു ഔദ്യോഗികമായ ആദ്യ ചര്‍ച്ച തന്നെ. ഈ പരിശ്രമങ്ങള്‍ക്കെല്ലാം ശുഭപര്യവസ്യാനം ആകുന്നുവെന്നതാണ് ഇന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ വി എസ് ബുല്ലാറുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാകുന്നത്.

വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന റിപ്പോര്‍ട്ടിന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചു കഴിഞ്ഞു. സാങ്കേതികമായും, അടിസ്ഥാന സൗകര്യത്താലും വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യം റണ്‍വേയില്‍ ആയി കഴിഞ്ഞു. റിസയുടെ നീളം 90 മീറ്ററില്‍ നിന്ന് 240 മീറ്ററാക്കി വര്‍ധിപ്പിച്ച് സുരക്ഷ കൂട്ടാനുള്ള പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന വിമാനത്താവള ഉപദേശക സമിതിയുടെ യോഗം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനര്‍ ആരംഭിക്കുന്നത്തിനുള്ള ദൗത്യം പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വവും എന്നെ ഏല്‍പ്പിച്ചിരുന്നു.

ഡി ജി സി എ ഡയറക്ടര്‍ ജനറല്‍ ശ്രീ ബി എസ് ബുല്ലാറുമായി ഇന്ന് നടത്തിയ ചര്‍ച്ച ഫലപ്രദം ആയിരിക്കുകയാണ്. വര്‍ഷങ്ങളായി പലരിലൂടെ തുടരുന്ന ദൗത്യം യാഥാര്‍ത്ഥ്യമാകുന്നതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Sharing is caring!