ന്യൂനപക്ഷ മോര്‍ച്ചനേതാവായ മഞ്ചേരിയിലെ അഭിഭാഷകന്‍ പീഡിപ്പിക്കുന്നതായി മുന്‍ ഭാര്യ

ന്യൂനപക്ഷ മോര്‍ച്ചനേതാവായ  മഞ്ചേരിയിലെ അഭിഭാഷകന്‍ പീഡിപ്പിക്കുന്നതായി മുന്‍ ഭാര്യ

മലപ്പുറം: ന്യൂനപക്ഷ മോര്‍ച്ച നേതാവായ അഭിഭാഷകന്‍ കുടുംബ കോടതി വളപ്പിലും മറ്റും നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി ഡോക്ടറായ മുന്‍ ഭാര്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോട്ടക്കല്‍ സ്വാഗതമാട് മാങ്ങാട്ടില്‍ ഡോ. ഫാത്തിമാബിയാണ് മൂന്നര വര്‍ഷമായി അനുഭവിക്കുന്ന പീഡനാനുഭവങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. ന്യൂനപക്ഷ മോര്‍ച്ച നേതാവും അഭിഭാഷകനുമായ കോട്ടക്കല്‍ ഇന്ത്യനൂരിലെ സി അഷ്റഫ് 40 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപ സ്ത്രീധനവും വാങ്ങി ഇവരെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുമുണ്ട്. കള്ളനോട്ട് കേസില്‍ അഷ്റഫ് പ്രതിയാവുകയും ചെയ്തിരുന്നു. സ്വരച്ചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് ഇവര്‍ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതേ തുടര്‍ന്ന് പണ്ടവും പണവും തിരിച്ചു കിട്ടുന്നതിനും ചെലവിന് ലഭിക്കുന്നതിനുമായി ഫാത്തിമാബി മലപ്പുറം കുടുംബ കോടതിയെ സമീപിച്ചിരുന്നു. തിരൂര്‍ കോടതിയിലെ ന്യായാധിപനോട് അപമര്യാദയായി അഷ്റഫ് പെരുമാറിയതിനെ തുടര്‍ന്ന് ആദ്യ കേസ് ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്തിരുന്നു. കേസില്‍ ഫാത്തിമാബിക്ക് മാസംതോറും 10,000 രൂപ ചെലവിന് കൊടുക്കാന്‍ വിധിയും വന്നിരുന്നു. എന്നാല്‍ ഇതുവരെ ഒറ്റപൈസ പോലും അഷ്റഫ് നല്‍കിയിട്ടില്ല. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഫാത്തിമാബിക്ക് രണ്ട് കുട്ടികളെ കൈമാറണമെന്ന് കുടുംബ കോടതി നിര്‍ദ്ദേശമുണ്ട്. അതിനായി കുടുംബ കോടതിയില്‍ എത്തുമ്പോഴും കേസ് ദിവസങ്ങളിലുമാണ് അഷ്റഫ് അസഭ്യം പറഞ്ഞും ശാരീരികമായി ഉപദ്രവിച്ചും നിരന്തരം പീഡിപ്പിക്കുന്നത്. ഫാത്തിമാബിക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകരേയും അഷ്റഫ് കേട്ടാലറക്കുന്ന ഭാഷയില്‍ അസഭ്യം പറയാറുണ്ട്. രണ്ട് തവണ അഷ്റഫില്‍ നിന്നും ഗുരുതരമായ പീഡനങ്ങളേറ്റ് ഫാത്തിമാബി മലപ്പുറത്തെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. പരാതി നല്‍കിയിട്ടും അഷ്റഫിനെതിരെ കേസെടുക്കാന്‍ കോടതിയും പോലിസും മടിക്കുകയാണ്. കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയുള്ളതിനാല്‍ കുടുംബ കോടതിയിലെ ജീവനക്കാരും സംരക്ഷിക്കാനും സാക്ഷി പറയാനും മടിക്കുകയാണെന്നും ഫാത്തിമാബി പറയുന്നു. ചെലവിനുള്ള പണം പോലും നല്‍കാതെ ഇപ്പോഴും പീഡനം തുടരുകയാണ്. കേസുമായി മുന്നോട്ടു പോയാല്‍ കൊന്നുകളയുമെന്ന ഭീഷണിയുമുണ്ട്. ഒന്നിച്ച് കഴിഞ്ഞിരുന്നപ്പോള്‍ ശാള്‍ കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചതായും ഇവര്‍ പറയുന്നു. മക്കളെക്കൊണ്ട് പിതാവിനെതിരെ വ്യാജ മൊഴി നല്‍കി പോക്സോ കേസില്‍ പ്രതിയാക്കിയതായും ഇവര്‍ പറയുന്നു. കോടതി പരിസരത്ത് വെച്ച് നിരന്തരം അക്രമിക്കുന്ന മുന്‍ ഭര്‍ത്താവില്‍ നിന്നും സംരക്ഷണം വേണണെന്ന് ജില്ലാ പോലിസ് സൂപ്രണ്ടിനും മലപ്പുറം കുടുംബ കോടതിയിലും ഇവര്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പിതാവ് കോയാമു, ബന്ധു മുജീബ് പങ്കെടുത്തു.

Sharing is caring!