ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ്; മലപ്പുറത്ത് വ്യാപക റെയ്ഡ് 36പേര്‍ അറസ്റ്റില്‍, 35കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ്; മലപ്പുറത്ത് വ്യാപക റെയ്ഡ് 36പേര്‍ അറസ്റ്റില്‍, 35കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മലപ്പുറം: ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാപക റെയ്ഡ്. 36പേര്‍ അറസ്റ്റില്‍, 35കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ അടിസ്ഥാനത്തില്‍ നടക്കുന്ന് പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പോലീസ് വ്യാപക റെയ്ഡ് നടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ മലപ്പുറം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: പി.എം പ്രദീപ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി: ഉല്ലാസ്, ഡിവൈ.എസ്.പിമാരായ എം.പി മോഹനചന്ദ്രന്‍, ജലീല്‍തോട്ടത്തില്‍, ബിജുഭാസ്‌ക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപക റെയ്ഡ് നടത്തിയത്. ഏറ്റവും കൂടുതല്‍കേസുകള്‍ രജിസ്റ്റര്‍ചെയ്തത് മലപ്പുറം സബ്ഡിവിഷന് കീഴിലാണ്, ഇവിടെനിന്നുമാത്രം 25കേസുകളാണ് രജിസ്റ്റര്‍ചെയ്തത്.

കൊണ്ടോട്ടിയില്‍ ഏഴ് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി,മൊറയൂര്‍,പുളിക്കല്‍ എന്നിവിടങ്ങളിലെ അഞ്ച് കടകളില്‍ നിന്നാണ് ഏഴ് പേരെ അറസ്റ്റ് ചെയ്തത്.
മഞ്ചേരിയിലും പരിസരങ്ങളിലും ലോട്ടറി കടകള്‍ കേന്ദ്രീകരിച്ച് ഒറ്റയക്ക വ്യാജ ലോട്ടറി നടത്തി വന്ന ആറു പേരെ മഞ്ചേരി സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. 11 പേര്‍ക്കെതിരെ കേസെടുത്തു. മഞ്ചേരിയിലെ ആറ് ലോട്ടറി കടകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. മഞ്ചേരി പഴയ ബസ്‌സ്റ്റാന്റ് പരിസരത്തുള്ള മഹാലക്ഷ്മി ലോട്ടറി കട ഉടമ കരുവമ്പ്രം പൊട്ടക്കുളങ്ങര ഉണ്ണികൃഷ്ണന്‍ (40), സെന്‍ട്രല്‍ ജങ്ഷനിലെ ജെ.കെ.ലോട്ടറി ഉടമ പുല്ലഞ്ചേരി ഞെണ്ടുകണ്ണി സൈതലവി (40), മഞ്ചേരി പഴയ ബസ്‌സ്റ്റാന്റിനകത്തെ ഉദയം ലോട്ടറീസ് ഉടമ കരുവമ്പ്രം വെസ്റ്റ് പള്ളിക്കത്തൊടിക അജിത് (26), വിഷ്ണു ലോട്ടറി സെന്റര്‍ ഉടമ മഞ്ചേരി വികാസിലെ ആര്‍. സുബ്രഹ്മണ്യന്‍ (54), യു.കെ. ലോട്ടറി കട മാനേജര്‍ മഞ്ചേരി കരുവമ്പ്രം പാക്കറത്ത് ശങ്കരന്‍ (61), മഞ്ചേരി വിഘ്‌നേശ്വരാ ലോട്ടറി കട ഉടമ കോളേജ് റോഡിലെ അരീക്കല്‍ സേതുനാഥന്‍ (54)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മഞ്ചേരി സി.ഐ എന്‍.ബി.ഷൈജുവി െന്റ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കടകളില്‍ പരിശോധന നടത്തി അനധികൃത ലോട്ടറി പിടികൂടിയത്. സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി നറുക്കെടുപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജലോട്ടറി സംവിധാനമാണിത്. സമ്മാനമടിക്കുന്ന ലോട്ടറിയുടെ അവസാന നമ്പരുകള്‍ എഴുതിവാങ്ങുകയും സംസ്ഥാന ലോട്ടറിയുടെ ഫലം വന്നാല്‍ എഴുതിച്ചയാള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യലാണ് രീതി. പത്തുരൂപയാണ് ഒരു നമ്പരിന്. സമ്മാനമടിച്ചാല്‍ അഴുതിയയാള്‍ക്ക് 5,000 രൂപവരെ ലഭിക്കും. നേരത്തെ ഇത്തരം ലോട്ടറി നടത്തിയ മഞ്ചേരി, തൃക്കലങ്ങോട്, എളങ്കൂര്‍ എന്നിവിടയങ്ങളില്‍ നിന്ന് മൂന്നു കടകളില്‍ പരിശോധന നടത്തി വ്യാജ ലോട്ടറി നടത്തിവന്നവരെ അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐമാരായ ഫക്രുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍, പി.സഞ്ജീവ്, സജയന്‍ തുടങ്ങിയവരാണ് പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Sharing is caring!