ചെമ്മന്‍കടവില്‍ നടന്ന ദേശീയ സിക്‌സസ് ഹോക്കിയില്‍ തിരുവനന്തപുരം ജി.വി രാജ ചാമ്പ്യന്‍മാര്‍

ചെമ്മന്‍കടവില്‍ നടന്ന ദേശീയ സിക്‌സസ് ഹോക്കിയില്‍  തിരുവനന്തപുരം  ജി.വി രാജ ചാമ്പ്യന്‍മാര്‍

മലപ്പുറം: ചെമ്മന്‍കടവില്‍ നടന്ന പി.എന്‍.കുഞ്ഞിമമ്മു മാസറ്റര്‍ സ്മാരക ദേശീയ സിക്‌സസ് ഹോക്കി ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ചാമ്പ്യന്‍മാര്‍.
ഗോവ നവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമുമായി നടന്ന ഫൈനല്‍ മത്സരത്തില്‍
ഒന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ജി.വി രാജയുടെ വിജയം.
ഇന്നലെ രാവിലെ നടന്ന ആദ്യ സെമിയില്‍ മലപ്പുറം ജി.ബി.എച്ച്.എസ്.എസ് സീനിയര്‍ ടീമിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആറിനെതിരെ ഏഴുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജി.വി രാജ ഫൈനലില്‍ പ്രവേശിച്ചത്.
രണ്ടാം സെമിയില്‍ ആതിഥേയരായ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ ടീമിനെ ഗോവ നവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.
ചെമ്മന്‍കടവ് ജൂനിയര്‍ ടീമിലെ എ. സുഹൈലിനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും മലപ്പുറം ജി.ബി.എച്ച്.എസ്.എസ് സീനിയര്‍ ടീമിലെ അസ്ഹറുദ്ദീനെ മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുത്തു.
സമാപന ചടങ്ങ് ഹോക്കി കേരളാ വൈസ് പ്രസിഡന്റ് എ. കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫ്‌ളോര്‍ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കുഞ്ഞീതു അധ്യക്ഷത വഹിച്ചു. ഗോവ ഹോക്കി വൈസ്പ്രസിഡന്റ് പി.ബെമി, മുന്‍ ജൂനിയര്‍ ഹോക്കി ഇന്ത്യന്‍കോച്ച് സുധാകരന്‍, വാര്‍ഡംഗം കെ.ഷീന, സ്‌കൂള്‍ കായികാധ്യാപകനും ദേശീയ ഹോക്കി ടീംപരിശീലകനുമായ മുഹമ്മദ് ഷറഫുദ്ദീന്‍ റസ്‌വി പ്രസംഗിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ അബ്ദുല്‍ നാസര്‍ സ്വാഗതവും ഓള്‍ഡ് ഹോക്കിപ്ലയേഴ്‌സ് അസോസിയേഷന്‍ അംഗം മര്‍വാന്‍ നന്ദിയും പറഞ്ഞു.

Sharing is caring!