മോഹന്‍ലാലിനും പി.ടി.ഉഷക്കും കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് സമ്മാനിച്ചു

മോഹന്‍ലാലിനും  പി.ടി.ഉഷക്കും  കാലിക്കറ്റ്  സര്‍വകലാശാല ഡി.ലിറ്റ് സമ്മാനിച്ചു

തേഞ്ഞിപ്പലം: ഉത്തമ മാതൃകകളെ കണ്ടെത്തി അംഗീകാരം നല്‍കുന്നതിലൂടെ അക്കാദമിക സമൂഹത്തെ കൂടുതല്‍ ജ്ഞാനദീപ്തമാക്കുകയെന്നത് സര്‍വകലാശാലകളുടെ ദൗത്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ചലച്ചിത്രതാരം മോഹന്‍ ലാല്‍, കായികതാരം പി.ടി.ഉഷ എന്നിവര്‍ക്ക് ഓണററി ഡി.ലിറ്റ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. യുവതലമുറക്ക് അവര്‍ തെരഞ്ഞെടുക്കുന്ന മേഖലകളില്‍ ഉല്‍കൃഷ്ടതയാര്‍ജ്ജിക്കുന്നതിനായി പ്രയത്‌നിക്കുന്നതിന്, അര്‍ത്ഥസമ്പുഷ്ടമായ സ്വന്തം ജീവിതങ്ങളിലൂടെ ഇരുവരും പ്രേരകമായിതീര്‍ന്നു. കേരളക്കരയിലെ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന ഈ രണ്ട് വ്യക്തികളുടെ സേവനങ്ങളെയും നേട്ടങ്ങളെയും ആദരിക്കുകവഴി കാലിക്കറ്റ് സര്‍വകലാശാല പ്രതിബദ്ധത തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയും സര്‍വകലാശാലാ പ്രോ-ചാന്‍സലറുമായ പ്രൊഫ.സി.രവീന്ദ്രനാഥ് പ്രസംഗിച്ചു. കലാകായിക രംഗങ്ങളില്‍ പ്രത്യേകമായ കുടുംബപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത രണ്ട് പ്രതിഭകളും കഠിനപ്രയത്‌നത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയുമാണ് സ്വന്തം മേഖലകളില്‍ ഉന്നതങ്ങളിലെത്തി സമൂഹത്തിന്റെ സ്‌നേഹാദരങ്ങള്‍ക്ക് പാത്രമായിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വരുംതലമുറക്ക് മോഹന്‍ലാലും പി.ടി.ഉഷയും മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
സുവര്‍ണ്ണ ജുബിലി വര്‍ഷത്തില്‍ മോഹന്‍ലാലിനെയും പി.ടി.ഉഷയെയും ആദരിക്കുന്നത് അഭിമാനമായാണ് കാലിക്കറ്റ് സര്‍വകലാശാല കാണുന്നതെന്ന് ബിരുദദാന പ്രസംഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മോഹന്‍ലാല്‍ എന്ന നടന്റെ വിജയമുഹൂര്‍ത്തങ്ങളെല്ലാം താനവതരിപ്പിച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചവരുടെയും അത് അണിയിച്ചൊരുക്കിയവരുടെയും കൂടിയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സ്വന്തം വളര്‍ത്തമ്മയായ കാലിക്കറ്റ് സര്‍വകലാശാല ഓണററി ഡി.ലിറ്റ് നല്‍കുന്ന ദിവസം മറക്കാനാവാത്ത സുദിനമാണെന്ന് പി.ടി.ഉഷ പറഞ്ഞു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!