ആര്‍എസ്എസ് കേരളത്തിലെ മുസ്‌ലിംകളുടെ വിവരങ്ങള്‍ ശേഖരിച്ച് സമാഹാരം തയ്യാറാക്കി

ആര്‍എസ്എസ് കേരളത്തിലെ  മുസ്‌ലിംകളുടെ  വിവരങ്ങള്‍ ശേഖരിച്ച്  സമാഹാരം തയ്യാറാക്കി

മലപ്പുറം: ആര്‍എസ്എസ് മുസ്‌ലിംകളുടെയും സൈനിക കേന്ദ്രങ്ങള്‍ അടക്കമുള്ള തന്ത്രപ്രധാന മേഖലകളുടെയും വിവരങ്ങള്‍ ശേഖരിച്ച് സമാഹാരം തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ആര്‍എസ്എസിന്റെ സംഘടനാ സംവിധാനം ഉപയോഗിച്ചു തയ്യാറാക്കിയ രേഖകള്‍ക്കു മണ്ഡല പുസ്തകം എന്നാണു പേര് നല്‍കിയിരിക്കുന്നത്. ജനുവരി 26 തൊട്ട് പാലക്കാട്ടു നടക്കുന്ന ത്രിദിന ശിബിരത്തില്‍ സമാഹാരം സംബന്ധിച്ചു പ്രത്യേക സെഷനുകളായി ചര്‍ച്ചനടത്തിവരികയുമാണ്. അതേസമയം, വളരെ രഹസ്യമായി ആര്‍എസ്എസ് ഈ വിവരങ്ങള്‍ ശേഖരിച്ചത് കേരളത്തില്‍ വ്യാപകമായി കലാപം നടത്താനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണെന്നും സംശയം ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം സംബന്ധിച്ച് പോലിസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സര്‍ സംഘചാലക് മോഹന്‍ ഭാഗവത് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നതാണു ശിബിരം. ഇതര മതസ്ഥരേക്കാള്‍ മുസ്‌ലിംകളെയാണു വിവരശേഖരണത്തില്‍ കൂടുതലായും ഫോക്കസ് ചെയ്തിരിക്കുന്നത്. ഓരോ സംഘ മണ്ഡലത്തിലുമുള്ള മുസ്‌ലിം ജനസംഖ്യ, മുസ്‌ലിംകളുടെ സാമ്പത്തിക സ്രോതസ്സ്, മസ്ജിദുകള്‍, മറ്റു സ്ഥാപനങ്ങള്‍ എല്ലാം കൃത്യമായി ശേഖരിച്ച വിവരങ്ങള്‍ സമാഹാരത്തിലുണ്ട്. അതേസമയം, പോലിസ്, സൈനിക, അര്‍ധസൈനിക വിഭാഗങ്ങളുടെ കേന്ദ്രങ്ങള്‍ സംബന്ധിച്ചു പൂര്‍ണ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, നേവല്‍ ബേസ്, സൈനിക അഭ്യാസം നടത്തുന്ന മേഖലകള്‍ ഒക്കെയും പഠനവിധേയമാക്കിയിരിക്കുന്നു എന്നതാണ് ദുരൂഹമായിരിക്കുന്നത്. കൊല്ലം ചവറയിലുള്ള നിര്‍മാണക്കമ്പനി സൈനികര്‍ക്കും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും എന്തൊക്കെ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്നുവെന്ന വിവരവും പുസ്തകത്തിലുണ്ട്. അതേസമയം, അടുത്തിടെ, കുറ്റിപ്പുറം പാലത്തിനു സമീപത്തുനിന്ന് കണ്ടെടുത്ത ആയുധങ്ങളും ഇതും ആര്‍എസ്എസിന്റെ പഠനവും തമ്മിലുള്ള ബന്ധം സംബന്ധിച്ചും അധികൃതര്‍ പരിശോധിച്ചുവരികയാണ്.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പൂര്‍വസൈനിക പരിഷത്തിലെ ചിലരാണ് കുറ്റിപ്പുറത്ത് കുഴിബോംബുകളുടെ അവശിഷ്ടങ്ങളും വെടിയുണ്ടകളും സൈനികോപകരണങ്ങളും നിക്ഷേപിച്ചതെന്നു കരുതപ്പെടുന്നു.

Sharing is caring!