ക്വട്ടേഷന്‍ സംഘ നേതാവടക്കം 4പേര്‍ പിടിയില്‍

ക്വട്ടേഷന്‍ സംഘ നേതാവടക്കം  4പേര്‍ പിടിയില്‍

മഞ്ചേരി: യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയി പതിനാലു ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവടക്കം നാലുപേരെ മഞ്ചേരി പോലിസ് പിടികൂടി. 2016 ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ കൊടകര സ്വദേശി പെരിങ്ങല സുനില്‍ എന്ന പല്ലന്‍സുനില്‍, ചാലക്കുടി നായരങ്ങാടി സ്വദേശി ചിറ്റേത്ത് ലതീഷ്, മലപ്പുറം വെള്ളുവമ്പ്രം സ്വദേശികളായ പീടികപറമ്പന്‍ ബഷീര്‍, പോത്തക്കോടന്‍ ഷെഫീഖ് എന്നിവരാണ് മഞ്ചേരിയില്‍ പോലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. പണവുമായി ബൈക്കില്‍ പോവുകയായിരുന്ന വള്ളുവമ്പ്രം സ്വദേശി നൂറേന്‍മൂച്ചി ബഷീറിനെ ക്വാളിസ് വാനില്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി 14 ലക്ഷം രൂപ കവര്‍ന്നുവെന്നാണ് കേസ്. സംഭവത്തില്‍ വള്ളുവമ്പ്രം സ്വദേശികളായ കോയാലി ലത്തീഫ്, തോരപ്പ നൗഷാദ്, തൃശൂര്‍ സ്വദേശികളായ വെട്ടുകാട് ജിതേഷ്, ദീപു, സുനീശ്, സതീഷ്, അനൂപ്, രമേഷ്, രാജേഷ്, സുനീഷ്, അരീക്കോട് സ്വദേശി അക്ഷയ്, വടക്കാഞ്ചേരി സ്വദേശി ജിയാസ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. പണം തട്ടിയ സംഘത്തിലെ പ്രധാനിയാണ് ഇപ്പോള്‍ അറസ്റ്റിലായ സുനിലെന്ന് പോലിസ് പറഞ്ഞു.
വള്ളുവമ്പ്രം സ്വദേശി നൗഷാദിന്റെ അടുത്ത സുഹൃത്താണ് കവര്‍ച്ചയ്ക്ക് ഇരയായ ബഷീര്‍. നൗഷാദ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘം ആസൂത്രിതമായാണ് പണം തട്ടിയെടുത്തതെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം പിടിയിലായി ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ജയിലില്‍ വെച്ചു വരിചയപ്പെട്ട തമിഴ്‌നാടു സ്വദേശികളുമായി ചേര്‍ന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീട്ടില്‍ സെക്യൂരിറ്റിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു. ഇതിലും തുമ്പുണ്ടാക്കിയത് വള്ളുവമ്പ്രം പണം തട്ടലന്വേഷിക്കുന്ന മഞ്ചേരിയിലെ പ്രത്യേക അന്വേഷണ സംഘമാണ്. ഇപ്പോള്‍ പിടിയിലായ ക്വട്ടേഷന്‍ സംഘത്തലവന്‍ പല്ലന്‍ സുനിയുടെ പേരില്‍ തൃശൂര്‍ ഈസ്റ്റ്, പെരുമ്പാവൂര്‍, ഇരിഞ്ഞാലക്കുട സ്‌റ്റേഷനുകളില്‍ പണം കവര്‍ച്ച ചെയ്തതിന് കേസുകള്‍ നിലവിലുണ്ട്. 2010ല്‍ മഞ്ചേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഷൊര്‍ണൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ കെട്ടിയിട്ട് മോചന ദ്രവ്യം ആവശ്യപ്പെടുകയും ലഭിക്കാതെ വന്നപ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഷൊര്‍ണൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ്. സംഘത്തിലെ ബ്ലേഡ് ലതീഷ് എന്ന ലതീഷാണ് സംഘത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട് സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ന്ന കേസിലും 16 ലക്ഷം രൂപ കവര്‍ന്നകേസിലും ഈ സംഘത്തിന്റെ അറസ്‌റ്റോടെ തുമ്പുണ്ടാക്കാന്‍ പോലിസിനായി. വള്ളുവമ്പ്രം സ്വദേശിയായ ബഷീര്‍ മഞ്ചേരി എസ്.ഐയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവമടക്കം മൂന്നു കൊലപാതകശ്രമ കേസുകളില്‍ പ്രതിയാണ്. ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയ്ക്ക് ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം സി.ഐ എന്‍.ബി.ഷൈജു, എസ്.ഐ ഫക്രുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍, ഉണ്ണികൃഷ്ണന്‍, ശശി കുണ്ടറക്കാട്, പി.സഞ്ജീവ്, എസ്.ഐ.സത്യനാഥന്‍, സി.പി.ഒ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!