ഐഎന്‍എല്ലിന്റെ മുന്നണി പ്രവേശം തടയാന്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ചിലര്‍ ഒന്നിക്കുന്നു

ഐഎന്‍എല്ലിന്റെ മുന്നണി പ്രവേശം തടയാന്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ചിലര്‍ ഒന്നിക്കുന്നു

മലപ്പുറം: ഇടതുപക്ഷ മുന്നണിയിലേക്കുള്ള ഐഎന്‍എല്ലിന്റെ പ്രവേശനം തടയാന്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ചിലര്‍ ഒന്നിക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എപി അബ്ദുല്‍ വഹാബ്. പാര്‍ട്ടി വളരുമെന്ന പേടിയാണ് ഇതിന് കാരണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

‘ഇബ്രാഹിം സുലൈമാന്‍ സേട്ടുവെന്ന മഹാമനീഷിയുടെ നേതൃത്വത്തില്‍ പിറവിയെടുത്ത ഐഎന്‍എല്‍ രണ്ടു കാര്യങ്ങളാണ് അടിസ്ഥാനപരമായി മുന്നോട്ട് വെച്ചത്. സാമുദായിക രാഷ്ട്രീയത്തിന്റ തിരസ്‌കാരവും മതനിരപേക്ഷ കൂട്ടായ്മക്കുളള ശ്രമവും. വലത്പക്ഷത്തിന് ഇവരണ്ടും അസ്വീകാരൃമായിരുന്നു. സ്വാഭാവികമായും ഐഎന്‍എല്‍ ഇടതുപക്ഷത്തോടടുത്തു. തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലനങ്ങളുണ്ടാക്കി. എന്നാല്‍, ഐഎന്‍എല്ലിന്റ പ്രത്യയശാസ്ത്ര നിലപാടുകളെ മനസ്സിലാക്കാന്‍ മെനക്കെടാത്തവരില്‍ ഇടതുപക്ഷത്തും ചിലരുണ്ടായിരുന്നു. ഐഎന്‍എല്ലിനെ അവമതിക്കാന്‍ അവരുമുണ്ടായിരുന്നു രംഗത്ത്. ‘ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഐഎന്‍എല്ലിന്റ ഇടതുമുന്നണി പ്രവേശനത്തെ ആശയോടും ആശങ്കയോടും കാണുന്നവരുണ്ട്.
ആദ്യത്തെ വിഭാഗം പാര്‍ട്ടിയുടെ അനുഭാവികളും അഭ്യൂദയകാംക്ഷികളുമാണെങ്കില്‍ രണ്ടാമത്തെ വിഭാഗം വിവിധ പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലുംപെട്ട ഐഎന്‍എല്‍ വിരുദ്ധരാണ്. മുന്നണിയിലംഗമായാല്‍ ഐഎന്‍എല്‍ വല്ലാതെയങ്ങ് വളര്‍ന്നേക്കുമോയെന്നാണ് ആശങ്കക്കാരുടെ പേടി. അത്‌കൊണ്ട് തന്നെ, മുന്നണി പ്രവേശനത്തിന്റ സാദ്ധ്യതകളെ തടയാന്‍ കക്ഷി രാഷ്ട്രീയ വൃത്യാസമില്ലാതെ ഇക്കൂട്ടരൊന്നാണ്.

ഇബ്രാഹിം സുലൈമാന്‍ സേട്ടുവെന്ന മഹാമനീഷിയുടെ നേതൃത്വത്തില്‍ പിറവിയെടുത്ത ഐഎന്‍എല്‍ രണ്ടു കാര്യങ്ങളാണ് അടിസ്ഥാനപരമായി മുന്നോട്ട് വെച്ചത്. സാമുദായിക രാഷ്ട്രീയത്തിന്റ തിരസ്‌കാരവും മതനിരപേക്ഷ കൂട്ടായ്മക്കുളള ശ്രമവും. വലത്പക്ഷത്തിന് ഇവരണ്ടും അസ്വീകാരൃമായിരുന്നു. സ്വാഭാവികമായും ഐഎന്‍എല്‍ ഇടതുപക്ഷത്തോടടുത്തു. തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലനങ്ങളുണ്ടാക്കി.
എന്നാല്‍, ഐഎന്‍എല്ലിന്റ പ്രത്യയശാസ്ത്ര നിലപാടുകളെ മനസ്സിലാക്കാന്‍ മെനക്കെടാത്തവരില്‍ ഇടതുപക്ഷത്തും ചിലരുണ്ടായിരുന്നു. ഐഎന്‍എല്ലിനെ അവമതിക്കാന്‍ അവരുമുണ്ടായിരുന്നു രംഗത്ത്.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രമുള്ളതല്ല ഐഎന്‍എല്ലിന്റ ഇടതുപക്ഷ ബാന്ധവം.
ഇടതുപക്ഷത്തിന്റ സാമ്രാജ്യത്വഫാസിസ്റ്റ് വിരുദ്ധ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും ഐഎന്‍എല്ലിന്റ പങ്കാളിത്തമുണ്ട്.
ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിലും സമരങ്ങളിലും ഐഎന്‍എല്ലിന്റ സജീവ
സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. നവലിബറല്‍ ഉദാരീകരണത്തിനെതിരെ ഐഎന്‍എല്ലും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇടതുപക്ഷുമായി ഇഴകിചേര്‍ന്ന് കൊണ്ടാണ് ഐഎന്‍എല്‍ പ്രവര്‍ത്തകരുമുളളത്. മുന്നണി പ്രവേശനമെന്ന ദീര്‍ഘകാല ആവിശ്യത്തിന്റ പൊരുളും പരിസരവുമിതാണ്. മുന്നണി വിപുലീകരിക്കപ്പെടുകയും പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുകയും ചെയ്യുബോള്‍ പ്രഥമ പരിഗണന ഐഎന്‍എല്ലിനായിരിക്കുമെന്നാണ് ഇക്കാര്യത്തില്‍ ഇടതുപക്ഷം നല്‍കിയ ഉറപ്പ്. ഐഎന്‍എല്ലിനോട് മാത്രമായിട്ടല്ല പൊതുസമൂഹത്തോടും ഇടതുപക്ഷ നേതാക്കള്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.

അധികാര പങ്കാളിത്തത്തിന്റ സുഖം പറ്റാനല്ല ഐഎന്‍എല്‍ മുന്നണി പ്രവേശനം തേടുന്നത്. സ്ഥാനമാനങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ചവരോടും വന്‍വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് പ്രീണിപ്പിക്കാന്‍ ശ്രമിച്ചവരോടും മുഖംതിരിച്ചവരാണ് ഐഎന്‍എല്ലുകാര്‍.
അധികാര സ്ഥാനങ്ങള്‍ക്ക് ഇടവും വലവും നോക്കാതെ ആക്രാന്തം കാട്ടിയോടുന്ന പാര്‍ട്ടികള്‍ക്കും മെച്ചപ്പെട്ട അവസരങ്ങളും സാധ്യതകളും നോക്കി തരാതരം നിലപാട് മാറ്റുന്ന കക്ഷികള്‍ക്കും മനസ്സിലാക്കാനാവാത്തതാണ് ഐഎന്‍എല്ലിന്റ മനസ്സ്. ഈ പാര്‍ട്ടിക്ക് ഒരാദര്‍ശമുണ്ട്, ആദര്‍ശത്തോട് അധമ്യമായ പ്രതിബദ്ധതയുമുണ്ട്. പ്രതിസന്ധിയുടേയും പരീക്ഷണങ്ങളുടേയും നെരിപ്പോടിലായിരുന്നപ്പോഴും പാര്‍ട്ടിയുടെ അന്തസ്സുളള അതിജീവനത്തിന് നിദാനമായത് ഈ ആദര്‍ശമാണ്.

പതിനായിരകണക്കിന് സാധാരണക്കാര്‍ ഇന്നും ഈ പാര്‍ട്ടിയോടപ്പമുണ്ട്. സേട്ട് സാഹിബെന്ന മഹിത പ്രഭാവന്റെ ആദര്‍ശ ശുദ്ധിയെ അഗ്‌നിയായി ജ്വലിപ്പിച്ച് അവര്‍ ഈ പാര്‍ട്ടിയെ കാത്ത്‌പോരുന്നു, നയിക്കുന്നു. അമ്പതിനായിരത്തിലധികം അംഗങ്ങളും അതിന്റെ മൂന്നിരട്ടിയെങ്കിലും ഉറ്റ അനുഭാവികളുമുണ്ട് ഈ
പ്രസ്ഥാനത്തിന്. വിഭവങ്ങള്‍ ചൊരിഞ്ഞുണ്ടാക്കിയ പാര്‍ട്ടി കാഡറിന്റ പ്രഭാവത്തില്‍ തിളങ്ങുന്ന കക്ഷികള്‍ക്ക് ഇത് ചെറിയ അക്കമായി തോന്നിയേക്കാം. പക്ഷേ ഐഎന്‍എല്ലിന് സ്വയമങ്ങനെ തോന്നിയിട്ടില്ല. ജനാധിപത്യത്തിന്റ ഗണിത പ്രാധാന്യത്തില്‍ ഐഎന്‍എല്ലിനും വിശ്വാസമുണ്ട്. ഇതേ വിശ്വാസ പരിസരത്തില്‍ നിലകൊണ്ട് തന്നെ പറയട്ടെ, ഐഎന്‍എല്‍ വോട്ടുകള്‍ക്കും രാഷ്ട്രീയ ഭൂമികയില്‍ ചിലതൊക്കെ ചെയ്യാനാവും.

മുന്നണി പ്രവേശം ഐഎന്‍എല്ലിന്റ ന്യായമായ ഒരാവിശ്യമാണ്. അത് നിഷേധിക്കപ്പെടുന്നതിനോ നീട്ടിക്കൊണ്ടുപോകുന്നതിനോ യാതൊരു ന്യായവുമില്ല. അതേസമയം, സാമുവല്‍ ബക്കറ്റിന്റ കാഥാപാത്രങ്ങളെപ്പോലെ ഗോദയെ കാത്ത് മുഷിഞ്ഞ് നിരാശകേറി ഐഎന്‍എല്ലുകാരപ്പാടെ തീരോഭവിക്കുമെന്ന് ആരും കരുതേണ്ട. ചില ചരിത്ര നിയോഗങ്ങള്‍ പൂര്‍ത്തികരിച്ച് കൊണ്ട് കൂടുതല്‍ കരുത്തോടെ അപ്പോള്‍ ഐഎന്‍എല്‍ കര്‍മ്മ നിരതമാവും.

എ.പി അബ്ദുല്‍ വഹാബ്.
ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി.

 

Sharing is caring!