അറസ്റ്റിലായ ലീഗുകാര്‍ക്ക് കുരുക്കായി പൊതുമുതല്‍ നശിപ്പിക്കല്‍ നിയമം

അറസ്റ്റിലായ ലീഗുകാര്‍ക്ക് കുരുക്കായി പൊതുമുതല്‍ നശിപ്പിക്കല്‍ നിയമം

മലപ്പുറം: യുഡിഎഫ് ഹര്‍ത്താല്‍ ദിവസം പെരിന്തല്‍മണ്ണയിലുണ്ടായ അക്രമത്തില്‍ അറസ്റ്റിലായവര്‍ക്ക് കുരുക്കായി പൊതുമുതല്‍ നശിപ്പിക്കല്‍ നിയമം. അറസ്റ്റിലായ ലീഗുകാര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ നഷ്ടപരിഹാര തുക നല്‍കണം. നഗരസഭാ ചെയര്‍മാന്റെ കാര്‍, ഓഫീസ്, പോളി ടെക്‌നിക്ക് എന്നിവിടങ്ങളിലെ അക്രമത്തില്‍ 75 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. നഗരസഭയുടെ ബസ് വെയ്റ്റിങ് ഷെഡ് തകര്‍ത്തതില്‍ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പറയുന്നു.

പോലീസ് റിപ്പോര്‍ട്ട് പ്രകാരം 75 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഹര്‍ത്താല്‍ ദിവസത്തെ അക്രമത്തിന്റെ പേരില്‍ 20 യുഡിഎഫ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ ഈ തുക നല്‍കണം. ഹൈകോടതിയില്‍ പോയാല്‍ തുകയില്‍ ചിലപ്പോള്‍ ഇളവ് ലഭിക്കാമെങ്കിലും തീരുമാനമാകാന്‍ സമയമെടുക്കും.

പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക്ക് പ്രോപര്‍ട്ടി ആക്ട് (പിഡിപിപി) നിയമം നിലവില്‍ വരുന്നത് ഹൈകോടതി ജസ്റ്റിസായ കെടി ശങ്കരന്റെ റൂളിങ്ങോടെയാണ്. ഹര്‍ത്താല്‍ ദിവസങ്ങളിലം സമരങ്ങള്‍ക്കിടയിലും കെഎസ്ആര്‍ടിസി ബസടക്കമുള്ള പൊതുമുതലുകള്‍ നശിപ്പിക്കല്‍ വ്യാപകമായ സമയത്താണ് കെടി ശങ്കരന്‍ റൂളിങ് നല്‍കിയത്.

മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് ഓഫീസ് തകര്‍ക്കുന്നതിലും ഹര്‍ത്താലിലും കലാശിച്ചത്.

Sharing is caring!