പീസ് സ്‌കൂളിന് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അധികൃതര്‍

പീസ് സ്‌കൂളിന് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അധികൃതര്‍

കോട്ടക്കല്‍: പീസ് സ്‌കൂളിനെതിരെ വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍. കോട്ടക്കല്‍ പീസ് സ്‌കൂളാണ് വിശദീകരണവുമായി രംഗതെത്തിയിട്ടുള്ളത്. വ്യത്യസ്ത മാനേജ്‌മെന്റുകളുടെ കീഴില്‍ സി ബി എസ് ഇ അംഗീകരത്തോടെയാണ് കേരളത്തിലെ വിവിധ പീസ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും, കോട്ടയ്ക്കലെ പീസ് സ്‌കൂള്‍ സി ബി എസ് ഇ അംഗീകാരമുള്ളതാണെന്നും ഇവര്‍ പറയുന്നു. സ്‌കൂളിന് സക്കീര്‍ നായിക്കുമായി ബന്ധമുണ്ടെന്നും, ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും തുടങ്ങിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സ്ഥാപനം പറയുന്നു.

നിലവില്‍ സംസ്ഥാനത്തെ ഒരു പീസ് സ്‌കൂളിനും പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടില്ല. എല്ലാ സ്‌കൂളുകളും പ്രവേശന നടപടികളുമായി മുന്നോട്ട് പോവുകയാണ്. മികച്ച ഭൗതിക സാഹചര്യങ്ങളും, അധ്യയന മികവും അവകാശപ്പെടുന്ന സംസ്ഥാനത്തെ പീസ് സ്‌കൂളുകള്‍ വ്യത്യസ്ത ട്രസ്റ്റുകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കന്നത്.

സ്‌കൂളിനെ മോശമാക്കുന്ന തരത്തില്‍ നടത്തുന്ന കുപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അധികൃതര്‍ പറഞ്ഞു. സ്‌കൂളുകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട അധ്യാപകരും, അനധ്യാപകരും, വിദ്യാര്‍ഥികളും ഉള്‍പ്പെടെ തള്ളി കളഞ്ഞതാണ്. വിദ്യാലയങ്ങളില്‍ നിന്നും യാതൊരു കൊഴിഞ്ഞു പോക്കും ഉണ്ടായിട്ടില്ല. എന്നിട്ടും പീസ് സ്‌കൂളുകള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ ദുഷ്ടലാക്കോടെ ഉള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Sharing is caring!