പൊന്നാനി സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെ സി.പി.ഐ ചെയര്‍പേഴ്‌സന് ജയം

പൊന്നാനി സി.ഡി.എസ്  തെരഞ്ഞെടുപ്പില്‍  യു.ഡി.എഫ് പിന്തുണയോടെ  സി.പി.ഐ ചെയര്‍പേഴ്‌സന് ജയം

പൊന്നാനി: പൊന്നാനി സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പിന്തുണയോടെ സി.പി.ഐ ചെയര്‍പേഴ്‌സണ് ജയം. സി.പി.ഐയിലെ മുന്‍ കൗണ്‍സിലര്‍ അജീന ജബ്ബാറാണ് ചെയര്‍പേഴ്‌സണായി വിജയിച്ചത്. ഒമ്പതിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് അജീന വിജയിച്ചത്. പൊന്നാനി നഗരസഭയിലെ സി.ഡി.എസ് രണ്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫ് മുന്നണി ബന്ധം കാറ്റില്‍ പറത്തി യു.ഡി.എഫ് പിന്തുണയോടെ സി.പി.ഐയിലെ മുന്‍ കൗണ്‍സിലര്‍ അജീന ജബ്ബാര്‍ വിജയിച്ചത്. സി.ഡി.എസ് രണ്ടിന് കീഴില്‍ ആകെയുള്ള പത്തൊമ്പത് വാര്‍ഡുകളില്‍ യു.ഡി.എഫിന് ഒമ്പതും സി.പി.എമ്മിന് ഒമ്പതും സി.പി.ഐക്ക് ഒന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടെ സി.പി.ഐ പ്രതിനിധിയുടെ വോട്ട് നിര്‍ണായകമാവുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് യു.ഡി.എഫ് സി.പി.ഐ അംഗത്തെ പിന്തുണച്ച് ചെയര്‍പേഴ്‌സണാക്കിയത്. വോട്ടെടുപ്പില്‍ നാല്പത്തിയഞ്ചാം വാര്‍ഡില്‍ നിന്നുള്ള സബീറയെ യു.ഡി.എഫ്. അംഗങ്ങളുടെ സഹായത്തോടെ ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാണ് അജീന ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രതിനിധി അമ്പതാം വാര്‍ഡില്‍ നിന്നുള്ള റൈസയെ യു.ഡി.എഫ് പ്രതിനിധി 46ാം വാര്‍ഡില്‍ നിന്നുള്ള എം.ഷാഹിദ പരാജയപ്പെടുത്തി. അജീന ജബ്ബാറിന്റെ വോട്ട് യു.ഡി.എഫ്.പ്രതിനിധിക്ക് ലഭിച്ചതാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം യു.ഡി.എഫിന് ലഭിക്കാനിടയായത്. സി.ഡി.എസ് രണ്ടിന് കീഴിലെ എ.ഡി.എസ്. തെരഞ്ഞെടുപ്പുകളിലും വാശിയേറിയ പോരാട്ടമാണ് നടന്നത്. എന്നാല്‍ സി.സി.എസ് തെരഞ്ഞെടുപ്പില്‍ രാഷ്ര്ടീയമില്ലെന്നും തന്റെ സുഹൃത്തുക്കളുടെ വോട്ട് ലഭിച്ചതിനാലാണ് താന്‍ ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടതെന്നും അജീന ജബ്ബാര്‍ പറഞ്ഞു. ഇതിനിടെ സി.ഡി.എസ് ഒന്നില്‍ യു.ഡി.എഫിലെ ഏഴിനെതിരെ 24 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ്. സി.ഡി.എസ് നിലനിര്‍ത്തി. സി.പി.എമ്മിലെ ആറാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിഷാലി പ്രദീപ് ചെയര്‍പേഴ്‌സണായും അഞ്ചാം വാര്‍ഡില്‍ നിന്നുള്ള മിനി പ്രവീണ്‍ വൈസ് ചെയര്‍പേഴ്‌സണായും തെരഞ്ഞെടുത്തു.

Sharing is caring!