പെരിന്തല്‍മണ്ണയിലെ യഥാര്‍ത്ഥ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ എസ്.പി ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് മുസ്ലിംലീഗ്

പെരിന്തല്‍മണ്ണയിലെ യഥാര്‍ത്ഥ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍  എസ്.പി ഓഫീസ് മാര്‍ച്ച്  നടത്തുമെന്ന് മുസ്ലിംലീഗ്

മലപ്പുറം: പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ് ഓഫീസ് തകര്‍ത്ത് നാമാവശേഷമാക്കിയ എസ്എഫ്ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മുഴുവന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോവുന്നതിന് മുസ്ലിം ലീഗ് ജില്ലാ നേതൃ യോഗം തീരുമാനിച്ചു. ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയവര്‍ ഇ.എം.എസ് ആസ്പത്രിയില്‍ സുഖ ചികിത്സയില്‍ കഴിയുന്നവരാണ്. യഥാര്‍ത്ഥ പ്രതികളെ വീഡിയോകളില്‍ നിന്നും ലഭിക്കുന്നതാണ്.
പെരിന്തല്‍മണ്ണ ഗവ: പോളിയില്‍ എസ്.എഫ്.ഐ ഭീകര താണ്ഡവവും അതിന് സിപിഎം നല്‍കുന്ന പിന്തുണയുമാണ് പെരിന്തല്‍മണ്ണയിലെ എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും കാരണം. ഈ അധ്യയന വര്‍ഷം അഞ്ചുതവണ എം.എസ്.എഫ്, കെ.എസ്.യു പതാകകള്‍ എസ്.എഫ്.ഐ ഗുണ്ടകള്‍ പിഴുതെടുത്ത് നശിപ്പിച്ചിരുന്നു. ഒടുവില്‍ 19ന് വെള്ളിയാഴ്ച എം.എസ്.എഫ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യാ പ്രസിഡണ്ട് ടി.പി അഷറഫലി പോളിക്ക് മുന്നില്‍ പൊതു നിരത്തില്‍ പതാക ഉയര്‍ത്തുന്നതിന് വേണ്ടി വന്ന സമയത്ത് സംസ്ഥാന – ജില്ലാ നേതാക്കളുടെ മുന്നില്‍ വെച്ച് കൊടിമരം മുറിച്ച് മാറ്റുകയും തോരണങ്ങള്‍ നശിപ്പിച്ച് എം.എസ്.എഫ് പ്രവര്‍ത്തകരെ അടിച്ചോടിക്കുകയും ചെയ്തിരുന്നു, അന്നേ ദിവസം ഇരിമ്പ് പൈപ്പില്‍ ഇവിടെ സ്ഥാപിച്ച എം.എസ്.എഫ് പതാകയും പതിവ് പോലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറിച്ച് കൊണ്ട് പോയി. ഇതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ 22 ന് പോളിക്ക് മുന്നില്‍ നടത്തിയ ജാഥക്ക് നേരെ കോളേജിനകത്ത് നിന്ന് എസ്.എഫ്.ഐകാര്‍ നടത്തിയ കല്ലേറാണ് ഈ നാടിനെയൊന്നാകെ സംഘര്‍ഷത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണമായതെന്ന് യോഗം വിലയിരുത്തി.
അങ്ങാടിപ്പുറത്തെ ഈ സംഭവത്തിന്റെ പേരില്‍ പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ് ഓഫീസിന്റെ പൂട്ട് പൊളിച്ച് ഷട്ടര്‍ തകര്‍ത്ത് ഓഫീസിനകത്ത് കയറി മുഴുവന്‍ സാധന സാമഗ്രികളും അടിച്ച് തകര്‍ത്ത് നശിപ്പിച്ചതിനും അവിടെ ഉണ്ടായിരുന്ന രണ്ടു ലക്ഷം രൂപ മോഷണം നടത്തുകയും ചെയ്തതിന് എന്ത് ന്യായീകരണമാണുള്ളത്. അങ്ങാടിപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് രണ്ട് കിലോ മീറ്റര്‍ ദൂരം ഇരുമ്പ് വടികളുമായി എസ്എഫ്ഐക്കാര്‍ ദേശീയ പാതയിലൂടെ ജാഥയായി വന്ന ശേഷം ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ഒരു മണിക്കൂറോളം സമയമെടുത്ത് എല്ലാം തകര്‍ത്തിട്ടും പോലീസ്സ് അങ്ങോട് തിരിഞ്ഞ് നോക്കാതിരുന്നതും ഈ ഗുണ്ടാ വിളയാട്ടത്തിന് ശേഷം ടൗണില്‍ ജാഥ നടത്തി എസ്.എഫ്.ഐക്കാര്‍ സിപിഎം ഓഫീസില്‍ കയറി സുരക്ഷിതമായി താമസിക്കാന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതും ലജ്ജാകരമായ സംഭവങ്ങളാണ്.
വാര്‍ത്താ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റങ്ങളില്‍ യോഗം ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങളുടെ പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് നേതൃത്വം പരിശോധിക്കുകയും യുക്തമായ നടപടി എടുക്കുകയും ചെയ്യും.
ഹര്‍ത്താലിനോടനുബന്ധിച്ച് സാധാരണ ഗതിയില്‍ നടക്കുന്ന പ്രകടനങ്ങള്‍ നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജും അക്രമണങ്ങളുമാണ് പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിതരാക്കുകയും പ്രതിഷേധാഗ്‌നി ആളിക്കത്തിക്കുകയും ചെയ്തത്. ഇതിന്റെ മറവില്‍ ആരാണ് അക്രമികള്‍ എന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ നിരപരാധികളായ മുസ്ലിംലീഗ് പ്രവര്‍ത്തകരെ പോലീസ് വേട്ടയാടിയാല്‍ അതിനെ പ്രതിരോധിക്കേണ്ട ബാധ്യത മുസ്ലിം ലീഗ് നിറവേറ്റുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജന: സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജന: സെക്രട്ടറി കെ.പി.എ മജീദ്, അഡ്വ: യു.എ ലത്തീഫ്, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, അഷ്റഫ് കോക്കൂര്‍, സി. മുഹമ്മദലി, എം. അബ്ദുള്ളക്കുട്ടി, എം.എ ഖാദര്‍, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, ഇസ്മായീല്‍ മൂത്തേടം, പി.കെ.സി അബ്ദു റഹ്മാന്‍, കെ.എം.ഗഫൂര്‍, പി.പി സഫറുള്ള എന്നിവര്‍ പങ്കെടുത്തു.

Sharing is caring!