പെരിന്തല്‍ണ്ണ സംഘര്‍ഷം, അറസ്റ്റിലായവരില്‍ ഭൂരിഭാഗവും യു.ഡി.എഫുകാര്‍

പെരിന്തല്‍ണ്ണ സംഘര്‍ഷം, അറസ്റ്റിലായവരില്‍ ഭൂരിഭാഗവും യു.ഡി.എഫുകാര്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 29 പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. 15 പേര്‍ കസ്റ്റഡിയിലുണ്ട്. ഒരു ഡസനിലേറെ കേസുകള്‍ രജിസ്റ്റര്‍ചെയ്തു.
നഗരസഭ ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും 20 യു.ഡി.എഫ് പ്രവര്‍ത്തകരെയും മുസ്ലിംലീഗ് ഓഫീസ് ആക്രമിച്ചതിന് ഒമ്പത് എസ്.എഫ്.ഐ പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്. പോളിടെക്‌നിക്കില്‍ കയറി പൊതുമുതല്‍ ആക്രമിച്ച് നശിപ്പിച്ചതിനും അദ്ധ്യാപികമാരെയും വിദ്യാര്‍ത്ഥികളെയും ആക്രമിച്ചതിനും 15 ഓളം യു.ഡി.എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോളിടെക്‌നിക് ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. മുസ്ലിംലീഗ് നിയോജകമണ്ഡലം ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറ്റമ്പതോളം പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കെതിരെ ആയുധങ്ങളുമായി സംഘം ചേരല്‍, അക്രമലക്ഷ്യത്തോടെ സംഘടിക്കല്‍, മോഷണം തുടങ്ങി ഏഴോളം വകുപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
അങ്ങാടിപ്പുറം പോളിടെക്‌നിക്കിനു മുന്നില്‍ ദേശീയപാത ഉപരോധിച്ചതിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരേയും പെരിന്തല്‍മണ്ണ ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചതിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയും കേസെടുത്തിട്ടുണ്ട്. അങ്ങാടിപ്പുറത്ത് മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലും കേസെടുത്തു.

Sharing is caring!