പെരിന്തല്‍മണ്ണ അക്രമക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ സമാധാന ചര്‍ച്ചയില്ല: യു.ഡി.എഫ്

പെരിന്തല്‍മണ്ണ അക്രമക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ  സമാധാന ചര്‍ച്ചയില്ല: യു.ഡി.എഫ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നടന്ന ആക്രമണ സംഭവങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് എന്നിവര്‍ കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനങ്ങളോടും ജില്ലാ കലക്റ്ററോടുമുള്ള ബഹുമാനം കാരണമാണ് ഞങ്ങള്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ സമാധാന ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ല. ഭരണത്തിന്റെ പിന്‍ബലത്തില്‍ പൊലീസ് അടക്കമുള്ള എല്ലാ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഏകപക്ഷീയമായിട്ടാണ് പൊലീസിന്റെ പെരുമാറ്റം. ഈ സാഹചര്യത്തില്‍ ചര്‍ച്ച നടത്തിയതു കൊണ്ടു കാര്യമില്ല, ജനങ്ങളുടെ സമാധാനം തകര്‍ത്ത് ആക്രമണം അഴിച്ചുവിടുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണ് ആവശ്യം. രാഷ്ട്രീയ എതിരാളികളെ ആക്രമണത്തിലൂടെ ഉ•ൂലനം ചെയ്യുകയെന്ന സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണ് മലപ്പുറത്തും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഭരണം കൈയിലുള്ള ഹുങ്കില്‍ അഴിഞ്ഞാടുന്ന അണികളെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം നേതാക്കള്‍ തയാറാകണമെന്നും വി.വി. പ്രകാശും അഡ്വ. യു.എ. ലത്തീഫും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Sharing is caring!