രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്രമാകുന്ന തീരുമാനം റയില്‍വേ ബോര്‍ഡിന്റെ മുന്നിലേക്ക്‌

രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്രമാകുന്ന തീരുമാനം റയില്‍വേ ബോര്‍ഡിന്റെ മുന്നിലേക്ക്‌

നിലമ്പൂര്‍: രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്ര ട്രെയിന്‍ ആക്കുന്ന നടപടി അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. പി വി അബ്ദുല്‍ വഹാബ് എം പിയുടേയും, നിലമ്പൂര്‍-മൈസൂര്‍ റയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലയിലെ ട്രെയിന്‍ യാത്രികര്‍ക്കാകെ ഗുണകരമാകുന്ന മാറ്റം വരുത്താന്‍ ശ്രമം നടക്കുന്നത്. ദക്ഷിണ റയില്‍വേയുടെ പൂര്‍ണ പിന്തുണ രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കുന്നതിന് ലഭിച്ച് കഴിഞ്ഞു. ഇനി ടൈം ടേബിള്‍ കമ്മിറ്റിയുടേയും, റയില്‍വേ ബോര്‍ഡിന്റെയും അനുമതി ആവശ്യമാണ്.

ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ കെ കുല്‍ശ്രേഷ്ഠയുമായി പി വി അബ്ദുല്‍ വഹാബ് എം പി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. ദക്ഷിണ റയില്‍വേ എല്ലാവിധ പിന്തുണയും രാജ്യറാണി സ്വതന്ത്രമാക്കുന്നതിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇനി അവസാന തീരുമാനം വരേണ്ടത് റയില്‍വേ ബോര്‍ഡിന്റെ ഭാഗത്തു നിന്നാണ്. രാജ്യത്ത് പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതും, റൂട്ട് മാറ്റുന്നതുമെല്ലാം റയില്‍വേ ബോര്‍ഡിന്റെ തീരുമാനമാണ്. അവരുടെ തീരുമാനമാകും രാജ്യറാണി സ്വതന്ത്രമാക്കണോ, വേണ്ടയോ എന്നതില്‍ നിര്‍ണായകമാവുക.

ഒപ്പം പുതിയ ട്രെയിന്‍ എന്ന നിലയ്ക്ക് പുതുക്കിയ ടൈം ടേബിളും പുറത്തിറക്കേണ്ടതുണ്ട്. മറ്റു ട്രെയിന്‍ സര്‍വീസുകളെ ബാധിക്കാത്ത വിധത്തില്‍ രാജ്യറാണി എക്‌സ്പ്രസിന് ഓടാനുള്ള സമയം കണ്ടെത്തണം. അതിനായി അടുത്ത മാസം ചേരുന്ന ടൈം ടേബിള്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിഷയം വരേണ്ടതുണ്ട്. എല്ലാം ഒത്തു ചേര്‍ന്നാല്‍ ഈ റയില്‍വേ ബജറ്റില്‍ തന്നെ രാജ്യറാണി സ്വതന്ത്ര ട്രെയിനാക്കി പ്രഖ്യാപനം വന്നേക്കും.

Sharing is caring!