ചുറ്റുമുള്ള പെണ് ജീവിതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന അധ്യാപികയുടെ കുറിപ്പ് വൈറല്‍
മലപ്പുറം: ചുറ്റുമുള്ള പെണ് ജീവിതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു. പൊന്നാനി എംഇഎസ് കോളേജ് അധ്യാപികയായ അമീറയുടെ ‘ഇങ്ങനെയും കുറച്ചു പെണ്‍ജീവിതങ്ങള്‍ ഉണ്ട്’ എന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു. പുരുഷന്റെ എല്ലാ പരിമിതികളെയും അംഗീകരിച്ച് ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ അനുഭവം, മറ്റൊരുത്തിയെ പ്രേമിച്ചവനെ കെട്ടാന്‍ വിധിക്കപ്പെട്ടവള്‍, 15 കൊല്ലം ലൈംഗികശേഷി ഇല്ലാത്തവനെ സഹിച്ചവള്‍, പ്രസവിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ അടുത്ത ബന്ധം കാണേണ്ടി വന്നവള്‍, കിടപ്പിലായപ്പോള്‍ വീണ്ടും കെട്ടിയ ഭര്‍ത്താവിനെ സഹിക്കേണ്ടി വന്നവള്‍, ഇവരുടെയെല്ലാം ചോദ്യശരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സമൂഹത്തിലേക്കാണ്.
അമീറയുടെ പോസ്റ്റ്:
ഇങ്ങനെയും കുറച്ചു പെണ്‍ജീവിതങ്ങള്‍ ഉണ്ട്
പൊരിച്ച മീന്‍ എന്ന പ്രിവിലേജ് സിംബല്‍ ഇപ്പോഴും ദഹിക്കാത്തവര്‍ അറിയാന്‍ ചില ഉദാഹരണങ്ങള്‍…
ചുറ്റുവട്ടത്തും കാണുന്ന ജീവിതങ്ങളില്‍ നിന്ന് അരിച്ചെടുത്തത് …
കഥ 1
അത്യാവശ്യം നന്നായി പഠിക്കുന്ന സാമാന്യം സുന്ദരിയായ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിക്കുന്നു. കൂട്ടുകാരോടും കസിന്സിനോടും ഭാവി വരന്റെ മേന്മകളും തന്റെ സ്വപ്നങ്ങളും ഒക്കെ വര്‍ണിച്ചു പൂത്തിരി കത്തിച്ച പോല്‍ പെണ്‍കുട്ടി… ഏഴു സുന്ദര രാത്രികള്‍ ഒക്കെ പാടി മുന്നോട്ട് പോകുന്നതിനിടയിലാണ് ഒരു ഫോണ്‍ കാള്‍ വരുന്നത്…
നമ്മുടെ ഹീറോയുടെ വേറെ പ്രണയിനി (നിങ്ങള്‍ എംസിപ്പീസ് സെറ്റപ് എന്നൊക്കെ പറയുന്ന ആ ഐറ്റം ഉണ്ടല്ലോ ലവള് തന്നെന്ന്) ആണ് അങ്ങേ തലക്കല്‍.
ഭര്‍ത്താവും രണ്ട് കുട്ടികളും ഉള്ള അവര്‍…അങ്ങേയറ്റം അസംതൃപ്തമായ വിവാഹ ജീവിതം നയിക്കുന്ന അവര്‍ നമ്മുടെ കഥാനായകന്റെ മോഹന വാഗ്ദാനങ്ങളില്‍ ആകൃഷ്ടയാകുന്നു.രാത്രി കാലങ്ങളില്‍ ഭര്‍തൃവീട്ടിലും ആളില്ലാത്ത ദിവസങ്ങളില്‍ കഥാനായകന്റെ വീട്ടിലും പിന്നെ ഊട്ടിയിലും വയനാടുമൊക്കെയായി പുഷ്പിച്ച പ്രണയം സദാചാര ആങ്ങളമാര് കയ്യോടെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നു. കഥാനായകന് മാപ്പൊക്കെ പറഞ്ഞു സ്വന്തം വീട്ടില്‍ ഒന്നും അറിയാത്ത പോലെ തിരിച്ചെത്തി.
ഭര്‍തൃമതി ഭര്‍ത്താവ് ഇല്ലാത്ത മതിയായി സ്വന്തം വീട്ടിലേക്കും. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും താന്‍ കെട്ടിക്കോളാമെന്നു ഉറപ്പു പറഞ്ഞു കഥാനായകന് തന്റെ പ്രണയലീലകള്‍ തുടരുന്നു. അതിനിടയില്‍ ആണ് കാര്യങ്ങള്‍ എല്ലാം അറിഞ്ഞ കഥാനായകന്റെ വീട്ടുകാര്‍ മറ്റേ രാക്ഷസിയുടെ കയ്യില്‍ നിന്നവനെ മോചിപ്പിയ്ക്കാനായി ‘അടക്കവും ഒതുക്കവുമുള്ള’ പെണ്‍കുട്ടിയെ കണ്ടെത്തുന്നു. ആ പെണ്‍കുട്ടിക്കാണ് ഞാന്‍ നേരത്തെ പറഞ്ഞ ഫോണ്‍ കാള്‍ വരുന്നത്. കാമുകന്റെ വാഗ്ദാനം കേട്ട് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച യുവതി ആണ് ഇങ്ങേ തലക്കല്‍. ഇടയില്‍ വെച്ചു വീട്ടുകാരുടെ ഭീഷണി കേട്ട് ഭയന്ന കഥാനായകന് വാഗ്ദാനത്തില്‍ മാറ്റം വരുത്തുന്നു. വേറെ കല്യാണം കഴിച്ചാലും ബന്ധം തുടരും ആരും അറിയാതെ രണ്ടാം ഭാര്യ ആക്കാം.
കാമുകനെ വിശ്വസിച്ചു അബദ്ധം പറ്റിയത് മനസിലായപ്പോള്‍ ആണ് കാമുകി ഇതൊന്നും അറിയാത്ത കഥാനായികയേ വിളിച്ചു കാര്യങ്ങള്‍ പറയുന്നത്.
പിന്നെ കാര്യങ്ങള്‍ക്കു ചൂട് പിടിക്കുന്നു രണ്ട് വീട്ടുകാരും തമ്മില്‍ വാക്പയറ്റ്, കാമുകിയെ വിളിച്ചു ഭീഷണിപ്പെടുത്തല്‍, പരസ്പരം കുറ്റപ്പെടുത്തല്‍ കരച്ചില് നെഞ്ചത്തടി
കഥാനായകനെ വീട്ടില്‍ നിന്ന് ഇറക്കി വിടല്‍…ബഹളം കണ്ടവര്‍ വിചാരിച്ചു എല്ലാം കഴിഞ്ഞെന്നു…
കാമുകിക്ക് വേണ്ടി യാതന അനുഭവിക്കുന്ന നായകനോട് കല്യാണം ഉറപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും പിന്നീട് തോന്നുന്ന സിമ്പതി ആണ് രണ്ടാംഘട്ടം.
കാമുകന് രാത്രികാലങ്ങളില്‍ മതില് ചാടിയതിനും മറ്റെല്ലാ കറക്കത്തിനും പിന്നിലുള്ള ആ മഹാ രഹസ്യം എല്ലാവരും കൂടെ കണ്ടു പിടിക്കുന്നു… കൈ വിഷമാണ് കൈവിഷം…
ആ പെണ്ണ് അവനു രാത്രി മതില് ചാടി വന്നപ്പോള്‍ കൊടുത്ത ജ്യൂസില്‍ കൈ വിഷം കലക്കി കൊടുത്തു… ബാക്കി നടന്നതെല്ലാം അവന് അറിഞ്ഞിട്ടേയില്ല. ബാക്കി എല്ലാം ചെയ്തത് മറ്റവന് അല്ലെ നമ്മുടെ കൈവിഷം…
അതുകൊണ്ട് എല്ലാവരും കൂടെ അവനെ കുടിച്ച കൈവിഷം ഇറക്കിക്കാന്‍ ആയി ആദ്യം ഉറപ്പിച്ച കല്യാണം തന്നെ കഴിപ്പിക്കാന്‍ തീരുമാനിക്കുന്ന്നു.കൈവിഷം ഇറക്കിക്കുന്ന വൈദ്യന്റെ റോള്‍ അഭ്യസ്ത വിദ്യയായ നമ്മുടെ പെണ്‍കുട്ടി സ്വമേധയാ ഏറ്റെടുക്കുന്നു..കഥാനായകനും കാമുകിയും പണ്ടേ പോലെ എല്ലാരേയും വെട്ടിച്ചു പ്രണയ ലീലകള്‍ തുടരുന്നു.
ചോദ്യം… ഈ കല്യാണം ഉറപ്പിക്കല്‍ കഥയില്‍… മറ്റൊരു ബന്ധം ഉള്ളത് ഈ പെണ്‍കുട്ടിക്കായിരുന്നെങ്കില്‍,എനിക്ക് ഭാര്യയും മക്കളും ഉള്ള ഒരു പുരുഷന് കൈ വിഷം തന്നു എന്നെ ഉപയോഗിച്ചതാണ്.. ഞാന്‍ അത് തുപ്പിക്കളഞ്ഞു നല്ല ഭാര്യയായിരുന്നു കൊള്ളാം എന്ന് അവള് പറഞ്ഞിരുന്നെങ്കില്‍ എത്രത്തോളം ആ കഥ അക്സെപ്റ് ചെയ്യപെടുമായിരുന്നു?എന്തായിരിക്കും പിന്നീട് കുടുംബത്തിലും സമൂഹത്തിലും അവളുടെ സ്ഥാനം?
അവള് കഥാനായകന് വേണ്ടി കാണിച്ച വിശാലത അവള്‍ക് വേണ്ടി അവന് തിരിച്ചു കാണിക്കുമോ?
അവളുടെ വീട്ടുകാര്‍ എല്ലാം ശുഭം എന്ന് പറഞ്ഞപോലെ തിരിച്ചു അവന്റെ വീട്ടുകാര്‍ പറയുമായിരുന്നോ?
കഥ 2
സമൂഹത്തില്‍ അറിയപ്പെടുന്ന, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ, സുന്ദരിയായ, വളരെ അഭിമാനിക്കത്തക്ക ജോലിയുള്ള യുവതി…
വിവാഹം കഴിഞ്ഞു ആഴ്ചകള്‍ക്കകം അറിയുന്നു ഭര്‍ത്താവിന് മാറാരോഗം ആണെന്നും ലൈംഗിക ശേഷി നഷ്ടമായതാണെന്നും. തന്റെ ശമ്പളം കൊണ്ട് വീട് വെച്ച് ഭര്‍ത്താവിനെ ചികിത്സിച്ചു വിവാഹജീവിതത്തിന്റെ പതിനഞ്ചാം വര്‍ഷത്തിലും ഉത്തമഭാര്യയായി കന്യകയായി പരാതിയില്ലാതെ ജീവിക്കുന്നവള്‍.
എന്നിട്ടും അവളോട് മോശമായി പെരുമാറുന്ന സംശയത്തോടെ പെരുമാറുന്ന പരസ്യമായി ചീത്ത വിളിക്കുന്ന ഒന്ന് കൂടെ ഇരിക്കുക പോലും ചെയ്യാത്ത ഭര്‍ത്താവ്. പലപ്പോഴും സഹിക്കവയ്യാതെ ഡിവോഴ്സ് ചെയ്യുന്നതിനെ കുറിച്ചു ആലോചിക്കുന്ന ഭാര്യയോട് ഉത്തമ പത്നീ ലക്ഷണങ്ങളും കടമയും കര്‍ത്തവ്യവും ഒക്കെ സൗജന്യമായി പഠിപ്പിക്കുന്ന വീട്ടുകാരും നാട്ടുകാരും…
ചോദ്യം… ശാരീരിക ബന്ധം സാധ്യമാകാത്തത് ഭാര്യക്കായിരുന്നെങ്കില് കുട്ടികള്‍ ഉണ്ടാകാത്തത് അവള്‍ക്കാണെങ്കില്‍ എന്തായിരുന്നിരിക്കും ഭര്‍ത്താവിന് നാട്ടാരും വീട്ടാരും കൊടുക്കുന്ന ഉപദേശം?
ബന്ധം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നത് ഭര്ത്താവായിരുന്നെങ്കില് സമൂഹം ഭാര്യയോട് കാണിക്കുന്ന അതെ മനോഭാവം അയാളോട് കാണിക്കുമോ?
കഥ 3
വിവാഹം കഴിഞ്ഞു ഭര്‍ത്താവും ഭാര്യയും വിദേശത്തു. ഗര്‍ഭിണിയായ ഭാര്യ പ്രസവത്തിനായി നാട്ടില്‍ വരുന്നു. ഒരു കൊല്ലം കഴിഞ്ഞു കുഞ്ഞിനെ കാണാന്‍ വരുന്ന ഭര്‍ത്താവ് പറയുന്നു. എനിക്കൊരു മുതിര്‍ന്ന മക്കളുള്ള വിവാഹമോചിതയായ സ്ത്രീയുമായി വര്‍ഷങ്ങള്‍ ആയി ബന്ധമുണ്ട്. അവരെ ഉപേക്ഷിക്കാന്‍ വയ്യ.രണ്ട് പേരും സപത്നികള്‍ ആയി കഴിയാന്‍… കുഞ്ഞു ആയതു കൊണ്ട് അതും പിറന്നത് പെണ്‍കുഞ്ഞായതു കൊണ്ട് ഇനി ഇപ്പോള്‍ വഴക്കൊന്നും വേണ്ട… ആണുങ്ങള്ക്കിതൊന്നും വല്യ കാര്യമല്ല എന്ന് ഉപദേശികള്‍…
ചോദ്യം… ഭാര്യക്ക് ആണ് അങ്ങിനെ ഒരു ബന്ധം ഉണ്ടാകുന്നതെങ്കില്‍
വിവാഹമോചനം അരുത് എന്ന് എത്ര പേര് ഉപദേശിക്കും?
കഥ 4
ഭാര്യയും ഭര്‍ത്താവും മക്കളും എല്ലാം സുഖമായി ജീവിക്കുന്നതിനിടെ ആക്സിഡന്റില്‍ പെട്ട് ശയ്യാവലംബി ആകുന്ന ഭാര്യ…
ഭാര്യയെയും മക്കളെയും അവളുടെ വീട്ടിലേക്ക് അയച്ചു വേറെ ഒരു ചെറുപ്പകാരിയെ കെട്ടുന്ന ഭര്‍ത്താവ്
ഭര്‍ത്താവിന്റെ അപദാനങ്ങള്‍ ഏറ്റു പാടുന്ന നാട്ടുകാരുടെ ന്യായം…
അവള് കിടപ്പിലായെങ്കിലും അവള്‍ക്കും മക്കള്‍ക്കും അവന് മാസം തോറും ചിലവിനു കൊടുക്കുന്നുണ്ടല്ലോ. അവന് സ്നേഹമുള്ളോനാ…
ചോദ്യം…
ആക്സിഡന്റ് പറ്റി കിടപ്പിലായത് ഭര്ത്താവായിരുന്നെങ്കില് വേറെ കല്യാണം കഴിക്കുന്ന ഭാര്യക്ക് നമ്മുടെ സമൂഹം നല്കുമായിരുന്ന പേരുകള്‍?
കഥ 5
നാലാമതും വിവാഹിതനായ തൊണ്ണൂറുകാരന്..ആദ്യ മൂന്നു ഭാര്യമാരും മരണപെട്ടതാണ്. ഒരാള്‍ മരിച്ചപ്പോള്‍ അടുത്തത് അടുത്തത്…അങ്ങിനെ …
വയസ്സ് കാലത് നോക്കാന്‍ ആള് വേണ്ടേ എന്ന ന്യായം അംഗീകരിക്കാം. യാതൊരു മടിയുമില്ല.
ചോദ്യം… അദ്ദേഹത്തിന്റെ പകുതി വയസ്സുള്ള സ്ത്രീ വിധവയാകുമ്പോള്‍ അവരെ പുനര്‍വിവാഹം കഴിപ്പിക്കാന്‍ ഈ ഉത്!സാഹം കാണാത്തതെന്ത്? വയസ്സുകാലത്തു പരിഗണനയും കരുതലും ആഗ്രഹിക്കുന്നതിലും ലിംഗ വിവേചനം ഉണ്ടോ?
പൊരിച്ച മീനിലൂടെ റിമ പറയാന്‍ ശ്രമിച്ചത് മനസിലാകാത്തവര്‍ക്ക് അവരെ ട്രോളുന്നവര്‍ക്കു ചില കഥകള്‍ പറഞ്ഞു തന്നെന്നു മാത്രം…
എത്ര മോശമാണ് നിങ്ങളില്‍ പലരും എത്ര സ്വാര്‍ത്ഥരാണ് നിങ്ങളില്‍ പലരും എന്ന് സ്വയം ചിന്തിക്കാന്‍ ഒരു അവസരം
ഛില ശ െിീ േയീൃി ംീാമി യൗ േൃമവേലൃ യലരീാല െമ ംീാമി … ടശാീി റല ആലമൗ്ീശൃ …സമൂഹമാണ് നിങ്ങള്‍ സ്ത്രീയെന്നു വിളിക്കുന്ന ജീവിയെ സൃഷ്ടിക്കുന്നതെന്ന് അവര്‍ തുടര്‍ന്ന് പറയുന്നു..
അതുപോലെ ഇന്ന് നിങ്ങള്‍ പുച്ഛത്തോടെ ട്രോളുന്ന ഫെമിനിച്ചികളെ സൃഷ്ടിക്കുന്നതും നിങ്ങള്‍ തന്നെ…
ജനിച്ചു വീണ നിമിഷം പെണ്‍കുഞ്ഞെന്നു കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ചും ആദ്യ കുഞ്ഞു പെണ്‍കുഞ്ഞെന്നു കേള്‍ക്കുമ്പോള്‍ തുടങ്ങുന്ന ഇഷ്ടക്കേട് തുടങ്ങി
പകര്‍ന്നു കിട്ടുന്ന മുലപ്പാലിലും ഭക്ഷണത്തിലും വസ്ത്രത്തിലും വിദ്യാഭ്യാസത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലും സ്വത്തവകാശത്തിലും വരെ കാണിക്കുന്ന വിവേചനങ്ങളില്‍ നിന്നാണ് ഇവിടെ ഫെമിനിച്ചികള്‍ ഉണ്ടായത്…
പൊരിച്ച മീന്‍ ഒരു സിംബല്‍ മാത്രമാണ്… സ്ത്രീകളോട് കാലങ്ങളായി കാണിക്കുന്ന വിവേചനത്തിന്റെ മാത്രമല്ല അനര്‍ഹമായി ഒരു കൂട്ടര് അനുഭവിച്ച പ്രിവിലേജുകളുടെയും…ഈ പ്രിവിലേജ് ഉപഭോക്താക്കള്‍ക്ക് അഭിമാനിക്കത്തക്കതായി ഒന്നുമില്ല എന്നാല്‍ തിരിച്ചു എല്ലാ അനീതികളോടും പോരാടി മുന്നേറുന്നവര്‍ക്ക് അഭിമാനിക്കാന്‍ ഒട്ടുണ്ട് താനും…
കാല് ചുവട്ടില്‍ നിന്ന് ആണധികാരത്തിന്റെ മണ്ണ് ഒലിച്ചു പോകും എന്ന് ഭയപ്പെടുന്നവര്‍ക്ക്
സ്വന്തം ചെവിക്കു പുറകില്‍ ചോദ്യ കുഴലിന്റെ തണുപ്പ് അറിഞ്ഞു തുടങ്ങുന്നവര്‍ക്കു
വീടുകളില്‍ പാത്രം തേച്ചും അലക്കിയും പരുക്കമായി പോയ കൈകളില്‍ നിന്ന് സ്വാനുഭവങ്ങള്‍ വെടിയുണ്ടകളായി നിങ്ങള്‍ക്കു നേരെ പായിക്കുന്നത് കണ്ട് ഭീതി പൂണ്ടവര്‍ക്ക്
അവര്‍ക്കു ഈ പൊരിച്ച മീന്‍ ഏത് നശീകരണ ആയുധത്തേക്കാളും പ്രഹരമേല്പിക്കാന് പോന്നതാണ്..
കാലങ്ങളായി ഏത് സ്വയം പ്രഖ്യാപിത അധികാര കസേരയിലാണോ അമര്‍ന്നിരുന്നത് … ഇനിയും ഞങ്ങളുടെ വരും തലമുറയിലെ ആണുങ്ങള് അഭിമാനത്തോടെ എക്കാലവും ഇരിക്കും എന്നാണോ പ്രതീക്ഷിച്ചത് ആ കസേരയാണ് പെണ്ണിന്റെ വാക്പ്രവാഹത്തില്‍ ആടിയുലയുന്നത്…
ഒരേ സമയം നാലും അഞ്ചും ഗേള്‍ ഫ്രണ്ട്സിനെ കൊണ്ട് നടന്നിട്ട് എന്റെ ഭാര്യക്ക് ഞാന്‍ വാട്സപ്പും ഫേസ്ബുക്കും ഒന്നും ഉപയോഗിക്കാന്‍ സമ്മതിക്കില്ല എന്ന് മേനി പറയുന്നവരും വീട്ടില്‍ പറയാതെ ഇഷ്ടമുള്ളിടത്തൊക്കെ രാപകല്‍ ഭേദമില്ലാതെ കറങ്ങാന്‍ പോകുകയും അപ്പുറത്തെ വീട്ടിലെ കുട്ടിക്ക് സുഖമില്ലെന്നു അറിഞ്ഞു വിവരം അന്വേഷിക്കാന്‍ പോയ ഭാര്യയെ കയ്യില്‍ കിട്ടിയതൊക്കെ എടുത്ത് പെരുമാറി എന്നൊക്കെ ഊറ്റം കൊള്ളുന്ന വരും ഒക്കെ പെണ് വാക് വ്യൂഹത്തില്‍ നിന്ന് പുറത്തു കടക്കാനാവാതെ പിടയുന്നത് കാണുന്നില്ലേ ?
അപ്പോള്‍ ഇത്തരം കൊഞ്ഞനം കുത്തലുകളും ഭീഷണികളും തെറി വിളികളും മാത്രമല്ല അതിനുമപ്പുറം പ്രതീക്ഷിക്കണം..
കാരണം അത് സ്വന്തം മനസാക്ഷി തന്നെ അവരെ തിരിഞ്ഞു ചോദ്യം ചെയ്യുമ്പോള്‍.. ഓര്‍മകളില്‍ നിന്ന് പൊരിച്ച മീനുകളും എല്ലിന്‍കഷ്ണങ്ങളും വന്നു വയറിനെ അസ്വസ്ഥമാകുമ്പോള്‍ ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ആണ്
തത്കാലം ക്ഷമിച്ചു കൊടുക്കാം…
ചികിത്സ ശരീരത്തിന് പിടിച്ചു തുടങ്ങുമ്പോള്‍ ഇങ്ങനെയും ഉണ്ടാകാം ചില എരിപൊരി സഞ്ചാരങ്ങള്‍ എന്ന് കരുതി.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]