മലപ്പുറം രാമപുരത്ത് കാനറാ ബാങ്കിന്റെ എ.ടി.എമ്മില്‍കവര്‍ച്ചാ ശ്രമം

മലപ്പുറം രാമപുരത്ത് കാനറാ ബാങ്കിന്റെ  എ.ടി.എമ്മില്‍കവര്‍ച്ചാ ശ്രമം

മലപ്പുറം: പാലക്കാട് -കോഴിക്കോട് ദേശീയപാതയ്ക്കു സമീപം രാമപുരത്തെ കാനറാ ബാങ്കിന്റെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം. എ.ടി.എമ്മിന്റെ ചില്ലുകള്‍ തകര്‍ത്താണ് മോഷണശ്രമം നടന്നിട്ടുള്ളത്.

വിദേശത്തു നടക്കുന്ന കവര്‍ച്ചാ രീതിയില്‍ വാഹനം കെട്ടി വലിച്ച് എടിഎം മെഷിന്‍ തന്നെ കടത്തി കൊണ്ടു പോയി പണം തട്ടാനാണു ശ്രമം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണു പൊലിസ്. എടിഎം പൂര്‍ണമായും തകര്‍ത്ത നിലയിലാണ്.

എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന. കരി ഓയില്‍ തേച്ച കള്ളന്റെ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു.സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം.

രാമപുരം കടുങ്ങപുരം റോഡില്‍ കരിമ്പനക്കല്‍ കോംപ്ലക്സിലാണ് എ.ടി.എം പ്രവര്‍ത്തിക്കുന്നത്. രാവിലെ നടക്കാനിറങ്ങിയവര്‍ എ.ടി.എം മുറിക്കു മുന്നില്‍ സാധനങ്ങള്‍ ചിതറിക്കിടക്കുന്നതു ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് ജീവനക്കാരും പൊലിസും എത്തി പരിശോധിച്ചു. എ.ടി.എമ്മിലെ ക്യാമറയില്‍ കറുത്ത നിറം സ്പ്രേ ചെയ്ത നിലയിലാണ്.

നാലു ദിവസം മുന്‍പു തേഞ്ഞിപ്പലം കോഹിനൂരിലും ഇതേ രീതിയില്‍ മോഷണ ശ്രമം നടന്നിരുന്നു. അന്ന് എസ്.ബി.ഐയുടെ എ.ടി.എമ്മാണ് കവര്‍ച്ചാ ലക്ഷ്യമായത്. അന്നും പണം നഷ്ടമായില്ല.

Sharing is caring!